തിരംഗ റാലി: സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും; നേഹ ബോറയെ വിട്ടയച്ചു
തിരംഗ റാലിക്കിടെ കസ്റ്റഡിയിലായ ദിപ്കെയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും; അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്ന് സിജെപി, നേഹ ബോറയെ വിട്ടയച്ചു
ന്യൂഡൽഹി: സെൻട്രൽ പാർക്കിലേക്ക് നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകവേ കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് (എസ്ഇഎം) മുന്നിൽ ഹാജരാക്കും. അതേസമയം, ജന്തർമന്തറിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ വിട്ടയച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) 126, 170 വകുപ്പുകൾ പ്രകാരമാണ് അഭിജീത് ദിപ്കെയ്ക്കെതിരെ പൊലീസ് നടപടിയെടുത്തത്. കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ട് ദിപ്കെയ്ക്ക് രണ്ട് നോട്ടിസുകൾ നൽകിയിരുന്നുവെന്നും അവ ലംഘിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം.
നേരത്തെ സിജെപി നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ദിപ്കെയ്ക്ക്, ഒരു വർഷത്തേക്ക് പൊതുസമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചതെന്ന് പൊലീസ് പറയുന്നു. ഈ വ്യവസ്ഥ ദിപ്കെ ലംഘിച്ചുവെന്ന വാദവും ഇന്ന് കോടതിയിൽ ഉന്നയിക്കാനാണ് പൊലീസിന്റെ നീക്കം.
കസ്റ്റഡിയിൽ എടുത്തത് അജ്ഞാത കേന്ദ്രത്തിലേക്ക്;
ദിപ്കെയെ കസ്റ്റഡിയിലെടുത്തശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയില്ലെന്നും സിജെപി. അഭിഭാഷകരുമായി സംസാരിക്കാനുള്ള അനുമതി പോലും നിഷേധിച്ചെന്നാണ് സംഘടന. യുവാക്കളെ ഭീകരരെപ്പോലെയാണ് സർക്കാർ പരിഗണിക്കുന്നതെന്നും സിജെപി വിമർശിച്ചു.
നേഹ ബോറയെ അഞ്ചു മണിക്കൂറോളം കസ്റ്റഡിയിൽ വെച്ചു
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ ആർ.കെ. പുരം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇവിടെ അഞ്ച് മണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷമാണ് വിട്ടയച്ചത്. സ്റ്റേഷനിലെത്തിയ അഭിഭാഷകർക്കുപോലും നേഹയെ കാണാൻ അനുമതി നൽകിയില്ലെന്നാണ് ഐസയുടെ ആരോപണം.
ഇന്ന് വീണ്ടും പ്രതിഷേധം
അഭിജീത് ദിപ്കെയുടെ കസ്റ്റഡിയും പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളും രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ, ഇന്ന് സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇടത് യുവജന സംഘടനകൾ അറിയിച്ചു. തിരംഗ റാലിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഡൽഹിയിൽ വീണ്ടും പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)