വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരേ നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിനു കോൺ​ഗ്രസ്

ഇന്ന് രാജ്ഭവനുകൾ ഉപരോധിച്ചു

വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരേ നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിനു കോൺ​ഗ്രസ്

  നരേന്ദ്ര മോദി സർക്കാർ നടത്തുന്ന വെറുപ്പിന്റെ രാഷ്‌ട്രീയത്തിൽ രാജ്യം നാളെ പ്രതിഷേധിക്കും. ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും ഉപരോധിച്ചു. രാഹുൽ ഗാന്ധി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാളെ രാജ്യത്തെ ജില്ലാ ഭരണ സിരാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കോൺഗ്രസ് പ്രതിഷേധം.കള്ളക്കേസുകളുണ്ടാക്കി, കോൺ​ഗ്രസ് നേതൃത്വത്തെ വേട്ടയാടി നശിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രവർത്തകർ ജില്ലാ ഭരണ കേന്ദ്രങ്ങളിൽ മാർച്ച് നടത്തും.

കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ നിയമവിരുദ്ധമായി എൻഫോഴ്സ്മെന്റ് വിഭാ​ഗം ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. മൂന്നു ദിവസമായി മുപ്പതു മണിക്കൂർ ചോദ്യം ചെയ്തിട്ടും തൃപ്തി വരാതെ വെള്ളിയാഴ്ചയും അദ്ദേഹത്തെ ചോദ്യം ചെയ്യാനിരിക്കയാണ്. അതേ സമയം, ചോദ്യം ചെയ്ത് തീർക്കാതെ, കൂടുതൽ സമയത്തും ഉദ്യോ​ഗസ്ഥർ ഇടവേള എടുക്കുകയാണെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു. തന്നോടു ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകുന്നുണ്ട്. ആവശ്യമായ രേഖകളും സമർപ്പിക്കുന്നുണ്ട്. എന്നാൽ എന്തെങ്കിലും വസ്തുതകൾ കണ്ടെത്തുകയല്ല, നാഷണൽ ഹെറാൾഡ് കേസിനെ രാഷ്‌ട്രീയവൽക്കരിക്കുകയാണ് കേന്ദ്ര ഏജൻസി ചെയ്യുന്നതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിനു പാർട്ട് ആഹ്വാനം ചെയ്യുന്നത്.

  തുടർച്ചയായ മൂന്നാം ദിവസമായ ഇന്നലെ പത്തു മണിക്കൂറിലേറെ സമയമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതു വരെ നൂറിനടുത്ത് ചോദ്യങ്ങളാണ് ഇഡി രാഹുലിനോട് ചോദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ വൈകാതെ മടങ്ങുകയും ചെയ്തു. അതേസമയം രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നലെയും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. രാഹുലിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘ‍ർഷത്തിലേക്കാണ് നയിച്ചത്. ജെബി മേത്തർ എംപി അടക്കമുള്ള വനിതകൾക്കു പരുക്കേറ്റിരുന്നു.