കോണ്‍ഗ്രസ് പാറപോലെ നിന്നു; ഉദ്ദവ് താക്കറെ രാജിവയ്ക്കില്ല

കോണ്‍ഗ്രസ് പാറപോലെ നിന്നു; ഉദ്ദവ് താക്കറെ രാജിവയ്ക്കില്ല

മുംബൈഃ അനുനയനീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ ബിജെപിയുടെ അട്ടിമറി ശ്രമം നിയമസഭയില്‍ നേരിടാനുറച്ച് ശിവസേന. കോണ്‍ഗ്രസ് ശക്തമായി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപിക്കെതിരെ പോരാടാന്‍ ശിവസേന തീരുമാനിച്ചത്. വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെക്കില്ലെന്നും ശിവസേന ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിമതരെ അനുനയിപ്പിക്കാന്‍, മഹാസഖ്യത്തില്‍നിന്ന് പിന്‍വാങ്ങാന്‍ തയ്യാറാണെന്നുവരെ വ്യാഴാഴ്ച ശിവസേന നേതൃത്വം വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അതും ഏക്നാഥ് ഷിന്‍ഡെ തള്ളി. തുടര്‍ന്നാണ് വിമതരുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്നും നിയമസഭയില്‍ നേരിടാനും മഹാസഖ്യ നേതൃത്വം തീരുമാനിച്ചത്. മഹാസഖ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോരാടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചശേഷം പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബദല്‍ നീക്കവുമായി ഉദ്ധവും രംഗത്തിറങ്ങി. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ശിവസേന കത്ത് നല്‍കി. 12 വിമത എംഎല്‍എമാര്‍ക്ക് ഉദ്ധവ് വിപ്പും നല്‍കി.