രാഹുൽ ഗാന്ധിയെ ഭയന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ? സുപ്രീം കോടതിയിൽ സത്യവാങ്മൂലം
എസ്.ഐ.ആർ നടപടികളിലെ ക്രമക്കേടുകൾ ഉന്നയിച്ച് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും നടത്തിയ നീക്കങ്ങൾക്കിടെ, ആരോപണങ്ങൾ തള്ളിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ 249 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചു.
സത്യം പറഞ്ഞാൽ രാഹുൽ ഗാന്ധിയുടെ ഓരോ നീക്കവും ബിജെപിയെയും കേന്ദ്രത്തെയും ആ കേന്ദ്രത്തിന് ഒത്താശ പാടുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്! അതുകൊണ്ടാണ് തമ്മിലടിച്ചുകൊണ്ടിരുന്ന മൂന്ന് കമ്മീഷണർമാരും ഇപ്പോൾ ഒരുമിച്ചുനിന്നുകൊണ്ട് ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഒറ്റക്കെട്ടായി അവകാശപ്പെടുന്നത്. അതും വലിയ സമരങ്ങൾ നടത്തി സുപ്രീം കോടതിക്ക് മുന്നിലേക്ക് വലിയ ജനക്കൂട്ടത്തോടെ നീങ്ങി രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ഒന്നടങ്കം നൽകിയ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഒറ്റക്കെട്ടായ നാടകം അരങ്ങേറുന്നത്. ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്; സുപ്രീം കോടതിയിലേക്ക് വലിയ ജനസന്നാഹവുമായി നീങ്ങിയ രാഹുൽ ഗാന്ധിക്കെതിരെ വലിയ രീതിയിലുള്ള കള്ളക്കഥകളാണ് അന്ന് അരങ്ങേറിയത്. രാഹുൽ ഗാന്ധി സുപ്രീം കോടതിയുടെ പടിയിലേക്ക് മാധ്യമപ്രവർത്തകയായ ഗർഭിണിയെ തള്ളിയിട്ടെന്നും, ആ മാധ്യമപ്രവർത്തക മുഖമടിച്ച് വീണ് പരിക്കേറ്റ് ആശുപത്രിയിലായി എന്നുമൊക്കെയുള്ള വ്യാജ പ്രചാരണങ്ങളുമായി രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാനും വലിയ പുകിലുണ്ടാക്കാനും ബിജെപി കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായി മാറി!...
അതിനുശേഷമാണ് സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ 249 പേജുള്ള മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തു എന്നതടക്കമുള്ള പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നതാണ് കമ്മീഷന്റെ ഈ സത്യവാങ്മൂലം. കമ്മീഷണർമാർക്കിടയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, എസ്.ഐ.ആറുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളിലെയും തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നു എന്നുമാണ് കമ്മീഷൻ ഇപ്പോൾ വാദിക്കുന്നത്. എന്നാൽ ഈ തീരുമാനങ്ങൾ എടുത്തതിന്റെ യഥാർഥ മിനിറ്റ്സോ മറ്റ് ഔദ്യോഗിക രേഖകളോ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കാൻ കമ്മീഷൻ തയ്യാറായിട്ടില്ല എന്നത് അവരുടെ വാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. ഹർജിയുടെ സാധുത ചോദ്യം ചെയ്ത് അത് തള്ളിക്കളയണമെന്നാണ് കമ്മീഷൻ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫോം 6 ഭേദഗതി ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ ആവർത്തിക്കുമ്പോഴും, പ്രതിപക്ഷം ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെ കഴിഞ്ഞ 21-ാം തീയതി ഓൺലൈനിൽ വരുത്തിയ മാറ്റങ്ങൾ കമ്മീഷന്റെ കുറ്റസമ്മതമായി മാറുകയാണ്. ഫോം 6-ഉം ഡിക്ലറേഷൻ ഫോമും ഓൺലൈനിൽ ഒന്നിച്ച് നൽകിയിരുന്ന രീതി മാറ്റി വേർതിരിച്ചു നൽകിയത് വലിയൊരു തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്ന് കമ്മീഷൻ തന്നെ ഇപ്പോൾ സമ്മതിക്കുന്നുണ്ട്. ഇത്രയൊക്കെ പുകിലുകൾ നടന്നിട്ടും, സുപ്രീം കോടതി ജഡ്ജിമാരുടേതിന് സമാനമായി പാർലമെന്റിലെ കുറ്റവിചാരണയിലൂടെ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാനാകൂ എന്നും, ഗ്യാനേഷ് കുമാറിനെതിരെയുള്ള ഹർജികൾ നിലനിൽക്കില്ലെന്നും വാദിച്ച് തടിയൂരാനാണ് കമ്മീഷൻ ഇപ്പോൾ ശ്രമിക്കുന്നത്. ഏതായാലും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയുടെ ഈ ശക്തമായ ഇടപെടൽ കമ്മീഷനെ അക്ഷരാർഥത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്, കോടതിയുടെ നിർണായക ഉത്തരവുകൾക്കായി രാജ്യത്തിന്റെ കണ്ണുകൾ മുഴുവൻ സുപ്രീം കോടതിയിലേക്ക് ഉറ്റുനോക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)