യുപിയിൽ ബിജെപിക്ക് വീഴ്ചയോ? യോഗി സർക്കാരിനെ വീഴ്ത്താൻ ഇന്ത്യാ മുന്നണി
യുപിയിലെ ഭരണവിരുദ്ധ വികാരവും 2024-ലെ തിരഞ്ഞെടുപ്പ് തിരിച്ചടിയും അയോധ്യ വിവാദങ്ങളും ബിജെപിക്ക് വെല്ലുവിളിയാകുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി മുന്നേറ്റം പ്രതീക്ഷിക്കുന്നു.
രാജ്യത്ത് ജനാധിപത്യത്തെ ഇല്ലാതാക്കിക്കൊണ്ട് ഭരണകൂടവും തിരഞ്ഞെടുപ്പ് കമ്മീഷനും വരെ മുന്നോട്ടുപോകുമ്പോൾ ജനങ്ങൾ ഒന്നടങ്കം അതിശക്തമായ സമരത്തിലാണ്. ഇനി ഒരു തവണ കൂടി ബിജെപിയും നരേന്ദ്രമോദിയും രാജ്യം ഭരിച്ചാൽ രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും അവശേഷിക്കില്ലെന്നും ഏകാധിപത്യ രാജ്യമായി മാറുമെന്നും മനസ്സിലാക്കിയാണ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും സമരത്തിനിറങ്ങിയിരിക്കുന്നത്. ഇത് മനസ്സിലാക്കിയ ബിജെപി നേതൃത്വം വലിയ ആശങ്കയിലാണ്. അതിന് ഒരു തർക്കവുമില്ല. ആദ്യം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലൂടെയും പിന്നീട് എസ്.ഐ.ആർ നടപ്പിലാക്കിയും വോട്ട് ചോരി നടത്തിയാണ് ബിജെപി പലയിടത്തും വിജയിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ ആദ്യ മുതലുള്ള പ്രഖ്യാപനം ഇപ്പോൾ രാജ്യം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അതോടെ സമരാഗ്നിയായി മാറിയ രാജ്യത്തിന്റെ തെരുവുകൾ നരേന്ദ്രമോദിയുടെ ഉറക്കം കെടുത്തുകയാണ്. പക്ഷേ ഇതിനൊക്കെ ഒരു റിസൾട്ട് എപ്പോൾ അറിയാൻ കഴിയുമെന്നും എവിടെ അത് അറിയാൻ കഴിയുമെന്നും ചോദിക്കുമ്പോഴാണ് അതിനുള്ള ഉത്തരം തൊട്ടടുത്തുതന്നെ നിൽക്കുന്നു എന്ന് മനസ്സിലാകുന്നത്. അതായത്, നാല് മാസങ്ങൾക്കുള്ളിൽ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അഞ്ചിൽ നാലും ഭരിക്കുന്നത് ഇപ്പോൾ ബിജെപിയാണ്. അതിൽ ഒന്ന് യു.പിയാണ്. യു.പി പിടിച്ചാൽ രാജ്യം പിടിക്കാമെന്നും രാജ്യത്ത് ഉണ്ടാകുന്ന മാറ്റത്തിന്റെ കാറ്റ് യു.പിയിൽ നിന്നാണ് ആരംഭിക്കുന്നത് എന്നുമുള്ള അലിഖിത നിയമം എടുത്തുനോക്കുമ്പോഴാണ് യു.പിയുടെ ഇപ്പോഴത്തെ സാഹചര്യവും കണക്കുകളും എല്ലാം വീണ്ടും വലിയ ചർച്ചയാകുന്നത്. അത് പല സർവേകളിലും തെളിഞ്ഞുവരികയാണ്. അതായത്, യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണം വലിയ അരാജകത്വമാണ് സൃഷ്ടിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. 2022-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റുകളിൽ 282 സീറ്റുകളുമായി അധികാരത്തിൽ വന്നതാണ് യോഗിയുടെ ബിജെപി സർക്കാർ. അതിൽ 252 സീറ്റുകളും ബിജെപിക്ക് തന്നെയാണ്. എന്നാൽ യോഗി നടപ്പിലാക്കിയ കാടൻ നിയമങ്ങളും ഭരണവിരുദ്ധ വികാരവും കാരണം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൂക്കുംകുത്തി വീണു. അതിന്റെ കണക്കുകൾ ശ്രദ്ധിച്ചുനോക്കിയാൽ ബിജെപി വലിയ ആശങ്കയിലാണ്. അതായത്, ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളിൽ ഇന്ത്യാ മുന്നണി 43 സീറ്റുകളിലും എൻ.ഡി.എ മുന്നണി 36 സീറ്റുകളിലുമാണ് വിജയിച്ചത്. 30-ലധികം സീറ്റുകളാണ് ബിജെപിക്ക് യു.പിയിൽ മാത്രം നഷ്ടപ്പെട്ടത്. ഇനിയിത് നിയമസഭാ മണ്ഡലങ്ങൾ വെച്ച് നോക്കുമ്പോഴാണ് യു.പി ഭരണം ബിജെപിക്ക് നഷ്ടപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറപ്പുപറയുന്നത്.
അതായത്, ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളിൽ 2024-ൽ ലോക്‌സഭയിൽ നിയമസഭാ മണ്ഡലങ്ങൾ നോക്കുമ്പോൾ ഇന്ത്യാ മുന്നണി 224 മണ്ഡലങ്ങളാണ് നേടിയത്. നരേന്ദ്രമോദിക്ക് വരെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞ് കഷ്ടിച്ചാണ് വാരണാസിയിൽ രക്ഷപ്പെട്ടത്. അതിൽ സമാജ്‌വാദി പാർട്ടി 184 മണ്ഡലങ്ങളിൽ മുന്നിലെത്തിയപ്പോൾ കോൺഗ്രസ് 39 മണ്ഡലങ്ങളിൽ മുന്നിലെത്തി. അതേസമയം യു.പി ഭരിക്കുന്ന ബിജെപി മുന്നണി 174 മണ്ഡലങ്ങളിൽ ഒതുങ്ങി. മറ്റുള്ളവർ എല്ലാം ചേർന്ന് അഞ്ച് നിയമസഭാ മണ്ഡലങ്ങൾ പിടിച്ചു. ബി.ജെ.പി മുന്നണിയിൽ ഭാരതീയ ജനതാ പാർട്ടി 162 മണ്ഡലങ്ങളിൽ ലീഡ് നേടിയപ്പോൾ അവരുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദൾ എട്ട് മണ്ഡലങ്ങളിലും അപ്നാ ദൾ - സോണിലാൽ നാല് മണ്ഡലങ്ങളിലും ലീഡ് നേടി. അതായത്, 403-ൽ 224 മണ്ഡലങ്ങൾ വിജയിച്ച ഇന്ത്യാ മുന്നണി വ്യക്തമായ മുന്നേറ്റവും വിജയവുമാണ് നേടിയിരിക്കുന്നത്. അതിൽ പ്രധാനമായും ഇന്നും ഇന്ത്യാ മുന്നണിക്ക് സാധ്യത കൽപ്പിക്കുന്നവർ 2024-നേക്കാളും കൂടുതൽ സാധ്യത കാണുന്നു എന്നുള്ളതാണ്. അവിടെയാണ് ബിജെപിയുടെ പതിറ്റാണ്ടുകളോളം ഉള്ള കൈത്തുരുമ്പും ഇപ്പോഴുള്ള ആശങ്കയും അയോധ്യ ക്ഷേത്രം മാറുന്നത്. അയോധ്യയിൽ പ്രതിഷ്ഠ നടത്തിയതിനുശേഷമാണ് മോദിയും ബിജെപിയും കേവല ഭൂരിപക്ഷമില്ലാതെ കൂപ്പുകുത്തിയതെന്നും യു.പിയിൽ ഇത് തകർന്നതെന്നും പറയുമ്പോൾ ഇപ്പോൾ അവരെ പിടിച്ചിരിക്കുന്നത് അയോധ്യ ക്ഷേത്രത്തിലെ കൊള്ളയാണ്. സംഘപരിവാറിന്റെ പ്രമുഖരാണ് ആ കേസിൽ പ്രതികളും സാക്ഷികളുമൊക്കെയായി മാറിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന പ്രതിരൂപമായി ബി.ജെ.പി ഉയർത്തിക്കാട്ടിയ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഇത്തരമൊരു സാമ്പത്തിക ആരോപണം ഉയർന്നത് പ്രതിപക്ഷത്തിന് ലഭിച്ച ശക്തമായ ആയുധമാണ്. മാത്രമല്ല, രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാരായ ദശലക്ഷക്കണക്കിന് വരുന്ന ഭക്തർ നൽകിയ ഒരു തുട്ട് പണത്തിലാണ് തട്ടിപ്പ് നടന്നതെന്ന ആരോപണം ജനങ്ങളിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും "ചന്ദാ ചോരി", അതായത് സംഭാവന കൊള്ള എന്ന മുദ്രാവാക്യം ഉയർത്തി ഗ്രാമീണ തലങ്ങളിൽ പ്രചാരണം ശക്തമാക്കി ഇറങ്ങിക്കഴിഞ്ഞു. ബി.ജെ.പിയുടെ അഴിമതിരഹിത ഭരണം എന്ന അവകാശവാദത്തെ ഇല്ലാതാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി തോറ്റത് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ ഉയർന്ന ഈ വിവാദം അയോധ്യ കേന്ദ്രീകരിച്ചുള്ള ബി.ജെ.പിയുടെ പ്രതിച്ഛായയ്ക്ക് കൂടുതൽ മങ്ങലേൽപ്പിച്ചു എന്നുള്ളതാണ് സത്യം. അതുപ്രകാരം 2024-ലെ പരാജയത്തിന്റെ തുടർച്ച മാത്രമല്ല, അതിനേക്കാളും വലിയ പരാജയമായിരിക്കുമെന്നും ചില സർവേകൾ വ്യക്തമാക്കുന്നു. അതിന് എല്ലാ സാധ്യതകളും നൽകുന്നത് ഇന്ത്യാ മുന്നണിയുടെ, അതായത് സമാജ്‌വാദി പാർട്ടിയുടെയും ഒപ്പം കോൺഗ്രസിന്റെയും ഇന്ത്യാ മുന്നണിയായിട്ടുള്ള ഒരൊറ്റ മനസ്സോടെയുള്ള മുന്നോട്ടുപോക്കാണ്. അവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിനിടയിൽ പുറത്തുവരുന്ന സർവേകളാണ് ഇപ്പോൾ ഇന്ത്യാ മുന്നണിക്ക് യു.പിയിൽ മുന്നേറ്റം പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അത് നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പടിയിറക്കം ഉറപ്പിക്കുന്നതാണ്. മുൻകൂട്ടി വോട്ട് ചോരി പിടിച്ചതിനാൽ എസ്.ഐ.ആറിൽ വലിയ ശ്രദ്ധ കൂടി ഇന്ത്യാ മുന്നണി ചെലുത്തുന്നതോടെ വിജയം കൈപ്പിടിയിൽ ഒതുക്കാം എന്നുള്ളതാണ് യാഥാർഥ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)