ജീവനക്കാരുടെ കണ്ണീരൊപ്പി റിയാസ്; ഒരു കോടി രൂപയുടെ ഓണസമ്മാനവുമായി മഹാറാണി വെഡിങ്സ്
400-ഓളം ജീവനക്കാർക്ക് മിക്സി ഉൾപ്പെടെ സമ്മാനങ്ങൾ; മികച്ച സെയിൽസ് നേടിയവർക്ക് സ്കൂട്ടർ, ജീവനക്കാരന് വീടിനുള്ള സ്ഥലം; ലാഭത്തിനപ്പുറം മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മഹാറാണി വെഡിങ്സ് എം.ഡി റിയാസ്
തൊടുപുഴ: ബിസിനസ് ലാഭത്തിന്റെ കണക്കുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ വലിയ മാതൃക തീർക്കുകയാണ് തൊടുപുഴ മഹാറാണി വെഡിങ്സ് എം.ഡി റിയാസ്. ജീവനക്കാരുടെ ആത്മാർത്ഥ സേവനത്തിന് നന്ദി അറിയിച്ച് ഇത്തവണ ഒരു കോടി രൂപയുടെ ഓണസമ്മാനങ്ങളാണ് സ്ഥാപനത്തിൽ വിതരണം ചെയ്തത്.
“സ്റ്റാഫ് അവരുടെ ഹൃദയം വെച്ചിട്ടാണ് ഇവിടെ പണിയെടുക്കുന്നത്. അവർക്കല്ലാതെ വേറാർക്കും നമുക്ക് ഒന്നും കൊടുക്കാനില്ല,” എന്ന റിയാസിന്റെ വാക്കുകളിലാണ് സ്ഥാപനത്തിലെ ജീവനക്കാരോടുള്ള അദ്ദേഹത്തിന്റെ സമീപനം വ്യക്തമാകുന്നത്.
ജീവനക്കാരെ വെറും ജോലിക്കാരായല്ല, സ്വന്തം കുടുംബത്തിലെ അംഗങ്ങളായാണ് റിയാസ് കാണുന്നത്. എട്ട് വർഷത്തെ ആത്മാർത്ഥ സേവനത്തിന് അംഗീകാരമായി ബില്ലിങ് സ്റ്റാഫിൽ നിന്ന് അക്കൗണ്ട് മാനേജർ പദവിയിലേക്ക് വളർന്ന മാർട്ടിന് വീടിനുള്ള സ്ഥലം സമ്മാനമായി നൽകിയാണ് ഇത്തവണത്തെ ഓണസമ്മാനത്തിന് തുടക്കമിട്ടത്.
തൊടുപുഴ നഗരസഭ പരിധിയിൽ ഇതിനായി ഒരേക്കർ സ്ഥലം മാറ്റിവെച്ചിട്ടുണ്ടെന്നും ഇതിനോടകം രണ്ട് ജീവനക്കാർക്ക് വീട് നൽകിക്കഴിഞ്ഞെന്നും റിയാസ് പറഞ്ഞു. ഇത്തരത്തിലുള്ള സഹായങ്ങൾ തുടർന്നും നൽകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ മൂന്ന് ജീവനക്കാർക്ക് സ്കൂട്ടറുകളും സമ്മാനമായി നൽകി. ഇതിൽ സ്കൂട്ടർ ലഭിച്ച ഒരു ജീവനക്കാരിയുടെ വാക്കുകളും ശ്രദ്ധേയമായി.
“എന്റെ ഈ പ്രായത്തിലും എനിക്ക് ഇവിടെ ജോലി തന്ന എം.ഡി സാർ എനിക്ക് ദൈവതുല്യനാണ്,” എന്നായിരുന്നു അവരുടെ പ്രതികരണം.
ആരോഗ്യപ്രശ്നങ്ങൾക്കിടയിലും മരുന്നുമായി ജോലിക്കെത്തി മികച്ച വിൽപ്പന നടത്തിയ ജീവനക്കാരിയെ റിയാസ് വേദിയിൽ ചേർത്തുപിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
“ഇത്രയും നല്ല സെയിൽസ് നേടിയെങ്കിൽ ഫ്ലോറിൽ അവർ അത്രയും കഷ്ടപ്പെടുന്നുണ്ട്. അവരാണ് യഥാർത്ഥ ടോപ് സെയിലർ,” എന്നായിരുന്നു റിയാസിന്റെ പ്രതികരണം.
മറ്റൊരു ജീവനക്കാരിയുടെ സമ്മാനം ലഭിച്ചുള്ള സന്തോഷം കണ്ട് മകൻ അമ്മയെ എടുത്തുയർത്തിയ നിമിഷവും ചടങ്ങിൽ വികാരനിർഭരമായി.
മഹാറാണി വെഡിങ്സിലെ 400-ഓളം ജീവനക്കാർക്കും മിക്സി സമ്മാനമായി നൽകി. വാഷിങ് മെഷീൻ, ഫ്രിഡ്ജ്, കൂളർ തുടങ്ങിയവയും സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. എച്ച്.ഒ.ഡി ടീമിനായി മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. ഇതടക്കം ഏകദേശം ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ ജീവനക്കാർക്കായി ഒരുക്കിയത്.
ജോലിത്തിരക്കുകൾക്കിടയിൽ ജീവനക്കാരുടെ സന്തോഷത്തിനായി മറ്റൊരു പ്രഖ്യാപനവും റിയാസ് നടത്തി. ദുൽഖർ സൽമാൻ നായകനാകുന്ന വരാനിരിക്കുന്ന ‘I Am Game’ സിനിമ ജീവനക്കാരെല്ലാവരും ഒന്നിച്ച് തിയേറ്ററിൽ പോയി കാണുമെന്നും അദ്ദേഹം അറിയിച്ചു.
ലാഭം മാത്രം ലക്ഷ്യമിടുന്ന കാലത്ത്, കൂടെ നിൽക്കുന്ന ജീവനക്കാരുടെ സന്തോഷവും ജീവിതവും സ്വന്തം ഉത്തരവാദിത്വമായി കാണുന്ന ഒരു സ്ഥാപനമേധാവിയുടെ സമീപനം ഏറെ ശ്രദ്ധ നേടുകയാണ്.
തൊഴിലിനെ സ്നേഹിക്കുന്ന മുതലാളിയും കൂടെ നിൽക്കുന്നവരെ നെഞ്ചേറ്റുന്ന സ്ഥാപനവും—തൊഴിലിടത്തെ വെറുമൊരു ഓഫീസോ സ്ഥാപനമോ എന്നതിലുപരി പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കുടുംബമാക്കി മാറ്റുന്ന ഈ മാതൃക സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)