ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ മൊഴി നൽകിയ വി.ഒ. സാജനും ഷാജഹാനും വധഭീഷണി
വാട്ട്‌സ്ആപ്പ് കോളിലൂടെ ഭീഷണി; സന്തോഷ് കുമാറെന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വിളിച്ചതെന്ന് സാജൻ;
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ മൊഴി നൽകിയ കരാറുകാരൻ വി.ഒ. സാജന് വധഭീഷണി. സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് സാജൻ പരാതി നൽകി. വാട്ട്‌സ്ആപ്പ് കോൾ വഴിയാണ് വധഭീഷണി സന്ദേശം ലഭിച്ചതെന്ന് സാജൻ ട്.
സന്തോഷ് കുമാർ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വിളിച്ചത്. മൊഴി നൽകിയതിന്റെ പേരിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. നവംബർ 24ന് ലഭിച്ച ഭീഷണിയുടെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും സാജൻ വ്യക്തമാക്കി. വിജിലൻസ് അന്വേഷണത്തിൽ രണ്ടാമത് മൊഴി നൽകിയ ഷാജഹാനും വധഭീഷണി നേരിട്ടതായി പരാതിയുണ്ട്. സംഭവത്തിൽ ഷാജഹാൻ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി.
2007ൽ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ മൊഴികൾ അട്ടിമറിച്ചെന്ന ആരോപണവുമായി നേരത്തെ വി.ഒ. സാജൻ രംഗത്തെത്തിയിരുന്നു. ആദ്യ അന്വേഷണത്തിൽ ഗ്യാനേഷ് കുമാറിന്റെ പങ്ക് സംബന്ധിച്ച് പതി ബെൽ ചീഫ് കൊമേഴ്സ്യൽ മാനേജരുടെ മൊഴിയുണ്ടായിരുന്നു. എന്നാൽ നാലുമാസത്തിനുശേഷം വീണ്ടും മൊഴി രേഖപ്പെടുത്തിയപ്പോൾ മൊഴി മാറ്റിയെന്നും സാജൻ ആരോപിച്ചു. മലേഷ്യയിൽ ലീ സീ ബീനിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരുടെയും ആത്മഹത്യാക്കുറിപ്പ് വായിച്ചവരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതിന്റെ രേഖകൾ വിജിലൻസിന്റെ പക്കലുണ്ടെന്നാണ് സാജന്റെ അവകാശവാദം. കെ.എസ്.ടി.പി പദ്ധതിയിൽ എം.സി റോഡ് നിർമാണം നടക്കുമ്പോൾ തന്നെ അങ്കമാലി-ചെങ്ങന്നൂർ റോഡ് നിർമാണവും നടന്നിരുന്നു. എന്നാൽ മറ്റു പദ്ധതികളിൽ ബില്ലുകൾ തടഞ്ഞുവെക്കാത്തത് സംശയമുണ്ടാക്കുന്നതാണെന്ന് സാജൻ ചൂണ്ടിക്കാട്ടി.
ഗ്യാനേഷ് കുമാറിന് കൈക്കൂലി നൽകാത്തതിനാലാണ് തന്റെ ബില്ലുകൾ തടഞ്ഞുവെച്ചതെന്നും സാജൻ ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരായ നിരവധി പരാതികൾ പൂഴ്ത്തിവെച്ചാണ് ആദ്യ അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മൊഴി ശരിവെക്കുന്ന അനുബന്ധ രേഖകൾ അടുത്ത ഘട്ടത്തിൽ വിജിലൻസിന് കൈമാറുമെന്നും സാജൻ അറിയിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം നിലച്ച മട്ടിലായിരുന്നപ്പോഴാണ് കെ.എസ്.ടി.പി പദ്ധതിയുടെ ഉപകരാറുകാരനായ വി.ഒ. സാജൻ പരാതി നൽകിയത്. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകൾ തടഞ്ഞുവെച്ചതായി ലീ സീ ബീൻ മരിക്കുന്നതിന് മുമ്പ് തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു സാജന്റെ പരാതി. പരാതിയിൽ നിയമോപദേശം ലഭിച്ചതോടെയാണ് വിജിലൻസ് അന്വേഷണം വീണ്ടും ഊർജിതമാക്കിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)