ജോൺ ബ്രിട്ടാസിനെ ബസിനുള്ളിൽ ചവിട്ടിയെന്ന് പരാതി; ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ദില്ലിയിൽ നാടകീയ രംഗങ്ങൾ; ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റിയ ബ്രിട്ടാസിനെ പിന്നീട് വഴിയിൽ ഇറക്കിവിട്ടു.

Oct 11, 2026 - 15:23
Updated: 1 hour ago
0
ജോൺ ബ്രിട്ടാസിനെ ബസിനുള്ളിൽ ചവിട്ടിയെന്ന് പരാതി; ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണാട്ട് പ്ലേസിൽ നടന്ന പ്രതിഷേധത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പൊലീസ് നടപടി. ബലംപ്രയോഗിച്ച് നിലത്തുകൂടി വലിച്ചിഴച്ച് പൊലീസ് ബസിൽ കയറ്റിയ ബ്രിട്ടാസിനെ പിന്നീട് വഴിയിൽ ഇറക്കിവിട്ടതായാണ് റിപ്പോർട്ട്.

പൊലീസ് ബസിനുള്ളിൽവെച്ച് തന്നെ ചവിട്ടുകയും ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ് പ്രവർത്തകരാണ് കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിനിടെ എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ നെറ്റി പൊട്ടിയതായാണ് വിവരം.

ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടയാൻ ശ്രമമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ സഖ്യം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ചീഫ് ജസ്റ്റിസിന് നിവേദനം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സഖ്യം ആലോചിക്കുന്നുണ്ട്.

നേരത്തേ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകിയ പ്രതിപക്ഷം, ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാനാണ് ലക്ഷ്യമിടുന്നത്.

സിജെപിക്കൊപ്പവും ഇന്ത്യാ സഖ്യത്തിനൊപ്പവും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User