ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍; കോൺഗ്രസിനോടുള്ള അതൃപ്തി അറിയിച്ച് സന്യാസിമാര്‍

ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍; കോൺഗ്രസിനോടുള്ള അതൃപ്തി അറിയിച്ച് സന്യാസിമാര്‍

  ശിവഗിരി മഠത്തിലെത്തിയ   രാഹുൽ ഗാന്ധിയെ സന്യാസിമാർ ഷാൾ അണിയിച്ച്  സ്വീകരിച്ചു. തുടര്‍ന്ന് മഹാസമാധിയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. തുടര്‍ന്ന് സന്യാസിമാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ശിവഗിരിയിലെ പ്രാര്‍ത്ഥനാ ചടങ്ങിലും രാഹുല്‍ പങ്കുചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സന്തോഷകരമായ അനുഭവമായെന്ന് ശ്രീനാരായണഗുരു ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.  

ക്ഷണിക്കപ്പെടാതെ വന്നു ചേർന്നതിൽ സന്തോഷമുണ്ട്. നേരത്തെ രണ്ട് തവണ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടും അസൗകര്യം കാരണം എത്താനായില്ല. നെഹ്റു കുടുംബം മുഴുവൻ മഠത്തിൽ എത്തിയിട്ടുണ്ട്. നെഹ്രുവും ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും മുൻപ് സന്ദർശിച്ചിട്ടുണ്ടെന്നും  സ്വാമി സച്ചിദാനന്ദ  പറഞ്ഞു.  മഠത്തിലെ വിവിധ കേന്ദ്രങ്ങൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. അത് സന്തോഷപ്രദമായ അനുഭവമായിരുന്നു. 

ശിവഗിരി മഠത്തിൽ നരേന്ദ്രമോദിയെന്നോ രാഹുൽ ഗാന്ധിയെന്നോ വ്യത്യാസമില്ല. എല്ലാവരെയും സ്വീകരിക്കുന്നതാണ് മഠത്തിന്‍റെ നിലപാട്. ശിവഗിരി മഠത്തോടും നാരായണഗുരു സങ്കല്പങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അനുഭാവ സമീപനമാണുള്ളത്.  ഇത് തുടർന്നാൽ ഇനിയും ഇടത് സർക്കാർ അധികാരത്തിലെത്തുമെന്നും സച്ചിദാനന്ദ പറഞ്ഞു. 28 ശതമാനമുളള ശ്രീനാരായണീയർക്ക് കോൺഗ്രസിൽ നിന്ന് ഒരു എം എൽ എ മാത്രം ആണുള്ളത്. ഇക്കാര്യത്തിലെ അതൃപ്തി മഠം രാഹുലിനെ അറിയിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞു.