വാടക കൊടുക്കാൻ പണമില്ല, ജോലി തേടുന്നു; ബിജെപി വിട്ടതിന് കാരണം വെളിപ്പെടുത്തി ഷെഹ്‌സാദ് പൂനാവാല
ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവെച്ചതിന് പിന്നിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രവർത്തകർക്കോ വക്താക്കൾക്കോ ശമ്പളം നൽകുന്നില്ലെന്നും, അതിനാൽ ഉപജീവനത്തിനായി സ്വകാര്യ മേഖലയിൽ ജോലി കണ്ടെത്തെണ്ടതുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
"എനിക്ക് എല്ലാ മാസവും ഒന്നാം തീയതി വാടക കൊടുക്കേണ്ടതുണ്ട്. ഞാൻ ബിജെപി വക്താവായതുകൊണ്ട് വീട്ടുടമസ്ഥൻ എനിക്ക് വാടകയിളവൊന്നും നൽകില്ല. രാഷ്ട്രീയ പ്രവർത്തനം ഒരു ജോലിയല്ല. അതിനാൽ പാർട്ടിയിൽ നിന്ന് ശമ്പളം പ്രതീക്ഷിക്കാനാകില്ല. രാഷ്ട്രീയ കുടുംബ പശ്ചാത്തലമില്ലാത്ത എന്നെപ്പോലൊരാൾക്ക് ജീവിക്കാൻ മറ്റു മാർഗങ്ങൾ തേടിയേ മതിയാകൂ" - പൂനാവാല പറഞ്ഞു. 2024 മുതൽ തന്നെ സ്വകാര്യ മേഖലയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് പൂനാവാല പാർട്ടി ഭാരവാഹിത്വവും അംഗത്വവും രാജിവെച്ചത്. പാർട്ടി സംഘടനയിൽ നിന്ന് പിന്മാറിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളോടും ബിജെപിയുടെ ആശയങ്ങളോടും തനിക്ക് ഇപ്പോഴും പൂർണ്ണ പ്രതിബദ്ധതയുണ്ടെന്നും, ആശയപരമായ പിന്തുണ തുടർന്നും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)