കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേസ്: വീണാ ജോർജിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണസംഘം

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം മൂന്നര മണിക്കൂറോളം രേഖപ്പെടുത്തി.

Oct 19, 2026 - 15:42
Updated: 2 hours ago
0
കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേസ്: വീണാ ജോർജിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണസംഘം

അധികാരം കയ്യിലുണ്ടായിരുന്നപ്പോൾ നടത്തിയ ജനനന്മകളെ ഓർത്ത് ഏതൊരു മുൻ മന്ത്രിമാരെയും ചരിത്രത്തിന്റെ നല്ല താളുകളിൽ എഴുതി ചേർക്കാറുണ്ട്. എന്നാൽ അങ്ങനെയൊരു പട്ടികയിൽ പെടാത്ത മുൻ മന്ത്രിയാണ് വീണാ ജോർജ്. തന്നിൽ ഏൽപ്പിച്ച ആരോഗ്യ വകുപ്പാണെങ്കിൽ ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിൽ കുളം തോണ്ടിയിട്ടാണ് പോയത്. ജനക്ഷേമം ഏറ്റവുമധികം പ്രതീക്ഷിക്കുന്ന ഒരു ആരോഗ്യ മന്ത്രിയിൽ നിന്നും വ്യത്യസ്തമായി എല്ലാം നാടകം കളിച്ച വീണാ ജോർജ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ നിന്ന് തപ്പിത്തടയുകയാണ്. എന്നും പിണറായി വിജയൻ തന്നെയായിരിക്കും കപ്പിത്താൻ എന്ന് പറഞ്ഞുപഠിപ്പിച്ചവരെ ആരും തന്നെ കൂടെയില്ല. അതിനിടയിലാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി എടുത്തിരിക്കുന്നത്. മൂന്നര മണിക്കൂർ നേരം തനിക്ക് മുന്നിലേക്ക് വന്ന ചോദ്യശരങ്ങളിൽ നെഞ്ച് തകർന്നിരിക്കുകയാണ് വീണാ ജോർജിന് എന്ന് തന്നെ പറയാം. കാരണം, അധികാരത്തിന്റെ പിൻബലത്തിൽ വിളിച്ചുപറഞ്ഞ പച്ചക്കള്ളങ്ങൾ അതേപടി രേഖപ്പെടുത്തിയ അതേ പോലീസ് തന്നെയാണ് അതിലെ യഥാർത്ഥ സത്യങ്ങളും ചോദിച്ചറിയുന്നത്. അപ്പോൾ സത്യമറിയുന്നവരുടെ മുന്നിൽ ഒരു തവണ കൂടി കള്ളം പറയാൻ സാധാരണ ഒരാൾക്ക് പറ്റില്ല. അങ്ങനെ പ്രത്യേക അന്വേഷണസംഘം എല്ലാം രേഖപ്പെടുത്തിയെടുത്തു. ചുറ്റും പോലീസും എസ്‌കോർട്ടും ഇല്ലാതെ ആറന്മുളയുടെ എം.എൽ.എ. എന്ന പദവിയും പോയി പത്തനംതിട്ട കൊടുമണിലെ വീട്ടിൽ ഇന്നലെയാണ് അന്വേഷണ സംഘം എത്തിയത്.  കെ.എ.പി. നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നര മണിക്കൂറോളം ചെലവഴിച്ചാണ് മൊഴിയെടുത്തത്. പക്ഷേ, അന്ന് കളിച്ച നാടകം പ്രകാരം പറഞ്ഞ കാര്യം വിഴുങ്ങി എന്നാണറിയുന്നത്. പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്നതിനുള്ള സൂചനകളൊന്നും വീണാ ജോർജിന്റെ മൊഴിയിലുമില്ലെന്നാണ് അറിയുന്നത്. അടിക്കുന്നത് കണ്ടോയെന്ന ചോദ്യത്തിനും മുൻ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. അതായത്, കളിച്ചത് നാടകമാണെന്നും തിരക്കഥ സി.പി.എം. നേതാക്കളുടേതാണെന്നും അരിയാഹാരം കഴിക്കുന്ന അന്വേഷണ സംഘത്തിന് മനസ്സിലായി.

അതുകൂടാതെ വീണാ ജോർജിന്റെ ഗൺമാൻ എം.എസ്. അഭിലാഷിന്റെയും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുകാരുടെയും മൊഴി എസ്.ഐ.ടി. നേരത്തേ രേഖപ്പെടുത്തിയിരുന്നു. സത്യം പറയാൻ മനസ്സ് കാണിച്ച അവരും പറഞ്ഞത് വീണാ ജോർജിന്റെ നാടകത്തെക്കുറിച്ച് തന്നെയായിരുന്നു. കെ.എസ്.യു. പ്രവർത്തകർ അടിക്കുന്നത് കണ്ടില്ലെന്നാണ് പോലീസുകാരും മൊഴി നൽകിയതെന്നാണ് അറിയുന്നത്.

നമുക്കറിയാം, ഈ വീണാ മന്ത്രിയെ കൊന്നുതള്ളുന്നതിനായി പോയി എന്നതുപ്രകാരം കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്കെതിരേ വധശ്രമം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മന്ത്രിക്ക് പ്രതിഷേധത്തിനിടയിൽ പരിക്കേറ്റതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് റെയിൽവേ പോലീസ് ആദ്യം കേസെടുത്തത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് പാവം കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. മന്ത്രിയുടെ അടുത്തുപോലും എത്താത്ത ഇവരെ കള്ളക്കേസിൽ കുടുക്കി ഈ മന്ത്രിയുടെ നേതൃത്വത്തിൽ പീഡിപ്പിക്കുകയായിരുന്നു. അന്ന് ഭരണത്തിന്റെ മറവിൽ കളിച്ച നാടകം സ്പീക്കർ ഷംസീറിന്റെയും പിണറായിയുടെയും തിരക്കഥ പ്രകാരം മെനഞ്ഞെടുത്ത നാടകം തവിടുപൊടിയാവുകയാണ്. അതായത്, 2026 ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരേ കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെ.എസ്.യു. പ്രവർത്തകർ മന്ത്രിക്കുനേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ചു എന്നായിരുന്നു എഫ്.ഐ.ആർ. ഒപ്പം മന്ത്രിയുടെയും ഗൺമാന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ചുകയറി പ്രശ്നങ്ങളുണ്ടാക്കിയതിനും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വകുപ്പുകൾ ചുമത്തിയിരുന്നു. എന്നാൽ, ആദ്യം തന്നെ തട്ടിപ്പ് പ്രഥമദൃഷ്ട്യാ മനസ്സിലായതോടെ കുറ്റപത്രം നൽകുമ്പോൾ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ഗുരുതര വകുപ്പുകൾ ഒഴിവാക്കി. പക്ഷേ, അപ്പോൾ നടന്ന ഈ ഗൂഢാലോചന കണ്ടുപിടിക്കുന്നതോടെ പൂർണമായും നാടകം പൊളിഞ്ഞുപാളീസാകും എന്നുറപ്പായിരിക്കുന്നു. അങ്ങനെ ഭരണത്തിന്റെ തണലിൽ ചെയ്തുകൂട്ടിയ തോന്ന്യാസങ്ങളിൽ തലതല്ലിക്കരയാൻ തുടങ്ങിയിരിക്കുന്നു വീണാ ജോർജ് എന്നുള്ളതാണ് സത്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User