എക്സാലോജിക് ഇടപാട് അന്വേഷണം ശക്തമാക്കി ഇ.ഡി.; റിയാസുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും പരിശോധന
എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട്ട് റിയാസുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി. നടത്തിയ പരിശോധന പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു.
വീണ വിജയന്റെ എക്സാലോജിക് കമ്പനിയിലെത്തിയ പണത്തിന്റെ സ്രോതസ്സും പോയ വഴികളും സാമ്പത്തിക ഇടപാടുകളും കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി ഇ.ഡി. പരിശോധനകൾ ശക്തമാക്കിയിരിക്കുന്നു. റിയാസിന്റെ ഭാര്യ വീണ വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ നിന്ന് നേരത്തെ ഇ.ഡി. പിടിച്ചെടുത്ത ഡയറിയിൽ നിന്ന് ലഭിച്ച സാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ വലിയൊരു കൊള്ളസംഘം തന്നെ ഇതിന് പിന്നിലുണ്ടെന്നും, ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ എവിടെയെല്ലാം പൂഴ്ത്തിവെച്ചിട്ടുണ്ടെന്നും എവിടെയെല്ലാം വിനിയോഗിക്കുന്നുണ്ടെന്നും സംബന്ധിച്ച വ്യക്തമായ സൂചന ഇ.ഡിക്ക് ലഭിച്ചുകഴിഞ്ഞു. ഇതുവഴി കൂടുതൽ വ്യക്തമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. എക്സാലോജിക് കമ്പനി വഴി കൈപ്പറ്റിയ പണം എവിടേക്കാണ് വകമാറ്റിയത് എന്നും, ഈ പണം ഉപയോഗിച്ച് കൈമാറ്റങ്ങളോ നിക്ഷേപങ്ങളോ നടത്തിയിട്ടുണ്ടോ എന്നും കണ്ടെത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. അതിന്റെ ഉത്തരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളെയാണ് കോഴിക്കോട്ട് കണ്ടെത്തിയിരിക്കുന്നത്. അതിൽ മുഖ്യമന്ത്രിയുടെ മരുമകനും വീണയുടെ ഭർത്താവുമായ മുൻ മന്ത്രി റിയാസുമായി അടുത്ത ബന്ധമുള്ള സി.പി.ഐ.എം. നേതാവ് പി. നിഖിൽ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻ കോ-ഓർഡിനേറ്റർ നന്ദുലാൽ, ഷൈജൽ, ഫൈസാജ് തുടങ്ങിയവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. ഇതിൽ പലരുടെയും പേരുകൾ ഡയറിയിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
അപ്പോൾ, വീണ വഴിവിട്ട രീതിയിൽ സമ്പാദിച്ച പണം സുഹൃത്തുക്കളുടെയും അവരുടെ കമ്പനികളുടെയും വഴി പുറത്തേക്ക് എത്തിച്ച്, ആ ബിസിനസ് വഴിയും പണം സമ്പാദിച്ചുവരികയാണെന്ന ആരോപണമാണ് ഉയരുന്നത്. അതിന്റെ രഹസ്യമാണ് കോഴിക്കോട്ട് ചുരുളഴിഞ്ഞുവന്നത്. പണം വകമാറ്റാൻ ഈ കമ്പനികൾ ഉപയോഗിച്ചിട്ടുണ്ടെന്നതാണ് ഏകദേശം കണ്ടെത്തിയത്. അതായത്, സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടിൽ ലഭിച്ച 2.78 കോടി രൂപയുടെ വിവരങ്ങൾ തേടിയുള്ള റെയ്ഡിൽ ലഭിച്ച രേഖകൾ വീണയുടെയും പിണറായിയുടെയും മാത്രമല്ല, റിയാസിന്റെയും പങ്ക് വ്യക്തമാക്കുന്നതാണെന്ന ആരോപണമാണ് ഉയരുന്നത്. റെയ്ഡ് നടന്ന സ്ഥലങ്ങളിൽ ഭൂരിഭാഗവും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടേതാണ് എന്നത് ഇതിനകം തന്നെ വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. പാർട്ടിക്കകത്തും ഇത് ചർച്ചയായിട്ടുണ്ട്. ഇനിയും റിയാസ് ഇത്തരം തട്ടിപ്പുമായി മുന്നോട്ട് പോയാൽ പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുമെന്നും ഉറപ്പായിക്കഴിഞ്ഞുവെന്ന തരത്തിലുള്ള വാദങ്ങളും ഉയരുന്നുണ്ട്.
പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കുന്നതാണ് റെയ്ഡ്. കാരണം, പിണറായിയും കുടുംബവും നടത്തുന്ന തട്ടിപ്പ് പാർട്ടിക്ക് വലിയ തലവേദനയാകുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇവർ മാത്രമല്ല, പാർട്ടിയുടെ പ്രധാന ഭാരവാഹികളെ ഉപയോഗിച്ചാണ് ഈ കുടുംബം തട്ടിപ്പ് നടത്തുന്നതെന്നതിന് കൂടുതൽ ബലം നൽകുന്ന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.അതായത്, പി.എ. മുഹമ്മദ് റിയാസ് എം.എൽ.എയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ എട്ട് ഇടങ്ങളിൽ റെയ്ഡ് നടത്തിയപ്പോൾ, അതിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി. നിഖിലിന്റെ ഫ്ലാറ്റിലും കെ.സി.കെ. ഡെന്റൽ ഉടമയും റിയാസിന്റെ സഹപാഠിയുമായ ഷൈജലിന്റെ അപ്പാർട്ട്മെന്റിലും ഏറെ സമയം റെയ്ഡ് നടത്തിയതായി പറയുന്നു. അവിടെ നിന്ന് വലിയ രഹസ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത് മാത്രമല്ല, എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വീണയുടെ ഡയറിയിൽ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാർട്ടിയുടെ സഹകരണത്തിലുള്ള പരസ്യ സ്ഥാപനത്തിലും അതിന്റെ ഉടമകളുടെ വസതികളിലും റെയ്ഡ് നടത്തിയതും പാർട്ടിക്ക്, പ്രത്യേകിച്ച് റിയാസിന്റെ പങ്കിനെക്കുറിച്ച്, ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചതെന്നാണ് അറിയുന്നത്. അതിൽ ലഭിച്ച വിവരങ്ങൾ റിയാസിനെയും പൂട്ടാനുള്ള എല്ലാ വകുപ്പുകളും ഉണ്ടെന്ന് വ്യക്തമാകുന്നതായും അവകാശപ്പെടുന്നു.
അപ്പോഴും കോഴിക്കോട്ടെ സി.പി.എം. നേതൃത്വം ഈ ആരോപണവിധേയരെ സഹായിക്കാൻ രംഗത്തുവരുന്നത് പാർട്ടിയിൽ വലിയ തിരിച്ചടിക്ക് സാധ്യതയേറുകയാണ്. അതോടെ സാധാരണ പാർട്ടി പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതകളും ഏറിവരികയാണ്. കോഴിക്കോട്ടെ സി.പി.എമ്മിൽ അതിശക്തമായ വിഭാഗീയത നിലനിൽക്കുമ്പോൾ, റിയാസിനെയും സംഘത്തെയും കുടുക്കാൻ മറ്റു പാർട്ടിക്കാരുടെ സഹായം വേണ്ട എന്നുള്ള സാഹചര്യമാണുള്ളതെന്നും വാദമുണ്ട്. ഏതായാലും, മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ മകൾക്കല്ല, ആ മുഖ്യമന്ത്രിക്ക് തന്നെയാണ് പണം കൈമാറിയതെന്ന് കരിമണൽ കർത്താ വ്യക്തമാക്കിയ സാഹചര്യത്തിൽ അച്ഛനും മകളും കുടുങ്ങുമെന്നുറപ്പായെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഇപ്പോൾ മരുമകൻ റിയാസ് എം.എൽ.എയും കുടുങ്ങുന്നതോടെ ആ കുടുംബം പൂർണമായും അകത്തേക്ക് എന്നതിന്റെ സൂചനയാണ് ഇന്നലത്തെ റെയ്ഡോടുകൂടി ലഭിച്ചിരിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)