നർമദാ നദിക്കരയിൽ ആയിരക്കണക്കിന് വോട്ടർ ഐഡികൾ; മധ്യപ്രദേശിൽ വൻ വിവാദം
മധ്യപ്രദേശിലെ നർമദാ നദിക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയതോടെ വോട്ട് മോഷണം ആരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
ഭരണഘടന നൽകുന്ന ജനാധിപത്യ അവകാശമായ വോട്ടവകാശത്തെയും അതിനായി ഉപയോഗിക്കുന്ന വോട്ടർ പട്ടികയെയും വോട്ടർ തിരിച്ചറിയൽ രേഖകളെയും അട്ടിമറിക്കാൻ സംഘടിതമായ നീക്കങ്ങൾ നടക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ മധ്യപ്രദേശിൽ ഉണ്ടായിരിക്കുന്നത്. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ നർമദ നദിക്കരയിൽ ആയിരക്കണക്കിന് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. ഖാർഗോൺ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധമായ മണ്ഡലേശ്വർ ഘാട്ടിലാണ് നർമദ നദിയുടെ തീരത്തും വെള്ളത്തിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഈ വോട്ടർ കാർഡുകളിൽ ഭൂരിഭാഗവും അയൽ ജില്ലയായ ഇന്ദോറിലെ റാവു നിയമസഭാ മണ്ഡലത്തിൽപ്പെട്ട വോട്ടർമാരുടേതാണ്. 2016, 2019 തുടങ്ങിയ വിവിധ വർഷങ്ങളിൽ വിതരണം ചെയ്തതും വോട്ടർമാരുടെ പേരും മേൽവിലാസവും കൃത്യമായി രേഖപ്പെടുത്തിയതുമായ കാർഡുകളാണ് ഇവയിൽ ഏറെയും. എന്നാൽ എത്രത്തോളം വോട്ടർ ഐഡി കാർഡുകൾ ഇവിടെ തള്ളിയിട്ടുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് കാർഡുകൾ വെള്ളത്തിലും തീരത്തെ മണ്ണിലുമായി ചിതറിക്കിടക്കുന്നുണ്ടെന്നാണ് പ്രദേശവാസികളും പ്രതിപക്ഷ നേതാക്കളും വ്യക്തമാക്കുന്നത്. ഞായറാഴ്ച രാവിലെ പ്രാദേശിക ജീവകാരുണ്യ സംഘടനയായ 'നിസ്വാർത്ഥ സേവാ സമിതി'യിലെ അംഗങ്ങൾ നർമദ ഘാട്ടിൽ പതിവ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് വെള്ളത്തിനിടയിലും തീരത്തുമായി വോട്ടർ കാർഡുകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവർ വിവരം പ്രാദേശിക ഭരണകൂടത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് നദിക്കരയിൽ വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ദൃശ്യങ്ങൾ കാട്ടുതീ പോലെ പടർന്നതോടെ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തുകയും കാർഡുകൾ ശേഖരിച്ച് ഔദ്യോഗികമായി മഹസർ തയ്യാറാക്കുകയും ചെയ്തു.
സംഭവം വൻ വിവാദമായതോടെ മഹേശ്വർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പൂർവ മാണ്ഡ്ലോയ് വിഷയം സ്ഥിരീകരിക്കുകയും സംഭവം അന്വേഷിക്കാൻ തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തു. കണ്ടെത്തിയ കാർഡുകളുടെ കൃത്യമായ എണ്ണം ശേഖരിച്ചു വരികയാണെന്നും അന്വേഷണത്തിന് ശേഷം മാത്രമേ യഥാർത്ഥ വിവരങ്ങൾ പുറത്തുവരികയുള്ളൂ എന്നും അവർ വ്യക്തമാക്കി. അതേസമയം വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയത് മധ്യപ്രദേശിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. വലിയ തോതിലുള്ള പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഖാർഗോൺ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് രവി നായകിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ മണ്ഡലേശ്വർ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രദേശവാസികൾ കണ്ടെടുത്ത് നൽകിയതും മറ്റ് ശേഖരിച്ചതുമായ നിരവധി വോട്ടർ ഐഡി കാർഡുകൾ കോൺഗ്രസ് നേതാക്കൾ എസ്.ഡി.ഒ.പിക്ക് കൈമാറുകയും കുറ്റക്കാർക്കെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. റാവു മണ്ഡലത്തിലെ വോട്ടർമാരുടെ കാർഡുകൾ കിലോമീറ്ററുകൾ അകലെയുള്ള ഖാർഗോണിലെ നദിയിൽ എങ്ങനെ എത്തി എന്നതിന് ഉത്തരം വേണമെന്ന് അവർ ആവശ്യപ്പെട്ടു. വോട്ട് മോഷണവും വോട്ടർമാരെ ഒഴിവാക്കാനുള്ള ഗൂഢാലോചനയുമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് മുൻ മന്ത്രി ഡോ. വിജയലക്ഷ്മി സാധൗ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും വീഡിയോ പങ്കുവെച്ച് രംഗത്തെത്തി. നദി ആഴത്തിലുള്ള പ്രദേശമായതിനാൽ ഇനിയും കൂടുതൽ വോട്ടർ ഐഡി കാർഡുകൾ ഒഴുക്കിവിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ നദിയിൽ വിശദമായ തിരച്ചിൽ നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കൂട്ടുകച്ചവടത്തിന്റെ തെളിവുകളാണ് ആ നദിക്കരയിൽ നമ്മൾ കണ്ടത് എന്നുള്ളത് വ്യക്തമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ കാത്തുസൂക്ഷിക്കാനും ഈ അനീതിക്കെതിരെ ശക്തമായ പ്രതികരണവും സ്വതന്ത്രവും സുതാര്യവുമായ സമഗ്രമായ അന്വേഷണവും അത്യന്താപേക്ഷിതമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)