അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രം. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുൽ ഗാന്ധി
സൈന്യത്തിലേക്ക് യുവാക്കളെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നയം വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തിൽ നടത്തുന്നുണ്ടെന്നും രണ്ട് വർഷത്തോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു. സേനയിൽ നിശ്ചിത കാലം തൊഴിൽ പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് കൂടുതൽ ജോലി സാധ്യതകൾ തുറന്നുകിട്ടുമെന്നും കേന്ദ്രസർക്കാർ പറയുന്നു.
അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. അഗ്നിപഥ് വിരുദ്ധർ രാജസ്ഥാനിലെ ജോധ്പൂരിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. ഇവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് സമാധാനം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിലും മധ്യപ്രദേശിലുമൊക്കെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
‘റാങ്കില്ല, പെൻഷനില്ല.. രണ്ട് വർഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വർഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴിൽരഹിതരുടെ ശബ്ദം കേൾക്കുവിൻ’ രാഹുൽ ട്വീറ്റ് ചെയ്തു.