അമ്മയെ കഴുത്തറത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

അമ്മയെ കഴുത്തറത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെ കഴുത്തറത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. മകന്‍ വിജയകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെയാണ് സരസ്വതിയമ്മയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും മകന്‍ വിജയകൃഷ്ണനെ അതേ മുറിയില്‍ തൂങ്ങി മരിച്ച നിലയിലും കാണുന്നത്. ഇളയ മകന്‍ വിജയാനന്ദന്‍റെ വീട്ടിലായിരുന്നു ഇരുവരും കിടന്നിരുന്നത്. വിജയാനന്ദനും കുടുംബവും സ്ഥലത്ത് ഉണ്ടായിരുന്നില്ല. രാവിലെ വീട്ടില്‍ നിന്നും രണ്ടു പേരുടെയും അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയൽപക്കത്ത് താമസിക്കുന്നവര്‍ ഇളയ മകനെ വിവരമറിയിച്ചു. തുടര്‍ന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഒരേ മുറിയില്‍ രണ്ടു പേരും മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണമെന്തെന്നത് സംബന്ധിച്ച്‌ വീട്ടുകാര്‍ക്കും സൂചനകളൊന്നുമില്ല.

വിജയകൃഷ്ണന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണന്നും അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.