7.8% ജിഡിപി വളർച്ചയെ ചോദ്യം ചെയ്ത് മുൻ ധനകാര്യ സെക്രട്ടറി; യഥാർത്ഥ വളർച്ച 2.6% മാത്രമെന്ന് സുഭാഷ് ചന്ദ്ര ഗാർഗ്

കഴിഞ്ഞ വർഷത്തെ ജിഡിപി കണക്കുകൾ തിരുത്തി ഈ വർഷത്തെ വളർച്ച ഉയർത്തിക്കാട്ടിയെന്ന് ആരോപണം; ഗാർഗിന്റെ വാദത്തെ പിന്തുണച്ച് കോൺഗ്രസ്

Sep 03, 2026 - 07:29
0
7.8% ജിഡിപി വളർച്ചയെ ചോദ്യം ചെയ്ത് മുൻ ധനകാര്യ സെക്രട്ടറി; യഥാർത്ഥ വളർച്ച 2.6% മാത്രമെന്ന് സുഭാഷ് ചന്ദ്ര ഗാർഗ്

ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം 7.8 ശതമാനം ജിഡിപി വളർച്ച നേടിയെന്ന സർക്കാർ കണക്കുകൾക്കെതിരെ മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ജിഡിപി കണക്കുകളിൽ തിരുത്തൽ വരുത്തിയില്ലെങ്കിൽ രാജ്യത്തിന്റെ യഥാർഥ ജിഡിപി വളർച്ച 2.6 ശതമാനം മാത്രമായിരിക്കുമെന്നാണ് ഗാർഗിന്റെ ആരോപണം.

2019 ജൂലൈ വരെ ധനകാര്യ സെക്രട്ടറിയായിരുന്ന ഗാർഗ്, അവസാന ഘട്ടത്തിൽ ഊർജ മന്ത്രാലയത്തിലേക്ക് മാറ്റിയതിനെ തുടർന്ന് സ്വയം വിരമിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ ജിഡിപി നടപ്പുവിലയിൽ ആദ്യം കണക്കാക്കിയിരുന്നത് ഏകദേശം 86 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ പിന്നീട് ഈ കണക്ക് ഏകദേശം 80 ലക്ഷം കോടി രൂപയായി തിരുത്തിയെന്നാണ് ഗാർഗ് ചൂണ്ടിക്കാട്ടുന്നത്.

ഏകദേശം ആറു ലക്ഷം കോടി രൂപ ജിഡിപിയിൽ നിന്ന് കുറച്ചതോടെയാണ് നോമിനൽ ജിഡിപി വളർച്ച 10.3 ശതമാനമായി ഉയർന്നതായി കാണുന്നതെന്നും, ഈ തിരുത്തൽ ഉണ്ടായിരുന്നില്ലെങ്കിൽ വളർച്ച 2.6 ശതമാനം മാത്രമായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഒരു ഇംഗ്ലീഷ് വാർത്താ ചാനലിൽ നടന്ന ചർച്ചയിലും പിന്നീട് തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയും ഗാർഗ് ഇതേ വാദം ആവർത്തിച്ചു.

ഗാർഗിന്റെ ആരോപണത്തെ കോൺഗ്രസ് പിന്തുണച്ചു. പരസ്യ തന്ത്രങ്ങളിലൂടെ ജിഡിപിയുടെ ചിത്രം മിനുക്കാൻ കഴിഞ്ഞേക്കാം, എന്നാൽ രാജ്യത്തിന്റെ സമ്പദ്ഘടനയെ മിനുക്കാൻ കഴിയില്ലെന്ന് സർക്കാർ മനസിലാക്കണമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

മോദി സർക്കാരിലെ മുൻ ധനകാര്യ സെക്രട്ടറി തന്നെയാണ് ജിഡിപി കണക്കുകളിൽ സർക്കാർ നടത്തിയെന്ന് ആരോപിക്കുന്ന കൃത്രിമം തുറന്നുകാട്ടിയിരിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

ഈ വർഷത്തെ വളർച്ചാ നിരക്ക് കൃത്രിമമായി ഉയർത്തിക്കാട്ടുന്നതിനായി സർക്കാർ കഴിഞ്ഞ വർഷത്തെ ജിഡിപി കണക്കുകൾ ബോധപൂർവം കുറച്ചുകാണിച്ചെന്നാണ് ജയറാം രമേശിന്റെ ആരോപണം. കണക്കുകളിൽ കൃത്രിമം കാണിച്ചിരുന്നില്ലെങ്കിൽ യഥാർഥ ജിഡിപി വളർച്ച 7.8 ശതമാനമല്ല, വെറും 2.6 ശതമാനം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗാർഗ് ഉന്നയിച്ച ആരോപണങ്ങളും സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് സാമ്പത്തിക രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User