പോലീസ് നരനായാട്ട്; മാധ്യമ പ്രവർത്തകർക്ക് നേരെ പോലീസ് ആക്രമണം, പ്രതിഷേധച്ചൂടിൽ ഡൽഹി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു; കസ്റ്റഡിയിലും ഉപകരണങ്ങൾ പിടിച്ചെടുത്തതിലും മാധ്യമസംഘടനകളുടെ പ്രതിഷേധം.
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മാധ്യമപ്രവർത്തകർക്കു നേരെയും പോലീസ് നടപടിയുണ്ടായതായി റിപ്പോർട്ടുകൾ. മാതൃഭൂമി ഫോട്ടോഗ്രാഫർ വിഷ്ണുപ്രസാദിന് നേരെ ഡൽഹി പോലീസ് ആക്രമണം നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവന്നതോടെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായി.
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടയുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. പോലീസ് നടപടികൾ ചിത്രീകരിക്കുകയും പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകരും നടപടിക്ക് ഇരയായതെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു
പ്രസ് തിരിച്ചറിയൽ കാർഡുകൾ കൈവശമുണ്ടായിരുന്നിട്ടും മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായും ചിലരുടെ മൊബൈൽ ഫോണുകളും റിപ്പോർട്ടിങ് ഉപകരണങ്ങളും പിടിച്ചെടുത്തതായും മാധ്യമസംഘടനകൾ ആരോപിച്ചു. ദ ക്വിന്റ്, ദ വയർ, സ്ക്രോൾ തുടങ്ങിയ മാധ്യമങ്ങളിലെ റിപ്പോർട്ടർമാരും കസ്റ്റഡിയിലായവരിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
മാധ്യമപ്രവർത്തകരെ അവരുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് തടയുകയും റിപ്പോർട്ടിങ് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നാണ് ഉയരുന്ന വിമർശനം.
മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഇത്തരം നടപടികൾ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യത്തെയും മാധ്യമപ്രവർത്തകരുടെ സുരക്ഷയെയും സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
മാധ്യമസംഘടനകൾ രംഗത്ത്
മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ (PCI), ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് (IWPC), ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (DUJ), കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് ഡൽഹി ഘടകം തുടങ്ങിയ സംഘടനകൾ പ്രതിഷേധിച്ചു.
കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ വിട്ടയക്കുക, പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകുക, സംഭവത്തിൽ അന്വേഷണം നടത്തുക, ഡൽഹി പോലീസ് പരസ്യമായി മാപ്പുപറയുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിച്ചത്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആർ (SIR) നടപടികളുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണമാണ് പ്രതിഷേധത്തിന് പിന്നിൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് പ്രതിപക്ഷം പറഞ്ഞു.
ഡൽഹിയിൽ കനത്ത നിയന്ത്രണങ്ങൾ
പ്രതിഷേധം ശക്തമായതോടെ ഡൽഹിയിൽ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും വൻതോതിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ് ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും അടച്ച സാഹചര്യമാണ്.
പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെ മാധ്യമപ്രവർത്തകരും നടപടിക്ക് ഇരയായെന്ന റിപ്പോർട്ടുകൾ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശവും തടസ്സമില്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
മാതൃഭൂമി ഫോട്ടോഗ്രാഫർ വിഷ്ണുപ്രസാദിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥറെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന ആവശ്യവും ഉയരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)