കേരളത്തിൽ മൂന്നു ദിവസം ശക്തമായ മഴ തുടരും

പല ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ മൂന്നു ദിവസം  ശക്തമായ മഴ തുടരും

  കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ വ്യാപകമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപത്തെയും ലക്ഷദ്വീപിനു മുകളിലെയും ചക്രവാതചുഴിയുടെ സ്വാധീനത്തിൽ അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാലാണ്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും മഞ്ഞ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 20, 21 തീയതികളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 21ന് ആലപ്പുഴയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട, ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് നിർദേശം. ഈ സാഹചര്യം മുൻനിർത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടു നിൽക്കരുതെന്നും അറിയിപ്പിൽ പറയുന്നു.