കിണറ്റിൽ വീണ ഒന്നര വയസ്സുകാരന് രക്ഷകനായി അയൽവാസി; സ്വന്തം ജീവൻ പണയം വെച്ച് ഷാജഹാന്റെ ഇടപെടൽ
പത്തടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തു; സമയോചിതമായ CPR നിർണായകമായി, എയ്ദൻ അപകടനില തരണം ചെയ്തു
എരുമേലി: മരണം മുന്നിൽ കണ്ട നിമിഷത്തിൽ ഒന്നര വയസ്സുകാരന് രക്ഷകനായി അയൽവാസി. എരുമേലി തുമരംപാറയിൽ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ കുഞ്ഞിനെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയ പി.കെ. ഷാജഹാന്റെ സമയോചിതമായ ഇടപെടലാണ് ഒരു പിഞ്ചുജീവന് തുണയായത്.
കാവുങ്കൽ ജയിംസ്–ജോസ്നി ദമ്പതികളുടെ ഇളയ മകൻ എയ്ദനാണ് അപകടത്തിൽപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പത്തടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ പരിഭ്രാന്തരായ കുടുംബാംഗങ്ങളുടെ നിലവിളി കേട്ടാണ് സമീപത്തെ പുരയിടത്തിൽ കൃഷിപ്പണിയിലായിരുന്ന ഷാജഹാൻ ഓടിയെത്തിയത്.
ഒട്ടും സമയം പാഴാക്കാതെ സമീപത്തുണ്ടായിരുന്ന ഏണിയുടെ സഹായത്തോടെ ഷാജഹാൻ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ പുറത്തെടുക്കുമ്പോൾ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല.
പ്രാണവായുവിനായി പിടഞ്ഞ കുഞ്ഞിന് ഷാജഹാൻ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. കിണറ്റിൽവെച്ചും പുറത്തെടുത്ത ശേഷവും നൽകിയ CPR ഉൾപ്പെടെയുള്ള അടിയന്തര ശുശ്രൂഷകൾ കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നതിൽ നിർണായകമായി.
തുടർന്ന് കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ (ICH) എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം എയ്ദൻ അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരികയാണ്.
ഒരു നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തത്തിലേക്ക് നയിക്കാമായിരുന്ന സാഹചര്യത്തിലാണ് ഷാജഹാന്റെ സമയോചിതമായ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. സംഭവത്തിന് പിന്നാലെ ഷാജഹാന്റെ ധീരതയെ അഭിനന്ദിച്ച് നാട്ടുകാരും സോഷ്യൽ മീഡിയയിലും നിരവധിപേർ രംഗത്തെത്തി. തുമരംപാറയുടെ സ്വന്തം രക്ഷകനായാണ് ഇപ്പോൾ ഷാജഹാനെ നാട്ടുകാർ കാണുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)