‘വേണമെങ്കിൽ കേസെടുത്തോളൂ, പക്ഷേ സ്കൂളുകൾ നന്നാക്കാതെ പിന്നോട്ടില്ല’: രാജസ്ഥാൻ സർക്കാരിനെതിരെ സി.ജെ.പി
സ്കൂൾ കോമ്പൗണ്ടിൽ മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതും ചിത്രങ്ങളോ വീഡിയോയോ പകര്ത്തുന്നതും വിലക്കിയ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്ശനവുമായി സി.ജെ.പി വക്താവ്.
സംസ്ഥാനത്തെ തകർന്നു കിടക്കുന്ന സ്കൂൾ കെട്ടിടങ്ങൾ സന്ദർശിച്ച് പരിശോധന നടത്തുന്നത് തുടരുമെന്നും, പൊലീസ് നടപടിയുണ്ടായാൽ പോലും അതിൽനിന്ന് പിന്മാറില്ലെന്നും സി.ജെ.പി വക്താവും സഹസംയോജകനുമായ അശുതോഷ് റങ്ക വ്യക്തമാക്കി.
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.ജെ.പി ‘സ്കൂൾ ഠീക് കരോ’ എന്ന പേരിൽ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ്, സ്കൂളുകളിൽ പുറത്തുനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
"രാജസ്ഥാനിലെ മുഴുവൻ സ്കൂളുകളുടെയും അവസ്ഥ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. അതല്ലെങ്കിൽ ഞങ്ങൾക്കെതിരെ മുൻകൂട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യൂ. എന്തൊക്കെ വന്നാലും ഈ ക്യാമ്പയിനുമായി ഞങ്ങൾ മുന്നോട്ടുപോകും," അശുതോഷ് തുറന്നടിച്ചു.
സർക്കാർ സ്കൂളുകളിലെ പോരായ്മകളും ജീർണാവസ്ഥയും പരിഹരിക്കുന്നതിന് പകരം അവ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് ഇത്തരം വിലക്കുകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഗോവിന്ദ് സിങ് ദോത്തസാരയും ആരോപിച്ചു. പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് രാജസ്ഥാൻ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ലളിത് കുമാർ കഴിഞ്ഞ ദിവസമാണ് സർക്കുലർ ഇറക്കിയത്.
പ്രിൻസിപ്പലിന്റെയോ സ്കൂൾ മേധാവിയുടെയോ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ആരും സ്കൂൾ വളപ്പിൽ പ്രവേശിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ അധ്യാപകരുടെയോ സ്കൂൾ അധികൃതരുടെയോ സാന്നിധ്യമില്ലാതെ ക്ലാസ് മുറികൾ, ലബോറട്ടറികൾ, ഹോസ്റ്റലുകൾ, ശുചിമുറികൾ തുടങ്ങിയ സ്ഥലങ്ങളിൽ കടന്നുചെല്ലാൻ പാടില്ലെന്നും നിർദേശമുണ്ട്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങളോ ഓഡിയോയോ ചിത്രീകരിക്കുന്നതും ലൈവ് സ്ട്രീമിങ് നടത്തുന്നതും വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരെ പുറത്താക്കാൻ പ്രിൻസിപ്പൽമാർക്ക് പൂർണ അധികാരം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി 'ലോക്കോ പാരന്റീസ്' (മാതാപിതാക്കളുടെ സ്ഥാനത്ത് നിൽക്കുക) എന്ന തത്വം ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം, സ്വകാര്യത, അന്തസ്സ് എന്നിവ സംബന്ധിച്ച സുപ്രീം കോടതി വിധികളും സ്കൂൾ സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തിയാണ് ഉത്തരവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
'സ്കൂൾ ഠീക് കരോ' ക്യാമ്പയിൻ എന്താണ്:
-
സർക്കാരുകൾക്ക് മുന്നിൽ പൊതുവിദ്യാലയങ്ങളുടെ ശോചനീയാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാണിക്കാൻ സി.ജെ.പി ആരംഭിച്ച ജനകീയ പ്രചാരണ പരിപാടിയാണിത്.
-
സ്കൂളുകളിലെ തകർന്ന ക്ലാസ് മുറികൾ, വൃത്തിഹീനമായ ശുചിമുറികൾ, കുടിവെള്ള ലഭ്യതക്കുറവ് എന്നിവ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)