റോഡിലെ കുഴി ചതിച്ചു: സൈക്കിൾ ഹാൻഡിൽ തുടയിൽ കുത്തിക്കയറി വിദ്യാർഥിക്ക് പരുക്ക്
തൊടുപുഴ: സൈക്കിൾ മറിഞ്ഞു വീണ സ്കൂൾ വിദ്യാർഥിയുടെ തുടയിൽ സൈക്കിളിന്റെ ഹാൻഡിൽ ഒടിഞ്ഞു കുത്തിക്കയറി. മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കാരിക്കോട് രണ്ടുപാലം കണ്ടോത്ത്മാട്ടയിൽ അനീഷിന്റെ മകൻ മുസമൽ അനീഷിന്റെ (13) തുടയിലാണു കമ്പി കയറി ഗുരുതരമായി പരുക്കേറ്റത്. തിങ്കൾ ഉച്ചയോടെയാണ് അപകടം.
പരീക്ഷയ്ക്കായി പോകുംവഴി സ്കൂളിനു സമീപമാണ് അപകടം സംഭവിച്ചത്. സൈക്കിൾ, റോഡിലെ കുഴിയിൽവീണു മറിയുകയായിരുന്നു. തുടർന്ന് ഹാൻഡിൽ ഒടിഞ്ഞ് തുടയിൽ കുത്തിക്കയറി. കമ്പി മറുവശത്തു വന്ന നിലയിലായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണു കമ്പി മുറിച്ചു മാറ്റിയത്.
തുടർന്ന് കുട്ടിയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രധാന രക്തക്കുഴലിനു ചേർന്നായിരുന്നു ഹാൻഡിൽ തുളഞ്ഞു കയറിയത്. ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗം മേധാവി ഡോ. ജിബിൻ കെ. തോമസിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി വിദ്യാർഥിയുടെ തുടയിൽ നിന്ന് ഹാൻഡിൽ വിജയകരമായി നീക്കം ചെയ്തു.
കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവി ഡോ. കൃഷ്ണൻ. സി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. അനീഷ് ജോസഫ്, അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ലിബി ജെ. പാപ്പച്ചൻ, ഡോ. ബേസിൽ പോൾ മനയാലിൽ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ശസ്ത്രക്രിയയ്ക്കു ശേഷം വിദ്യാർഥി സുഖം പ്രാപിച്ചു വരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)