പ്രവാസികൾക്ക് വമ്പൻ ആശ്വാസം; ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ

നോർക്ക കെയർ പ്ലസിൽ രജിസ്ട്രേഷൻ ആഗസ്റ്റ് 18 മുതൽ; സെപ്റ്റംബർ 18 വരെ അവസരം

Aug 17, 2026 - 07:15
0
പ്രവാസികൾക്ക് വമ്പൻ ആശ്വാസം; ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ

ദുബൈ: പ്രവാസികൾക്കായി ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന നോർക്ക കെയർ പ്ലസ് പദ്ധതിയിൽ പുതിയ എൻറോൾമെന്റ് ആരംഭിക്കുന്നു. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയാണ് രജിസ്ട്രേഷന് അവസരം. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അഞ്ച് ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴ് സ്ലാബുകളിലായാണ് പോളിസി ലഭിക്കുക. സ്ലാബ് അനുസരിച്ച് പ്രീമിയത്തിലും വ്യത്യാസമുണ്ടാകും.

10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള പോളിസികളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താനുള്ള സൗകര്യമുണ്ട് 

സാധുവായ നോർക്ക പ്രവാസി ഐഡി ഉള്ള 18 മുതൽ 70 വയസ്സ് വരെയുള്ള പ്രവാസികൾക്ക് പദ്ധതിയിൽ ചേരാം. സ്റ്റുഡന്റ് ഐഡി ഉള്ളവർക്കും പദ്ധതിയുടെ ഭാഗമാകാൻ അവസരമുണ്ട്. കേരളത്തിൽ നിന്നുള്ള പ്രവാസികൾക്കാണ് പദ്ധതിയിൽ അംഗത്വം ലഭിക്കുക.

നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴിയോ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമായ നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം.

2026 ഏപ്രിൽ 15ന് ആരംഭിച്ച നോർക്ക കെയർ പ്ലസ് പദ്ധതിയുടെ കാലാവധി 2027 ഏപ്രിൽ 14 വരെയാണ്. കേരളത്തിലെ 688ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 24,000 ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.

നോർക്കയുടെ കണക്കുകൾ പ്രകാരം 2026 ജൂലൈ 31 വരെ 99.38 ശതമാനം ക്ലെയിമുകളും തീർപ്പാക്കിയിട്ടുണ്ട്. 31,660 പോളിസി ഉടമകൾക്ക് ക്ലെയിം ഇനത്തിൽ 227 കോടി രൂപ നൽകിയതായും അധികൃതർ വ്യക്തമാക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 ലക്ഷത്തിലധികം പ്രവാസി മലയാളികളുണ്ടെന്നാണ് കണക്ക്. എന്നാൽ 138 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1.62 ലക്ഷം മലയാളികൾ മാത്രമാണ് നോർക്ക കെയർ, കെയർ പ്ലസ് പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളത്.

രോഗബാധ ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഇത്തരം പദ്ധതികളിൽ കൂടുതൽ പ്രവാസികൾ അംഗങ്ങളാകണമെന്ന് നോർക്ക അധികൃതർ അഭ്യർത്ഥിച്ചു

പ്രവാസി സംഘടനകൾ, എംബസികൾ, കോൺസുലേറ്റുകൾ, പ്രവാസി മലയാളികളുടെ പ്രമുഖ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതിയുടെ പ്രചാരണം ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ആഗസ്റ്റ് 18ന് രജിസ്ട്രേഷൻ ആരംഭിക്കുന്നതിനാൽ അർഹരായ പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് നോർക്കയുടെ നിർദേശം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User