മെസി-അർജന്റീന സ്പോൺസർഷിപ്പ് വിവാദം: വി. അബ്ദുറഹിമാനെതിരെ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടി സർക്കാർ
എസ്ഐടി ശുപാർശ മുൻ കായികമന്ത്രിയടക്കം അഞ്ച് പേർക്കെതിരെ കേസ്; 126 കോടി രൂപ കൈമാറിയതിന് രേഖകളില്ലെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്
തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള സ്പോൺസർഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടി സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുസംബന്ധിച്ച കത്ത് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. മുൻ കായികമന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നടപടികൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേസെടുക്കാൻ ഗവർണറുടെ അനുമതി ആവശ്യമാണെന്ന നിയമവകുപ്പിന്റെ അഭിപ്രായത്തെ തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. അതേസമയം, മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പിന് നേരിട്ട് ഉത്തരവിടാമെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിരുന്നു. വ്യത്യസ്ത നിയമാഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അനുമതി തേടാൻ തീരുമാനിച്ചത്.
അഞ്ച് പേർക്കെതിരെ കേസെടുക്കാൻ എസ്ഐടി ശുപാർശ
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് ഇടപാടിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയിൽ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഈ മാസം അഞ്ചിന് സർക്കാരിന് കൈമാറിയിരുന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.
മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി), സ്ഥാപനത്തിന്റെ ഉടമ ആന്റോ അഗസ്റ്റിൻ എന്നിവരാണ് ശുപാർശയിൽ ഉൾപ്പെട്ട മറ്റുള്ളവർ.
സ്വകാര്യ സ്പോൺസർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് മുൻ കായികമന്ത്രി വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തലായി റിപ്പോർട്ടിൽ പറയുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തതായും സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായും അന്വേഷണസംഘം കണ്ടെത്തിയതായാണ് റിപ്പോർട്ട്.
126 കോടി രൂപ കൈമാറിയതിന് രേഖകളില്ലെന്ന് മന്ത്രി
അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയെന്ന അകാശവാദം സ്ഥിരീകരിക്കുന്ന രേഖകൾ സർക്കാരിന്റെ പക്കലില്ലെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് നിയമസഭയിൽ വ്യക്തമാക്കി. ഏകദേശം 126 കോടി രൂപ എഎഫ്എയ്ക്ക് നൽകിയെന്നാണ് സ്പോൺസർ അവകാശപ്പെടുന്നത്.
എന്നാൽ പണം കൈമാറിയെന്ന് സ്ഥിരീകരിക്കുന്ന ബാങ്ക് ഡെബിറ്റ് അഡ്വൈസ്, സ്വിഫ്റ്റ് പകർപ്പ്, ഫോം എ2, ഫോം 15സിബി, ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടവ് രസീത് തുടങ്ങിയ രേഖകളൊന്നും സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ മറുപടി. പണം കൈമാറിയെന്ന അവകാശവാദം സ്ഥിരീകരിക്കുന്ന രേഖകളുടെ അഭാവം ഇടപാടിനെക്കുറിച്ചുള്ള ചോദ്യങ്ങൾ കൂടുതൽ ശക്തമാക്കുന്നതാണ്.
ഈ വിഷയവും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മുൻ കായികമന്ത്രി, സ്പോർട്സ് സെക്രട്ടറി, ഡയറക്ടർ എന്നിവരുടെ സ്പെയിൻ യാത്രയും അന്വേഷണസംഘം പരിശോധിക്കും.
അന്വേഷണപരിധിയിൽ കൂടുതൽ ഇടപാടുകൾ
അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ഔദ്യോഗിക രേഖകളുടെ ഉപയോഗം, ബന്ധപ്പെട്ടവരുടെ വിദേശയാത്രകൾ എന്നിവയാണ് അന്വേഷണത്തിലെ പ്രധാന വിഷയങ്ങൾ. സ്പോൺസർഷിപ്പ് ഇടപാടിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നും സർക്കാർ സംവിധാനങ്ങൾ സ്വകാര്യ സ്ഥാപനത്തിന് നേട്ടമുണ്ടാക്കാൻ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അന്വേഷണത്തിലൂടെ പരിശോധിക്കും.
എസ്ഐടിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിനുള്ള നിയമനടപടികളിലേക്ക് സർക്കാർ കടന്നിരിക്കുകയാണ്. ഗവർണറുടെ അനുമതിയും തുടർന്നുള്ള അന്വേഷണ നടപടികളും കേസിന്റെ ഭാവിയിൽ നിർണായകമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)