സ്ക്രീനുകളിൽ നിന്ന് കളിക്കളങ്ങളിലേക്കും പ്രകൃതിയിലേക്കും Gen Z മടങ്ങണം: മന്ത്രി ഒ.ജെ. ജനീഷ്
മലകളും കാടുകളും പുഴകളും അനുഭവിച്ചറിയണം; യുവാക്കളെ ലഹരിയിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും അകറ്റിനിർത്താൻ സാഹസിക ക്യാമ്പുകൾ സഹായിക്കും
കാഞ്ഞങ്ങാട്: ഡിജിറ്റൽ ലോകത്തിനുള്ളിൽ മാത്രം ഒതുങ്ങാതെ പുതുതലമുറ പ്രകൃതിയോട് കൂടുതൽ അടുത്തിടപഴകണമെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന റാണിപുരം ട്രെക്കിംഗ് ക്യാമ്പ് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മലകളും കാടുകളും പുഴകളും നേരിട്ട് അനുഭവിച്ചറിയാൻ പുതുതലമുറയ്ക്ക് അവസരങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിയുമായി അടുത്തിടപഴകുന്നത് യുവാക്കളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായകരമാകുന്നതിനൊപ്പം സാഹസികതയും കൂട്ടായ്മയും വളർത്തുന്നതിനും ഉപകരിക്കും.

യുവാക്കളെ ലഹരിയിൽ നിന്നും മറ്റ് ദുശ്ശീലങ്ങളിൽ നിന്നും അകറ്റിനിർത്താനും ഇത്തരം ക്യാമ്പുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയയുടെയും ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന യുവതലമുറയ്ക്ക് പ്രകൃതിയിലേക്കും കായിക പ്രവർത്തനങ്ങളിലേക്കും തിരിച്ചുവരാനുള്ള അവസരങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
“Gen Z സ്ക്രീനുകളിൽ നിന്ന് കളിക്കളങ്ങളിലേക്കും പ്രകൃതിയിലേക്കും മടങ്ങണം. പ്രകൃതിയെ അറിയാം, അനുഭവിക്കാം, സംരക്ഷിക്കാം” എന്ന സന്ദേശവും മന്ത്രി മുന്നോട്ടുവച്ചു.
റാണിപുരം പോലുള്ള പ്രകൃതി സൗഹൃദ ഇടങ്ങൾ യുവാക്കൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും സഹായിക്കും. ട്രെക്കിംഗ് ഉൾപ്പെടെയുള്ള സാഹസിക പ്രവർത്തനങ്ങളിലൂടെ പ്രകൃതിയെ അടുത്തറിയാനും കൂട്ടായ്മയുടെ മൂല്യം മനസ്സിലാക്കാനും ക്യാമ്പ് അവസരമൊരുക്കും.
കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)