എസ്.ഐ.ആർ. ഫോം 6-ന് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷന് തിരിച്ചടി
ബിഹാർ വിധിക്കുശേഷമാണ് പുതിയ ഫോം 6 അവതരിപ്പിച്ചത്; ‘കോടതി അംഗീകരിച്ചിട്ടില്ല, മാറ്റം വരുത്തിയത് ആരെന്ന് പരിശോധിക്കും’ — ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിനായി എസ്.ഐ.ആർ. പ്രക്രിയയിൽ ഉപയോഗിക്കുന്ന പരിഷ്കരിച്ച ഫോം 6-ന് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ വിചാരണാ നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിർണായക പരാമർശം നടത്തിയത്.
എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി ഓൺലൈൻ ഫോം 6-നൊപ്പം പുതിയ സത്യവാങ്മൂലം ഉൾപ്പെടുത്തിയത് സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരത്തെയുള്ള അവകാശവാദം. എന്നാൽ ബിഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പരിഷ്കരിച്ച പുതിയ ഫോം 6 പരിഗണിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ബിഹാർ എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിധി വന്നതിന് ശേഷമാണ് പുതിയ ഫോം 6 അവതരിപ്പിച്ചതെന്നതിനാൽ, അന്ന് കോടതിക്ക് ഈ വിഷയത്തിൽ പരിശോധന നടത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. പരിഷ്കരിച്ച ഏതെങ്കിലും ഫോം 6-ന് കോടതി അംഗീകാരം നൽകിയിട്ടില്ലെന്നും, രേഖകൾ കോടതിയിൽ ഹാജരാക്കുമ്പോൾ ഈ മാറ്റങ്ങൾ ആരാണ് വരുത്തിയതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സത്യവാങ്മൂലത്തിൽ വോട്ടറായി പുതുതായി പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളോ മാതാപിതാക്കളോ മുൻപ് നടന്ന എസ്.ഐ.ആറിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നോ എന്ന വിവരം വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആറിനായി ഉപയോഗിച്ചിരുന്ന പഴയ ഫോം 6-ൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല.
1960-ലെ ഇലക്ടേഴ്സ് രജിസ്ട്രേഷൻ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്താതെ ഫോം 6-ൽ മാറ്റം വരുത്താനാകില്ലെന്ന നിലപാട് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ തന്നെ സ്വീകരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ എതിർപ്പുകൾ മറികടന്നാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കിയതെന്ന ആരോപണവും ഇതോടെ ശക്തമായിരുന്നു.
മേയ് മാസത്തിലെ ബിഹാർ എസ്.ഐ.ആർ. കേസിലെ വിധിയിൽ ഫോം 6-ലെ സത്യവാങ്മൂലം സുപ്രീംകോടതി ശരിവെച്ചതായി സെപ്റ്റംബർ 26-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ പുതിയ ഫോം 6 ബിഹാർ വിധിക്ക് ശേഷമാണ് അവതരിപ്പിച്ചതെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശം ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ്.
ഗ്യാനേഷ് കുമാറിനെതിരേ അന്വേഷണവും പ്രോസിക്യൂഷനും ആവശ്യപ്പെട്ട് ഹർജി
അഡ്വ. ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്‌ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
ഏകപക്ഷീയമായി എടുത്തതെന്ന് ആരോപിക്കുന്ന 14 തീരുമാനങ്ങൾ റദ്ദാക്കണമെന്നും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സൈബർ സുരക്ഷാ, ഐ.ടി. വിദഗ്ധരെ ഉൾപ്പെടുത്തി സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണ കമ്മിഷനോ പ്രത്യേക അന്വേഷണ സംഘമോ (SIT) രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ മനീഷ് ഗാർഗ്, ഡയറക്ടർ ജനറൽ (ഐ.ടി.) സീമ ഖന്ന എന്നിവർക്കെതിരെ 1950-ലെ Representation of the People Act-ലെ സെക്ഷൻ 32 പ്രകാരം പരാതി നൽകുകയും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോം 6-ലെ പുതിയ മാറ്റത്തിന് സുപ്രീംകോടതിയുടെ അംഗീകാരമുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദത്തിന് നേരിട്ടുള്ള തിരിച്ചടിയാണ് ചീഫ് ജസ്റ്റിസിന്റെ ഇന്നത്തെ പരാമർശം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)