പ്രതിദിനം 12.5 കോടിരൂപ നഷ്ട്ടം; ബൈജുസ് വൻ സാമ്പത്തിക പ്രതിസന്ധിയിൽ

പ്രതിദിനം 12.5 കോടിരൂപ നഷ്ട്ടം; ബൈജുസ് വൻ സാമ്പത്തിക പ്രതിസന്ധിയിൽ

 എഡ്യുടെക് ഭീമനായ ബൈജുസ് വൻ സാമ്പത്തിക നഷ്ടം. പ്രതിദിനം 12.5 കോടിവെച്ച് 2021 സാമ്പത്തിക വർഷത്തിൽ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. 2,704 കോടിയിൽ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു.2020-21 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാകാത്തത് കനത്ത തിരിച്ചടിയാണ് ബൈജൂസിന് നൽകുന്നത്. കോവിഡ് മൂലം ഇക്കാലത്ത് സ്കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. എല്ലാവരും ഓൺലൈൻ പഠനത്തിലേക്ക് തിരിയുന്ന കാലഘട്ടത്തിലും നേട്ടമുണ്ടാക്കാനാകാത്തതാണ് ബൈജൂസിന് തിരിച്ചടിയാവുന്നത്.

അതേസമയം ഓഡിറ്ററായ ഡിലോയിറ്റുമായുള്ള തർക്കത്തെ തുടർന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത് വന്നത്. ബൈജൂസ് ലാഭം കണക്കാക്കുന്നതിൽ ചില പ്രശ്നങ്ങൾ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചുവെന്നാണ് റിപ്പോർട്ട്. ഇതാണ് കോർപ്പറേറ്റ് മന്ത്രാലയത്തിൽ സാമ്പത്തിക റിപ്പോർട്ടിന്റെ സമർപ്പണം വൈകുന്നതിലേക്ക് നയിച്ചത്. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയായെന്ന് ബൈജൂസ് പറയുന്നുണ്ട്. ആ വർഷത്തിലെ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.വളരെ കുറച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ മാത്രമേ ഇത്തരമൊരു സാമ്പത്തിക നഷ്ടം അഭിമുഖീകരിച്ചിട്ടുള്ളൂവെന്ന് ടെക്നോളജി, ബിസിനസ് അനാലിസിസ് വെബ്സൈറ്റായ ദ മോണിങ് കോൺടക്സ്റ്റ് പറയുന്നു. സമാനമായ നഷ്ടം റിപ്പോർട്ടു ചെയ്തത് മൾട്ടി നാഷണൽ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോക്കാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 3943 കോടി രൂപയുടെ നഷ്ടമാണ് ഓയോക്ക് ഉണ്ടായത്.