മെസ്സിക്കായി സ്‌പെയിനിലേക്ക് പോയത് എന്തിന്? യാത്രയുടെ ലക്ഷ്യമെന്ത്- വിശദീകരണവുമായി മുൻ മന്ത്രി അബ്‌ദുറഹിമാൻ
Former Kerala Sports Minister V Abdurahiman explains that the Spain trip involved broader sports collaborations and says the Argentina match initiative followed official procedures without financial liability for the state government
തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി സ്‌പെയിനിലേക്ക് നടത്തിയ യാത്രയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ വിശദീകരണവുമായി മുൻ കായിക മന്ത്രി വി. അബ്‌ദുറഹിമാൻ. സ്‌പെയിൻ യാത്ര അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ മാത്രമായിരുന്നില്ലെന്നും കായികമേഖലയിൽ വിവിധ അന്താരാഷ്ട്ര സഹകരണങ്ങൾ ലക്ഷ്യമിട്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അർജന്റീനയുടെ സോക്കർ സ്‌കൂളുകൾ കേരളത്തിൽ ആരംഭിക്കുക, ഫുട്‌ബോൾ അക്കാദമികൾ വികസിപ്പിക്കുക, പരിശീലകരുടെ പരിശീലനം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുക എന്നിവയും യാത്രയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നുവെന്നാണ് അബ്‌ദുറഹിമാന്റെ വിശദീകരണം. സ്‌പെയിനിലെ ലാ ലിഗ, സ്‌പെയിൻ ഹയർ സ്‌പോർട്‌സ് കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളുമായി കായിക വികസനവുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തിയതായി അദ്ദേഹം പറഞ്ഞു.
കായികവകുപ്പ് സെക്രട്ടറി, കായിക ഡയറക്ടർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി (AFA) ആശയവിനിമയം നടത്തിയതെന്ന് അബ്‌ദുറഹിമാൻ പറഞ്ഞു. ആദ്യം ഓൺലൈൻ ചർച്ചകൾ നടന്നു. ഇതിന് പിന്നാലെയാണ് മാഡ്രിഡിൽ നേരിട്ടുള്ള കൂടിക്കാഴ്ച നടന്നത്. തുടർന്നാണ് AFAയും സ്പോൺസറും തമ്മിലുള്ള കരാറിലേക്ക് കാര്യങ്ങൾ എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
കായികവൈദഗ്ധ്യ വികസനം, സ്പോർട്സ് സയൻസ്, ഗവേഷണം, കായികമേഖലയുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയ വിഷയങ്ങളിൽ സ്‌പെയിൻ ഹയർ സ്‌പോർട്‌സ് കൗൺസിലുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക സഹായം, പരിശീലന പാഠ്യപദ്ധതി പരിഷ്‌കരണം, പാരാ ഫുട്‌ബോൾ തുടങ്ങിയ മേഖലകളിൽ ലാ ലിഗ പ്രതിനിധികളുമായും ചർച്ച നടന്നതായി വ്യക്തമാക്കി.
“സർക്കാരിന് സാമ്പത്തിക ബാധ്യതയില്ല”
അർജന്റീന ടീമിന്റെ മത്സരം കേരളത്തിൽ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിലുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയതെന്ന് അബ്‌ദുറഹിമാൻ അവകാശപ്പെട്ടു. ഇതിലൂടെ സംസ്ഥാന സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
AFAയും സ്പോൺസറും തമ്മിലാണ് കരാർ ഒപ്പിട്ടതെന്നും സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കായിക-ധന മന്ത്രാലയങ്ങളുടെയും റിസർവ് ബാങ്കിന്റെയും അനുമതിയോടെ പൊതുമേഖലാ ബാങ്ക് വഴിയാണ് സ്പോൺസർ പണം കൈമാറിയതെന്നും മുൻ മന്ത്രി വ്യക്തമാക്കി.
ആദ്യം നിശ്ചയിച്ചിരുന്ന സ്പോൺസർ കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി പുതിയ സ്പോൺസറായി എത്തിയതെന്നാണ് അബ്‌ദുറഹിമാന്റെ വിശദീകരണം.
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോൺസർക്ക് സ്റ്റേഡിയത്തിന്റെ അവകാശം നൽകിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനായി മാത്രം സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറാനാണ് തീരുമാനിച്ചതെന്നും സ്റ്റേഡിയം തയ്യാറാക്കുന്നതിന്റെ സാമ്പത്തിക ബാധ്യത സ്പോൺസർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
2023ലെ കായികനയത്തിന്റെ ഭാഗമായി കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനാണ് വിദേശ സഹകരണങ്ങൾക്ക് പ്രാധാന്യം നൽകിയതെന്നും അബ്‌ദുറഹിമാൻ പറഞ്ഞു. 2025–26 ബജറ്റിൽ വിദേശ സഹകരണത്തിനായി 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ക്യൂബ, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റി, ഇറ്റലിയിലെ എ.സി മിലാൻ തുടങ്ങിയവരുമായി വിവിധ കായിക സഹകരണ പദ്ധതികൾ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയും മുൻ സർക്കാരിനെതിരെയും ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് അബ്‌ദുറഹിമാന്റെ ആരോപണം. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നേരിടുന്ന വിവിധ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് മെസ്സി വിഷയത്തെ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഉയർന്ന ആരോപണങ്ങൾക്ക് അന്നുതന്നെ മറുപടി നൽകിയിരുന്നുവെന്നും അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളിൽ ചട്ടങ്ങളും ഔദ്യോഗിക നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്നും അബ്‌ദുറഹിമാൻ ആവർത്തിച്ചു.