മന്ത്രിയുടെ വാഹനം തടഞ്ഞ പ്രതിഷേധത്തിൽ പങ്കാളിത്തം; ഡോ. സിദ്ധാർഥിനെ , NHM പുറത്താക്കി
മന്ത്രിയുടെ വാഹനം തടഞ്ഞ പ്രതിഷേധത്തിൽ പങ്കാളിത്തം; സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ, NHM സേവനം അവസാനിപ്പിച്ചു
കാഞ്ഞങ്ങാട്: മന്ത്രി ഒ.ജെ. ജനീഷിനെതിരെ കാഞ്ഞങ്ങാട്ട് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കാസർകോട് ജില്ലാ ആശുപത്രിയിലെ ഡെന്റൽ സർജൻ ഡോ. സിദ്ധാർഥ് രവീന്ദ്രനെ ദേശീയ ആരോഗ്യ ദൗത്യത്തിന് (NHM) കീഴിലെ സേവനത്തിൽ നിന്ന് പുറത്താക്കി. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനവും ഗുരുതരമായ അച്ചടക്കലംഘനവുമാണ് സിദ്ധാർഥിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് NHM ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ NHM-ന് കീഴിൽ അഡ്ഹോക്ക് ഡെന്റൽ സർജനായി ജോലി ചെയ്തുവരികയായിരുന്നു സിദ്ധാർഥ്. മന്ത്രിയുടെ വാഹനം തടഞ്ഞ് DYFI നടത്തിയ പ്രതിഷേധത്തിൽ സിദ്ധാർഥ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പ്രതിഷേധത്തിൽ സിദ്ധാർഥ് മുന്നിൽ ഉണ്ടായിരുന്നു. സംഭവത്തിൽ സിദ്ധാർഥിനെതിരെ യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് അസംബ്ലി കമ്മറ്റി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ഡോക്ടർ ജോലിസ്ഥലത്ത് നിന്ന് വിട്ടുനിന്നുവെന്നായിരുന്നു പരാതി. സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് NHM നടപടി സ്വീകരിച്ചത്.
സിദ്ധാർഥ് DYFI കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും CPM ലോക്കൽ കമ്മിറ്റി അംഗവുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ തന്നെ സർക്കാർ ശമ്പളം വാങ്ങുന്ന ഡോക്ടർ രാഷ്ട്രീയ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന നിലപാടിലാണ് NHM.
സംഭവവുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ സിദ്ധാർഥ് അടക്കമുള്ള DYFI പ്രവർത്തകർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധം നടന്ന സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)