“എത്ര പേരെ അറസ്റ്റ് ചെയ്യും?” അമിത് ഷായോട് അഭിജിത് ദീപ്കെ
ഒക്ടോബർ 10ന് ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെ നേതാക്കളെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് സിജെപി; “ഇന്ത്യ മുഴുവൻ ജന്തർ മന്തറിലെത്തും” എന്ന് അഭിജിത് ദീപ്കെ.
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ജന്തർ മന്തറിൽ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി തങ്ങളെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്യാൻ സർക്കാർ നീക്കം നടത്തുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഔദ്യോഗിക വക്താവ് സൗരവ് ദാസ്.
എസ്ഐആർ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡൽഹിയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന് മുൻപ് താനും അഭിജിത്, അഷുതോഷ്, രത്ന തുടങ്ങിയ പാർട്ടി നേതാക്കളും അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നാണ് സൗരവ് ദാസ് സമൂഹമാധ്യമത്തിലൂടെ ആരോപിച്ചത്.
അറസ്റ്റും മറ്റ് സമ്മർദങ്ങളും ഉപയോഗിച്ച് പ്രതിഷേധത്തെ തടയാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് തെറ്റായ കണക്കുകൂട്ടലായിരിക്കുമെന്ന് ദാസ് പ്രതികരിച്ചു. പുതുതലമുറ അവകാശങ്ങൾക്കായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും, ജയിൽ ഉൾപ്പെടെയുള്ള ഏത് നടപടിയും നേരിടാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവകാശങ്ങൾക്കും നല്ല ഭാവിക്കുമായി പോരാട്ടം തുടരണം. ഒക്ടോബർ 10ന് ആരംഭിക്കുന്ന ജനകീയ മുന്നേറ്റം ശക്തവും വിപുലവുമാക്കണം,” എന്നായിരുന്നു ദാസിന്റെ ആഹ്വാനം.
സൗരവ് ദാസിന്റെ പ്രതികരണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് വെല്ലുവിളിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും രംഗത്തെത്തി.
“നിങ്ങൾ എത്ര പേരെ അറസ്റ്റ് ചെയ്യും, അമിത് ഷാ? ഇന്ത്യ മുഴുവൻ ഒക്ടോബർ 10ന് ജന്തർ മന്തറിൽ എത്തും,” എന്നായിരുന്നു ദീപ്കെയുടെ പ്രതികരണം.
എസ്ഐആർ നടപടികളെച്ചൊല്ലിയുള്ള രാഷ്ട്രീയ പ്രതിഷേധം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ഒക്ടോബർ 10ലെ ജന്തർ മന്തർ പ്രതിഷേധം ദേശീയ ശ്രദ്ധ നേടുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)