പോക്സോ കേസ്: പാലത്തായി പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചത് ഞെട്ടിക്കുന്ന സംഭവം - റിജിൽ മാക്കുറ്റി
കണ്ണൂർ: പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ബി.ജെ.പി നേതാവ് കുനിയിൽ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈകോടതി നടപടി ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. കേസിന്റെ തുടക്കം മുതൽ തന്നെ പല തരത്തിൽ അട്ടിമറി ശ്രമം നടന്നിരുന്നതായി അദ്ദേഹം പറഞ്ഞു.
'പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ഒരു പ്രതിയുടെ ശിക്ഷ ഇളവ് ചെയ്തതിന്റെ കാരണം എന്ത് എന്നതിനെക്കുറിച്ച് ഗൗരവതരമായി അന്വേഷിക്കണം. ഏതു മേഖലയിൽ, എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കണം. കേസിന്റെ തുടക്കം മുതൽ തന്നെ പല രൂപത്തിൽ അട്ടിമറി നടത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അന്നത്തെ എൽ.ഡി.എഫ് ഭരണകൂടം, സംഘപരിവാർ, അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരും പ്രതി പത്മരാജൻ കുറ്റക്കാരനല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം പി. ഹരീന്ദ്രൻ ഉൾപ്പെടെ ഇയാൾ കുറ്റക്കാരനല്ല എന്ന രൂപത്തിലേക്ക് ചർച്ചകൾ കൊണ്ടുപോയിരുന്നു. ശിക്ഷാവിധി ഹൈകോടതി എങ്ങനെയാണ് മരവിപ്പിച്ചത് എന്നതിനെക്കുറിച്ച് സർക്കാറും ഗൗരവമായി അന്വേഷിക്കണം' - അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അന്വേഷിച്ച് ശിക്ഷ വിധിച്ച കേസിൽ നിലവിൽ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടായി എന്ന് പറയുന്നത് സ്വന്തം കാലിൽ വെടിവെക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കണം എന്നായിരുന്നു റിജിലിന്റെ മറുപടി.
'ആ കേസുമായി ബന്ധപ്പെട്ട് എല്ലാ ഘട്ടത്തിലും പല തരത്തിലുള്ള വളരെ കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നു എന്നത് നമുക്കെല്ലാം അറിയുന്ന കാര്യമാണ്. നിലവിൽ ഹൈകോടതിയിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് എന്ത് വീഴ്ച സംഭവിച്ചു എന്നത് പരിശോധിക്കേണ്ട കാര്യമാണ്. അത് തീർച്ചയായും സർക്കാർ പരിശോധിക്കണം. അത്തരത്തിൽ എന്തെങ്കിലും കാര്യം നടന്നോ എന്നത് പരിശോധിക്കേണ്ട കാര്യം തന്നെയാണ്' - റിജിൽ കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)