കെപിസിസി അധ്യക്ഷനാകാൻ എ.പി. അനിൽകുമാർ? മന്ത്രിസഭയിൽ അഴിച്ചുപണിക്ക് നീക്കം

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എ.പി. അനിൽകുമാറിന്റെ പേര് സജീവമായതോടെ മന്ത്രിസ്ഥാനം രാജിവെക്കുന്നതും പകരം മാത്യു കുഴൽനാടനെ പരിഗണിക്കുന്നതും സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ ചൂടുപിടിക്കുന്നു.

Oct 27, 2026 - 15:11
Updated: 1 hour ago
0
കെപിസിസി അധ്യക്ഷനാകാൻ എ.പി. അനിൽകുമാർ? മന്ത്രിസഭയിൽ അഴിച്ചുപണിക്ക് നീക്കം

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എ.പി. അനിൽകുമാറിന്റെ പേര് സജീവമായതോടെ മന്ത്രിസ്ഥാനം രാജിവെക്കുന്നതും പകരം മാത്യു കുഴൽനാടനെ പരിഗണിക്കുന്നതും സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ ചൂടുപിടിക്കുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് അഞ്ച് മാസം പിന്നിട്ടതേയുള്ളൂ. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ യുഡിഎഫിന് കഴിയുന്നുണ്ട്. മികച്ച പ്രവർത്തനങ്ങളുമായി എല്ലാ മന്ത്രിമാരും കളം നിറയുന്നുമുണ്ട്. എന്നാൽ അതിനിടയിൽ കോൺഗ്രസിന്റെ ഒരു മന്ത്രി രാജിവെക്കേണ്ടി വരുമെന്ന വാർത്തകൾ പുറത്തുവരികയാണ്. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചേക്കുമെന്നാണ് സൂചനകൾ. അതിന് കാരണം കോൺഗ്രസിലെ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകളാണ്.

യുഡിഎഫ് ഭരണം ഏറ്റതുമുതൽ അതിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടി നാഥനില്ലാക്കളരി പോലെയാണ്. കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് വന്നതോടെയാണ് അത്തരമൊരു പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. മന്ത്രിസ്ഥാനം ഏറ്റെടുത്തത് മുതൽ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത സണ്ണി വക്കീൽ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അന്നുമുതൽ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചതുമാണ്. എന്നാൽ ഇതുവരെയും അധ്യക്ഷനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനോടകം യുവാക്കളും മുതിർന്നവരും പരിചയസമ്പന്നരും ഉൾപ്പെടെ ഒരുപിടി നേതാക്കളുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുണ്ട്. ബെന്നി ബെഹന്നാൻ, ജോസഫ് വാഴക്കൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ അങ്ങനെ പലരുടെയും പേരുകൾ ചർച്ചയായി. കൂടാതെ അടൂർ പ്രകാശും രാജ്മോഹൻ ഉണ്ണിത്താനും എല്ലാം തങ്ങളെയും പരിഗണിക്കണമെന്നും തങ്ങൾക്ക് അർഹതയുണ്ടെന്നും ഉള്ള പരസ്യപ്രതികരണങ്ങളുമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനില്ലാത്തത് പാർട്ടിയിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. പാർട്ടി-സർക്കാർ ഏകോപനം കൃത്യമായി നടക്കുന്നില്ല, അത് ഭരണത്തെ ബാധിക്കുന്നു എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ ഉൾപ്പെടെ പല നേതാക്കളും ഉന്നയിച്ചിട്ടുള്ളത്. കെപിസിസി അധ്യക്ഷനെ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ അന്തിമ തീരുമാനം ഉണ്ടാകൂ. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയതോടെ ഇനി കെപിസിസി അധ്യക്ഷനെ നിയമിക്കുമ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കേണ്ടതുണ്ട്. കെ.സി. വിഭാഗത്തിൽ നിന്നുള്ള ഒരാൾ തന്നെയാകും പാർട്ടിയുടെ തലപ്പത്ത് വരിക എന്നാണ് സൂചന. അതുകൊണ്ടുതന്നെ ഒരിടവേളയ്ക്ക് ശേഷം കോൺഗ്രസിൽ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുമ്പോൾ ഉയർന്നുകേൾക്കുന്ന പ്രധാന പേര് മന്ത്രി എ.പി. അനിൽകുമാറിന്റേതാണ്. കെ.സിയുടെ വലംകൈയും വിശ്വസ്തനുമാണ് അനിൽകുമാർ. അങ്ങനെയൊരു ആളെ പാർട്ടി അധ്യക്ഷനാക്കിയാൽ അതുവഴി ഭരണത്തിലും കെ.സിക്ക് പിടിമുറുക്കാമെന്നൊരു കാര്യമുണ്ട്. കെപിസിസി അധ്യക്ഷനാകുന്നതിൽ അനിൽകുമാറിന്റെ സന്നദ്ധത ഹൈക്കമാൻഡ് തേടിയിട്ടുണ്ടെന്നാണ് വിവരം. സന്നദ്ധനാണെങ്കിൽ സണ്ണി ജോസഫിന് പകരക്കാരനായി എ.പി. തന്നെ വരും. അങ്ങനെ പിന്നാക്ക വിഭാഗക്കാരനായ ഒരാളെ ആ സ്ഥാനത്ത് എത്തിക്കുവാനും പാർട്ടിക്ക് കഴിയും. അനിൽകുമാർ മന്ത്രിസ്ഥാനം ഒഴിഞ്ഞാൽ പകരം ഒരാളെ കണ്ടെത്തണം, ഒപ്പം സ്വാഭാവികമായും വകുപ്പുകളിലും മാറ്റം വരും. അനിൽകുമാർ കെ.സി. പക്ഷക്കാരനായതിനാൽ പകരം മറ്റൊരു വിശ്വസ്തനായ മാത്യു കുഴൽനാടനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് നീക്കം. എന്നാൽ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതിൽ അനിൽകുമാറിന് താൽപര്യമില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ നേരത്തെ ഉയർന്നുകേട്ട പേരുകളിലേക്ക് തന്നെ ചർച്ചകൾ തിരിച്ചുപോകും. എന്തായാലും ഹൈക്കമാൻഡ് തീരുമാനം ഇനി അധികം വൈകില്ലെന്നാണ് സൂചന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User