പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തും; 108 സേവനം വിപുലീകരിച്ച് 335 ആംബുലൻസുകൾ നിരത്തിലിറക്കി
അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തു; നവജാതശിശുക്കൾക്കായി ആറ് പ്രത്യേക ആംബുലൻസുകൾ
തിരുവനന്തപുരം: രോഗികളുടെ വിളി ലഭിച്ചാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഈ ലക്ഷ്യം കൈവരിക്കുന്നതിലൂടെ രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരോഗ്യവകുപ്പിന്റെ 108 ആംബുലൻസ് സേവനത്തിനായി ഒരുക്കിയ 335 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗതമന്ത്രി സി.പി. ജോണും ചടങ്ങിൽ പങ്കെടുത്ത് ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
നിയോനേറ്റൽ, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് സംവിധാനങ്ങളുള്ള അത്യാധുനിക ആംബുലൻസുകളാണ് ആരോഗ്യവകുപ്പ് നിരത്തിലിറക്കിയത്. അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനും അപകടങ്ങളിൽപ്പെടുന്നവരെ വേഗത്തിൽ ആശുപത്രികളിലെത്തിക്കുന്നതിനും പുതിയ ആംബുലൻസുകൾ സഹായകമാകും.
ആകെ 335 ആംബുലൻസുകളിൽ 14 എണ്ണം അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് സംവിധാനങ്ങളുള്ളവയാണ്. നവജാതശിശുക്കൾക്കായുള്ള ആറ് നിയോനേറ്റൽ ആംബുലൻസുകളും ബേസിക് ലൈഫ് സപ്പോർട്ട് സംവിധാനങ്ങളുള്ള 315 ആംബുലൻസുകളും ഇതിൽ ഉൾപ്പെടുന്നു. വെന്റിലേറ്റർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങൾ സജ്ജീകരിച്ചാണ് ആംബുലൻസുകൾ ഒരുക്കിയിരിക്കുന്നത്.
ആരോഗ്യവകുപ്പിനെ സാമ്പത്തികപ്രയാസം ബാധിക്കാത്ത രീതിയിൽ മുന്നോട്ടുകൊണ്ടുപോകും
സാമ്പത്തികപ്രയാസങ്ങൾ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ മുന്നോട്ടുപോകുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള മരുന്നുകൾ സർക്കാർ എല്ലായിടത്തും ലഭ്യമാക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിലേറിയതിനുശേഷം മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.
പുനലൂരിൽ ആരംഭിച്ച 24 മണിക്കൂറും സ്പെഷലിസ്റ്റ് സേവനം ലഭ്യമാക്കുന്ന പ്രതീക്ഷാ കേന്ദ്രം വിജയകരമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ തുടങ്ങിയവരുടെ തസ്തികകൾ സൃഷ്ടിക്കും. ഇതുസംബന്ധിച്ച നിർദേശം ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്നും ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യമേഖലയിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കും. അതേസമയം, സർക്കാർ സർവീസിൽ തുടരുന്ന ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആംബുലൻസുകളുടെ താക്കോൽദാനം
നിയോനേറ്റൽ സംവിധാനങ്ങളുള്ള ആംബുലൻസിന്റെ താക്കോൽ മന്ത്രി കെ. മുരളീധരൻ കൈമാറി. അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസിന്റെ താക്കോൽദാനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എയും ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിന്റെ താക്കോൽദാനം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫും നിർവഹിച്ചു.
നിയോനേറ്റൽ ആംബുലൻസിലെ എമർജൻസി കിറ്റ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി കൈമാറി. അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസിലെ കിറ്റ് ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രേണു രാജും ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിലെ കിറ്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥനും കൈമാറി.
തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡി ഇൻ ചാർജ് രാകേഷ് ആർ.യു. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)