സിപിഎമ്മിൽ കൊഴിഞ്ഞുപോക്ക് രൂക്ഷം; കോടിയേരിയുടെ വിശ്വസ്തനും പുറത്ത്, എം. രാഘവനെ ഏരിയാ കമ്മിറ്റിയിൽനിന്ന് പുറത്താക്കി

ജില്ലാ കമ്മിറ്റിയിൽ പരിഗണിക്കാത്തതിൽ അതൃപ്തി; പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി കത്ത് നൽകിയതിന് പിന്നാലെ അച്ചടക്ക നടപടി | കോടിയേരി ബാലകൃഷ്ണനൊപ്പം ദീർഘകാലം പ്രവർത്തിച്ച നേതാവിന്റെ പുറത്തുപോക്ക് കാഞ്ഞങ്ങാട്ടെ വിഭാഗീയത മറനീക്കി പുറത്ത് 

Oct 28, 2026 - 08:28
0
സിപിഎമ്മിൽ കൊഴിഞ്ഞുപോക്ക് രൂക്ഷം; കോടിയേരിയുടെ വിശ്വസ്തനും പുറത്ത്, എം. രാഘവനെ ഏരിയാ കമ്മിറ്റിയിൽനിന്ന് പുറത്താക്കി

കാസർകോട്: സിപിഎമ്മിലെ സംഘടനാ അതൃപ്തിയും നേതാക്കളുടെ പുറത്തുപോക്കും ചർച്ചയാകുന്നതിനിടെ കാഞ്ഞങ്ങാട്ടെ മുതിർന്ന നേതാവ് എം. രാഘവനെ ഏരിയാ കമ്മിറ്റിയിൽനിന്ന് പുറത്താക്കി. പാർട്ടി നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണങ്ങളുടെ പേരിലാണ് നടപടിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച നേതാവാണ് എം. രാഘവൻ. പാർട്ടിയുടെ വിവിധ ഘടകങ്ങളിലും അനുബന്ധ സംഘടനകളിലും പ്രവർത്തിച്ചിരുന്ന നേതാവിനെതിരായ നടപടി കാഞ്ഞങ്ങാട്ടെ സിപിഎമ്മിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽനിന്ന് രാഘവനെ ഒഴിവാക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും അംഗീകരിച്ചതോടെയാണ് നടപടി ഔദ്യോഗികമായത്. പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ പരസ്യ പ്രതികരണം നടത്തിയതും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ വ്യക്തമാക്കിയാതായി പറയുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ പ്രാധാന്യത്തെ ബാധിക്കുന്ന രീതിയിലാണ് രാഘവൻ പ്രവർത്തിച്ചതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

എന്നാൽ നടപടിയിലേക്ക് നയിച്ച സംഭവങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ പാർട്ടിയിലെ സ്ഥാനമാനങ്ങൾ സംബന്ധിച്ച അതൃപ്തിയും നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസവുമാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ജില്ലാ കമ്മിറ്റിയിൽ ഇടം ലഭിക്കാത്തതിൽ രാഘവന് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുവെന്നും പിന്നീട് രൂപീകരിച്ച കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ലെന്നും റിപ്പോർട്ടുകളിലുണ്ട്.

ഒക്ടോബർ 15, 16 തീയതികളിൽ നടന്ന സിപിഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ആറുപേരെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയപ്പോഴും രാഘവന് പരിഗണന ലഭിച്ചില്ല. താരതമ്യേന ജൂനിയറായ നേതാക്കളെപ്പോലും പരിഗണിച്ചപ്പോൾ ദീർഘകാലം പാർട്ടിയിൽ പ്രവർത്തിച്ച തന്നെ ഒഴിവാക്കിയെന്ന പരാതിയാണ് അതൃപ്തിക്ക് പിന്നിലെന്നാണ് വിവരം. ഇതിനു പിന്നാലെ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് രാഘവൻ ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.

പാർട്ടിയിലെയും അനുബന്ധ സംഘടനകളിലെയും വിവിധ ചുമതലകൾ ഒഴിയാനുള്ള സന്നദ്ധത അറിയിച്ചതിനൊപ്പം കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് അംഗത്വവും മറ്റ് സംഘടനാ ചുമതലകളും ഒഴിയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനങ്ങൾ ഒഴിയുന്നതെന്നായിരുന്നു രാഘവന്റെ വിശദീകരണം. എന്നാൽ ജില്ലാ കമ്മിറ്റിയിൽ പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്ന വിലയിരുത്തലും ശക്തമായിരുന്നു.

പാർട്ടി നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണങ്ങൾ ഒരു വർഷം മുമ്പും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. അന്ന് നടന്ന ജില്ലാ സമ്മേളനത്തിലും പാർട്ടിയുടെ വിശാല സമ്മേളനത്തിലും ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി രാഘവൻ ഉന്നയിച്ചിരുന്നു. തുടർന്ന് ഏരിയാ കമ്മിറ്റി അംഗത്വത്തിൽനിന്നും മറ്റ് സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴത്തെ നടപടിയോടെ ഈ അഭിപ്രായവ്യത്യാസം അച്ചടക്ക നടപടിയിലേക്ക് എത്തിയിരിക്കുകയാണ്.

കോടിയേരി ബാലകൃഷ്ണനുമായുള്ള അടുത്ത ബന്ധമാണ് എം. രാഘവന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സവിശേഷതകളിലൊന്ന്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച രാഘവൻ, ദീർഘകാലം കോടിയേരിക്കൊപ്പം പ്രവർത്തിച്ചതിന് ശേഷമാണ് കാസർകോട് ജില്ലയിലെ പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തിയത്. എസ്.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐയിലും സിഐടിയുവിലും മറ്റ് സംഘടനകളിലും ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം കാഞ്ഞങ്ങാട്ടെ സഹകരണ മേഖലയിലും സജീവമായിരുന്നു.

കോടിയേരി ബാലകൃഷ്ണനൊപ്പം പ്രവർത്തിച്ചിരുന്ന നേതാവിനെതിരെ ഇപ്പോൾ നടപടിയുണ്ടായതും അതിന് മുമ്പ് പാർട്ടി ചുമതലകൾ ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതും പാർട്ടിയിലെ ശക്തമായ വിഭാഗീയത കാഞ്ഞങ്ങാട്ടെ സിപിഎമ്മിലെയും സംഘടനാ തലത്തിലും ജനങ്ങൾക്കിടയിലും ചർച്ചയായിരിക്കുകയാണ് മുതിർന്ന നേതാക്കൾക്ക് പാർട്ടിക്കുള്ളിൽ പരിഗണന ലഭിക്കുന്നില്ല , ജില്ലാ കമ്മിറ്റി പുനഃസംഘടന നടത്തിയപ്പോൾ ജൂനിയറായ നേതാക്കളെ ക്ഷണിതാക്കളായി ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുലത്തിയതും തൃത്വത്തോടുള്ള അതൃപ്തി നേതാക്കൾക്കിടയിൽ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ എം രാഘവനെതിരെയുള്ള നടപടി ചർച്ചയായിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User