E20 പെട്രോൾ തട്ടിപ്പ്; മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി രാഹുൽ ഗാന്ധി
E20 പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തിയെന്ന കർണാടക ലാബ് പരിശോധനാ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി.
മോദി സർക്കാർ 12 വർഷം കൊണ്ട് എല്ലാ കള്ളക്കളികളും രാജ്യത്ത് സജീവമാക്കിയിരിക്കുകയാണ്. എന്നാൽ ആദ്യമൊന്നും ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല. ഇപ്പോൾ എല്ലാ തട്ടിപ്പുകളും ജനങ്ങൾ അറിയുന്നു. രാഹുൽ ഗാന്ധി അത് വളരെ വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കുന്നു. പ്രധാന തട്ടിപ്പുകളുടെ രഹസ്യ വിവരങ്ങളെല്ലാം തന്നെ രാഹുൽ ഗാന്ധിക്ക് അറിയാം എന്നുപറഞ്ഞാൽ, അതിനർത്ഥം കേന്ദ്രത്തിലെ ബിജെപി സർക്കാരിലും പ്രവർത്തകരിലും വലിയ തോതിൽ വിള്ളൽ വീണിരിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിക്ക് ലഭിച്ച വിവരമനുസരിച്ച് കേന്ദ്ര സർക്കാരിന്റെ E20 പെട്രോൾ നയത്തിന്റെ മറവിൽ വമ്പൻ തട്ടിപ്പ് നടക്കുന്നു എന്നുള്ളതാണ് പുറത്ത് വന്നിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളുടെ വാഹനങ്ങളിൽ എഥനോൾ തട്ടിപ്പ് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കണ്ടെത്തിയത് കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടി തന്നെയാണ്. കർണാടക സർക്കാർ നടത്തുന്ന ലാബ് പരിശോധനാ ഫലങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര സർക്കാരിനെയും എണ്ണക്കമ്പനികളെയും പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചത്.
E20 എന്നാൽ 20% എഥനോളും 80% പെട്രോളും അടങ്ങിയ മിശ്രിതമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ എഥനോൾ ചേർത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരിക്കുന്നു. അത് തെളിയിക്കാൻ വേണ്ടി ലാബ് പരിശോധനയും നടത്തി. അതുപ്രകാരം കർണാടകയിലെ ലാബ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കർണാടക സർക്കാർ ഏഴ് ജില്ലകളിൽ നിന്നായി ശേഖരിച്ച 63 പെട്രോൾ സാമ്പിളുകൾ സ്വതന്ത്ര സർട്ടിഫൈഡ് ലാബായ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ബംഗളൂരു) ഗ്യാസ് ക്രോമാറ്റോഗ്രാഫി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ 14 പ്രധാന സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോൾ അളവ് 20 ശതമാനത്തിന് മുകളിലാണ്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സാമ്പിളിൽ 31.2 ശതമാനവും അതുപോലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സാമ്പിളിൽ 30.5 ശതമാനവും എഥനോൾ അംശം കണ്ടെത്തി. ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ തുടങ്ങിയ പൊതുമേഖലാ കമ്പനികൾക്ക് പുറമെ നയാര, ഷെൽ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഇന്ധനത്തിലും 20 ശതമാനത്തിലധികം എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, എണ്ണക്കമ്പനികൾ സ്വന്തമായി നടത്തുന്ന പരിശോധനകളിൽ പെട്രോളിലെ എഥനോൾ അളവ് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ഗുരുതരമായ വിവരവും പുറത്തുവന്നു.

വിലകൂടിയ പെട്രോളിന് പണം നൽകുമ്പോൾ ടാങ്കിൽ നിറയുന്നത് വിലകുറഞ്ഞ എഥനോളാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജസാന്ദ്രത കുറവായതിനാൽ മൈലേജ് ഗണ്യമായി കുറയാൻ കാരണമാകുന്നുണ്ട്. കൂടാതെ, രാജ്യത്തെ ഭൂരിഭാഗം പഴയ വാഹനങ്ങളും ഉയർന്ന അളവിലുള്ള എഥനോൾ താങ്ങാൻ ശേഷിയുള്ളവയല്ല. ഇത് എൻജിൻ തുരുമ്പെടുക്കുന്നതിനും എൻജിൻ പണിയെടുപ്പിക്കുന്നതിനും കാരണമാകുന്നു. പമ്പുകളിൽ ഏത് തരം ഇന്ധനമാണ് അല്ലെങ്കിൽ എത്ര ശതമാനം എഥനോളാണ് അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ബോർഡുകളോ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് അനുയോജ്യമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവസരമോ ഇല്ലായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അപ്പോൾ വിലകൂടിയ പെട്രോളിന് പണം നൽകി എഥനോൾ അടിക്കേണ്ടി വരുന്ന ഗതികേടാണ് രാജ്യത്തെ ജനങ്ങൾക്കുള്ളത്.
ഈ E20 തട്ടിപ്പ് രാഹുൽ ഗാന്ധി കയ്യോടെ പിടിച്ചിരിക്കുന്നു. രാജ്യത്തെ വാഹനങ്ങളുടെ എൻജിൻ നശിപ്പിച്ച് ജനങ്ങളുടെ പോക്കറ്റടിക്കുന്ന ഈ നയത്തിനെതിരെ മോദിജി മറുപടി പറയണം എന്നാണ് രാഹുൽ ഗാന്ധിയുടെ പുതിയ ആവശ്യം. ഇന്ത്യയിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനുമായി 2023-ലാണ് കേന്ദ്ര സർക്കാർ E20 പെട്രോൾ പദ്ധതി രാജ്യവ്യാപകമായി വേഗത്തിലാക്കിയത്. എന്നാൽ ഈ പദ്ധതി തുടക്കം മുതൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. രാജ്യത്തെ 30 കോടിയോളം പഴയ വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുന്നത് എൻജിൻ കേടുപാടുകൾക്ക് കാരണമാകുന്നുവെന്ന് വാഹന ഉടമകളും വിദഗ്ധരും ആരോപിച്ചിരുന്നു. എന്നാൽ ഇതിനെ കേന്ദ്ര പെട്രോളിയം മന്ത്രാലയവും വാഹന നിർമാതാക്കളും ശക്തമായി എതിർക്കുകയും E20 സുരക്ഷിതമാണെന്ന് അവകാശപ്പെടുകയും ചെയ്തു. അസംസ്കൃത എണ്ണ ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കാനും പ്രാദേശിക കർഷകർക്ക് വരുമാനം ഉറപ്പാക്കാനുമാണ് എഥനോൾ ബ്ലെൻഡിങ് നടത്തുന്നതെന്നാണ് കേന്ദ്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. വിപണിയിൽ എഥനോളിന് ലിറ്ററിന് 60-65 രൂപ നിരക്കിലാണുള്ളത്. എന്നാൽ 100 രൂപയ്ക്ക് മുകളിൽ വിൽക്കുന്ന പെട്രോളിൽ 30 ശതമാനത്തോളം എഥനോൾ കലർത്തുമ്പോൾ അതിന്റെ ലാഭം ഉപഭോക്താവിന് കൈമാറുന്നില്ലെന്നതാണ് പ്രധാനമായും രാഹുൽ ഗാന്ധി കണ്ടെത്തിയിരിക്കുന്നത്. ഇതിലും സംവാദം നടത്താനാണ് രാഹുൽ വെല്ലുവിളിച്ചിരിക്കുന്നത്. അതിനുശേഷം മോദിയെ കാണാനില്ല. ഇങ്ങനെ രാജ്യത്തെ തന്നെ പ്രധാന ഇന്ധനം ഉൾപ്പെടെയുള്ള മേഖലകളിൽ തട്ടിപ്പ് നടത്തിയവരെ സംരക്ഷിച്ചാൽ മോദിജിക്ക് ഇനി അധികനാൾ ഭരണത്തിൽ തുടരാൻ കഴിയില്ല എന്നുള്ളതാണ് വ്യക്തമാകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)