ഹൊസങ്കടി–വെള്ളാപ്പ് റെയിൽവേ മേൽപ്പാലങ്ങൾക്ക് GAD അംഗീകാരം; നിർമാണത്തിന് വഴിതുറന്നു

റെയിൽവേയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി; എസ്റ്റിമേറ്റ്, സ്ഥലമേറ്റെടുപ്പ്, ടെൻഡർ നടപടികൾ ഉടൻ

Aug 17, 2026 - 21:01
0
ഹൊസങ്കടി–വെള്ളാപ്പ് റെയിൽവേ മേൽപ്പാലങ്ങൾക്ക് GAD അംഗീകാരം; നിർമാണത്തിന് വഴിതുറന്നു

കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ മഞ്ചേശ്വരം ഹൊസങ്കടി (LC No.289), തൃക്കരിപ്പൂർ വെള്ളാപ്പ് റോഡ് (LC No.266) റെയിൽവേ മേൽപ്പാലങ്ങളുടെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗിന് (GAD) റെയിൽവേയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ദക്ഷിണ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ഡെപ്യൂട്ടി എഞ്ചിനീയർ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.

മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനിന്നിരുന്ന പ്രധാന തടസ്സങ്ങളിലൊന്നാണ് GAD അനുമതി. റെയിൽവേ അധികൃതരുമായി നിരവധി തവണ ചർച്ച നടത്തുകയും വിവിധ യോഗങ്ങളിൽ വിഷയം ഉന്നയിക്കുകയും നിവേദനങ്ങൾ നൽകുകയും ചെയ്തതിന്റെ ഫലമായാണ് അനുമതി ലഭിച്ചതെന്ന് എംപി പറഞ്ഞു.

GAD അംഗീകാരം ലഭിച്ചതോടെ പദ്ധതിയുടെ തുടർനടപടികൾക്ക് വഴിതുറന്നു. എസ്റ്റിമേറ്റ് തയ്യാറാക്കൽ, സ്ഥലമേറ്റെടുപ്പ്, ടെൻഡർ നടപടികൾ, കരാറുകാരെ നിയമിക്കൽ തുടങ്ങിയ ഘട്ടങ്ങളാണ് ഇനി പൂർത്തിയാക്കാനുള്ളത്.

17-ാം ലോക്‌സഭാ കാലയളവിലും നിലവിലെ 18-ാം ലോക്‌സഭാ കാലയളവിലും നടത്തിയ നിരന്തര ഇടപെടലുകളുടെ തുടർച്ചയായാണ് ഹൊസങ്കടി, വെള്ളാപ്പ് മേൽപ്പാലങ്ങൾക്ക് GAD അംഗീകാരം ലഭിച്ചതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. നീലേശ്വരം പള്ളിക്കര, കോട്ടിക്കുളം, പയ്യന്നൂർ–വേങ്ങര, കാഞ്ഞങ്ങാട്–കുശാൽ നഗർ, തൃക്കരിപ്പൂർ–ബീരിച്ചേരി റെയിൽവേ ഗേറ്റുകളുടെ കാര്യത്തിൽ നടത്തിയ ഇടപെടലുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി മണ്ഡലത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ഈ പദ്ധതികൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി തന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ തുടരുമെന്നും എംപി വ്യക്തമാക്കി.

അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികൾ, വ്യാപാരി സമൂഹം, പൊതുജനങ്ങൾ എന്നിവരുടെ പൂർണ സഹകരണം ഉറപ്പായാൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User