‘തന്നെ ആവശ്യമില്ലെങ്കിൽ ഒഴിവാക്കിക്കോളൂ’; സഞ്ജുവിന്റെ പ്രതികരണം അദ്ഭുതപ്പെടുത്തിയെന്ന് സൂര്യകുമാർ യാദവ്
മുംബൈ: ലോകകപ്പ് വേദിയിൽ സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റിനിർത്തുക എന്നതായിരുന്നു തന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ നിസ്വാർഥമായ നിലപാടിനെക്കുറിച്ച് സൂര്യകുമാർ മനസ്സ് തുറന്നത്.

ടീം ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സഞ്ജുവിനോട് ടീമിലെ അന്നത്തെ കോമ്പിനേഷൻ അനുസരിച്ച് പ്ലെയിങ് ഇലവനിൽ അവസരം നൽകാൻ പ്രയാസമായിരിക്കുമെന്ന് തുറന്നുപറഞ്ഞത്. എന്നാൽ ഇതിനോട് സഞ്ജു പ്രതികരിച്ച രീതി തന്നെ പൂർണ്ണമായും അദ്ഭുതപ്പെടുത്തി കളഞ്ഞു. "രാജ്യത്തിന് കിരീടം നേടാൻ ഏത് തീരുമാനമാണോ മികച്ചത്, അത് ധൈര്യമായി എടുത്തോളൂ. എപ്പോൾ ആവശ്യമുണ്ടെങ്കിലും ഞാൻ സജ്ജനായി കൂടെയുണ്ടാകും. കളിയിൽ പങ്കെടുക്കുന്നു എന്ന മനോഭാവത്തോടെ തന്നെയായിരിക്കും എന്റെ പരിശീലനവും" എന്നായിരുന്നു സഞ്ജു നൽകിയ മറുപടി. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയ നിമിഷമായിരുന്നു അതെന്നും സ്വാർഥതയില്ലാത്ത മനുഷ്യരും നമുക്കിടയിലുണ്ടെന്ന് താൻ തിരിച്ചറിഞ്ഞ സംഭവമായിരുന്നു അതെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.

ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ മികച്ച ഫോമിലായിരുന്ന ഇഷാൻ കിഷനായിരുന്നു അവസരം ലഭിച്ചിരുന്നത്. എന്നാൽ തുടർ മത്സരങ്ങളിലെ മോശം തുടക്കവും അഭിഷേക് ശർമയുടെ കായികക്ഷമതാ പ്രശ്നങ്ങളും സഞ്ജുവിന് മുന്നിൽ വീണ്ടും അവസരമൊരുക്കി. ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു നോക്കൗട്ട് പോരാട്ടങ്ങളിലടക്കം തകർപ്പൻ പ്രകടനവുമായി ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിക്കുകയും ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സഞ്ജു മോശം ഫോമിലൂടെ കടന്നുപോയ സമയങ്ങളിലും തനിക്കും കോച്ചിനും അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും സൂര്യകുമാർ വെളിപ്പെടുത്തി. 2024-ലെ ശ്രീലങ്കൻ പര്യടനത്തിലെ തിരിച്ചടികൾക്ക് ശേഷം ദുലീപ് ട്രോഫിക്കിടെ സഞ്ജുവിനെ കണ്ടപ്പോൾ "തുടർച്ചയായി ഏഴ് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായാലും എട്ടാമത്തെ മത്സരത്തിലും നിന്നെ ടീമിലെടുക്കും" എന്ന വലിയ ഉറപ്പാണ് നൽകിയിരുന്നതെന്നും സൂര്യകുമാർ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)