പ്രതിപക്ഷ സമരങ്ങൾക്കിടെ ന്യൂഡൽഹിയിൽ നിരോധനാജ്ഞ; അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടരുതെന്ന് പൊലീസ്
ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ നടക്കാനിരിക്കെ BNSS 163 പ്രകാരം നിയന്ത്രണം; മാർച്ച്, ധർണ, പിക്കറ്റിങ് എന്നിവയ്ക്കും നിയന്ത്രണം
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും പ്രതിഷേധങ്ങൾ നടക്കാനിരിക്കെ ന്യൂഡൽഹി ജില്ലയിൽ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 163-ാം വകുപ്പ് പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ അഞ്ചോ അതിലധികമോ പേർ ഒത്തുകൂടുന്നത്, പ്രകടനങ്ങൾ, മാർച്ചുകൾ, ധർണകൾ, പിക്കറ്റിങ് തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. അനുമതിയില്ലാതെ മുദ്രാവാക്യം വിളിക്കുന്നതിനും പ്രസംഗങ്ങൾ നടത്തുന്നതിനും നിയന്ത്രണമുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ എസ്.ഐ.ആർ (Special Intensive Revision) നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചും ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. എ.ഐ.എസ്.എ, രാജ്യസഭാംഗം മനോജ് ഝാ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യൻ യൂത്ത് കോൺഗ്രസും ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ഒക്ടോബർ 2 മുതൽ 8 വരെ രാജ്യവ്യാപകമായി ‘സേവ് ഡെമോക്രസി’ ക്യാമ്പയിന്റെ ഭാഗമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് INDIA സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. ജന്തർ മന്തറിലേക്കുള്ള പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ്, റിസർവ് സേന, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, കേന്ദ്ര സായുധ പൊലീസ് സേന എന്നിവയുൾപ്പെടെ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് റിപ്പോർട്ട്.
ജന്തർ മന്തറിന് സമീപമുള്ള റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോൺനോട്ട് പ്ലേസ്, പട്ടേൽ ചൗക്ക്, ജി.പി.ഒ, ടോൾസ്റ്റോയ് മാർഗ്, ജന്തർ മന്തർ റോഡ്, പാർലമെന്റ് സ്ട്രീറ്റ് തുടങ്ങിയ മേഖലകളിൽ ഗതാഗതം നിയന്ത്രിക്കുകയോ തിരിച്ചുവിടുകയോ ചെയ്യുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡൽഹി മെട്രോയിലെ 11 സ്റ്റേഷനുകളിൽ പ്രവേശനവും പുറത്തേക്കുള്ള സൗകര്യവും താൽക്കാലികമായി അടച്ചിട്ടുണ്ട്. രാജീവ് ചൗക്ക്, മണ്ടി ഹൗസ്, ഐ.എൻ.എ, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങിയ ചില സ്റ്റേഷനുകളിൽ ഇന്റർചേഞ്ച് സൗകര്യം തുടരുമെന്ന് അധികൃതർ അറിയിച്ചു.
പ്രതിഷേധത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിലും സംഘാടകർ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതോടെയാണ് ന്യൂഡൽഹി ജില്ലയിൽ പോലീസ് സുരക്ഷ കൂടുതൽ ശക്തമാക്കിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)