അടൂർ പ്രകാശിന്റെ വിമർശനം; കോൺഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷമാകുന്നു

വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യ വിമർശനം ഉന്നയിച്ചതോടെ കോൺഗ്രസിലും യുഡിഎഫിലും ഭിന്നതകൾ വീണ്ടും ചർച്ചയാകുന്നു.

Oct 02, 2026 - 16:11
Updated: 1 hour ago
0
അടൂർ പ്രകാശിന്റെ വിമർശനം; കോൺഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷമാകുന്നു

കോൺഗ്രസിനെയും യുഡിഎഫിനേയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് അടൂർ പ്രകാശിന്റെ വാക്കുകൾ. ഇന്നലെ കെപിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച അടൂർ പ്രകാശ് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചിരിക്കുന്നത്.യുഡിഎഫിന്റെ കൺവീനറാണ് അടൂർ പ്രകാശ്. കോൺഗ്രസിലെ മുതിർന്ന നേതാവുമാണ്. അങ്ങനെയൊരു വ്യക്തിയാണ് പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് പാർട്ടിയുടെ മുഖ്യമന്ത്രിയെ വിമർശിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി യുഡിഎഫ് മന്ത്രിമാർക്കെതിരെ വഴിതടയൽ സമരവുമായി ബിജെപി രംഗത്തുണ്ട്. ഇന്നലെ സിപിഎമ്മും അതിനൊപ്പം ചേർന്നു. മന്ത്രി ഒ.ജെ. ജനീഷിനെ കണ്ണൂരിൽ അഞ്ചിടത്ത് റോഡിൽ തടഞ്ഞുനിർത്തി വാഹനം ആക്രമിച്ചു ഡിവൈഎഫ്ഐ. അതിനെതിരെ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കുന്ന ദിനമാണ്.

സിപിഎമ്മിനെതിരെ രാഷ്ട്രീയ വിമർശനം ഉയർത്തി മുഖ്യമന്ത്രി തന്നെ പോർമുഖം തുറന്ന ദിവസവുമായിരുന്നു ഇന്നലെ. രാഷ്ട്രീയമായി കോൺഗ്രസിന് മേധാവിത്വം ഉണ്ടായിരുന്ന സമയമാണ്. അപ്പോൾ യുഡിഎഫ് കൺവീനർ ഒരു വാർത്താസമ്മേളനം വിളിക്കുമ്പോൾ സ്വാഭാവികമായും യുഡിഎഫിന്റെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പിന്തുണയ്ക്കാനും പ്രതിരോധിക്കാനുമാണെന്നാണ് ഏതൊരു പാർട്ടിക്കാരനും പ്രതീക്ഷിക്കുക. എന്നാൽ അതെല്ലാം അട്ടിമറിച്ചുകളഞ്ഞു മുന്നണി കൺവീനർ. മുന്നണിയെ പ്രതിരോധിക്കേണ്ട, സംരക്ഷിക്കേണ്ട കൺവീനർ അതിന് നേർവിപരീതമായ നിലപാടാണ് സ്വീകരിച്ചത്.എതിരാളികൾക്ക് പാർട്ടിയേയും മുന്നണിയേയും കൊത്തിവലിക്കാനുള്ള അവസരം കൂടുതൽ സുഗമമാക്കിയിരിക്കുകയാണ് അടൂർ പ്രകാശ്. മുഖ്യമന്ത്രി ഏകാധിപതിയാണെന്ന എതിരാളികളുടെ വിമർശനം ശരിവെച്ചുകൊടുക്കുകയാണ് സതീശനെതിരെ എഐസിസിക്ക് പരാതി നൽകുമെന്ന നിലപാടിലൂടെ കൺവീനർ ചെയ്തുവെച്ചിരിക്കുന്നത്.സിപിഎം നേതാക്കൾ ഇപ്പോൾ അടൂർ പ്രകാശിനെ മറയാക്കിയാണ് സതീശനെ ആക്രമിക്കുന്നത്.

ഇന്നലെ തന്നെ രാജ്യസഭാ എംപി കൂടിയായ എ.എ. റഹിം സതീശനെ വിമർശിക്കാൻ ഉന്നയിച്ചത് ആ വിമർശനങ്ങളാണ്. ഇന്ത്യയിൽ ഇതുപോലെ തകർന്ന ഭരണം മറ്റൊരിടത്തും ഇല്ലെന്നാണ് റഹീമിന്റെ കണ്ടെത്തൽ.നോക്കണം, രാജ്യത്ത് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയോ അവരുടെ സഖ്യകക്ഷികളോ ആണ്. അവിടെയൊന്നും ഒരു കുഴപ്പവുമില്ല, ഇവിടെയാണ് ഭരണപരാജയം എന്നാണ് റഹിം പറയുന്നത്.ഭരണത്തിൽ യുഡിഎഫ് തൃപ്തരല്ല എന്ന് പറയാൻ റഹീമിന് പ്രചോദനം നൽകിയത് കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റെ വാക്കുകളാണ്.ഇപ്പോൾ കോൺഗ്രസിലെ തന്നെ പല നേതാക്കളും പ്രതികരണങ്ങളുമായി രംഗത്തുവരികയാണ്. ചിലർ അടൂർ പ്രകാശിനെ തള്ളുമ്പോൾ മറ്റു ചിലർ അത് ശരിയാണെന്ന് പറഞ്ഞുവെക്കുന്നു.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടൂർ പ്രകാശിനെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലായിരിക്കുന്നു.

അതായത്, അടൂർ പ്രകാശിന്റെ അനവസരത്തിലുള്ള പ്രസ്താവനയിലൂടെ കോൺഗ്രസ് പൊടുന്നനെ രണ്ടായി പിളർന്നിരിക്കുകയാണ്. സതീശൻ അനുകൂലികളും സതീശൻ വിരുദ്ധ ചേരിയും എന്ന നിലയിലേക്ക് കോൺഗ്രസ് വിഭജിക്കപ്പെട്ടു.ഭരണത്തിലേറി നാലുമാസം ആയപ്പോഴേക്കും സ്വന്തം മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാക്കൾ തന്നെ പടയൊരുക്കം നടത്തുന്നു എന്ന വാർത്തയ്ക്കും ചർച്ചയ്ക്കും വഴിമരുന്നിട്ടിരിക്കുകയാണ്.മുൻപ് സമാനമായ രീതിയിൽ തന്നെയായിരുന്നു കെ. കരുണാകരനും എ.കെ. ആന്റണിക്കും പാതിവഴിയിൽ ഭരണം അവസാനിപ്പിച്ച് ഇറങ്ങിപ്പോകേണ്ടിവന്നത്.ഇവിടെ കോൺഗ്രസും മുന്നണിയും ഒറ്റക്കെട്ടായി നിന്ന് പ്രതിപക്ഷത്തെ പ്രതിരോധിക്കേണ്ട ഏറ്റവും അനിവാര്യമായ അവസരമാണ്. അതിന് നേതൃത്വം കൊടുക്കേണ്ട നേതാക്കളിൽ ഒരാൾ തന്നെ മുന്നണിയേയും പാർട്ടിയേയും തമ്മിലടിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.ഓരോ നേതാക്കളും നടത്തുന്ന പരസ്യ പ്രതികരണങ്ങൾ മുറിവിൽ മുളക് തേക്കുന്നതിന് സമാനമാണ്. ഈ വിമർശനങ്ങളൊക്കെയും വ്യക്തിപരമാവുകയും അതെല്ലാം തമ്മിലടി കൂടുതൽ രൂക്ഷമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User