ജോയലിന്റെ പ്രണയകഥ യൂട്യൂബിൽ; ‘സോൾമേറ്റ്‌സ്’ ശ്രദ്ധ നേടുന്നു
സിനിമയിലെ ജോയൽ ഡേവിസ് സംവിധാനം ചെയ്യുന്ന ‘സോൾമേറ്റ്‌സ്: ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്ത് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ടീം വേറിട്ട പ്രൊമോഷൻ പരീക്ഷിക്കുന്നു.
സിനിമയ്ക്കുള്ളിലെ സിനിമ... സാധാരണയായി പ്രേക്ഷകർ കാണാത്തൊരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ടീം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന ജോയൽ ഡേവിസ് എന്ന കഥാപാത്രത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘സോൾമേറ്റ്‌സ്: ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിം യഥാർഥത്തിൽ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു സിനിമയിലെ കഥാപാത്രം സംവിധാനം ചെയ്യുന്ന സിനിമ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ പ്രൊമോഷൻ മലയാള സിനിമയിൽ തന്നെ അപൂർവ്വമായൊരു പരീക്ഷണമാണ്. ചിത്രത്തിന്റെ കഥാലോകത്തിനുള്ളിൽ രൂപപ്പെട്ട ‘സോൾമേറ്റ്‌സ്’ എന്ന ഷോർട്ട് ഫിലിം യഥാർഥ യൂട്യൂബ് റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തുമ്പോൾ, സിനിമയുടെ പ്രൊമോഷനും കഥയും തമ്മിലുള്ള അതിർവരമ്പുകളാണ് ഇവിടെ ഇല്ലാതാകുന്നത്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ടീമിന്റെ ഈ വ്യത്യസ്തമായ പ്രൊമോഷൻ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.
ചിത്രത്തിലെ ജോയലിന്റെ സഹോദരനായ ജസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിവിൻ പോളിയാണ്. സിനിമയിൽ അനിയൻ ജോയൽ സംവിധായകനാകുമ്പോൾ, ആ സിനിമയുടെ നിർമാതാവിന്റെ വേഷമാണ് ജസ്റ്റിന്. ഇതോടെ സിനിമയ്ക്കുള്ളിൽ രൂപപ്പെട്ട മറ്റൊരു സിനിമ യഥാർഥത്തിൽ പ്രേക്ഷകരിലേക്കെത്തുകയാണ്.
‘സോൾമേറ്റ്‌സ്’ എന്ന ഷോർട്ട് ഫിലിമിൽ ജോയലിന്റെ കാമുകി സായൂജ്യയായി എത്തിയ പാർവതി അയ്യപ്പദാസാണ് നായിക. നായക വേഷത്തിൽ എത്തുന്നത് ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ നന്ദൻ ജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് വിശ്വം. ഷോർട്ട് ഫിലിമിന്റെ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ നിർമാതാക്കളായ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, സംവിധായകൻ ഗിരീഷ് എ.ഡി. എന്നിവർ പങ്കുവെച്ച പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ‘ചെറായി ബീച്ചിലെ സായാഹ്നങ്ങളേക്കാൾ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി’ എന്നായിരുന്നു പോസ്റ്ററിലെ പ്രണയഭരിതമായ വരികൾ. സിനിമയിലെ കഥാപാത്രങ്ങളും അവരുടെ ലോകവും ഉപയോഗപ്പെടുത്തി ഒരുക്കിയ ഈ പ്രൊമോഷൻ സോഷ്യൽ മീഡിയയിലും കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായി തുടരുകയാണ്.റിലീസ് ചെയ്ത് വെറും ആറ് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിലെത്തി. മലയാളത്തിലെ ഉജ്വല വിജയത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ചിത്രം എത്തുകയാണ്. സെപ്റ്റംബർ നാലിന് റിലീസ് ചെയ്യുന്ന ഈ പതിപ്പുകളുടെ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)