ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; സംഗീത സംവിധായകൻ റിനിൽ ഗൗതം അന്തരിച്ചു
50 വയസ്സായിരുന്നു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സംഗീത സംവിധായകനും അഭിനേതാവുമായ റിനിൽ ഗൗതം അന്തരിച്ചു. ഇന്ന് രാവിലെ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 50 വയസ്സായിരുന്നു.
മലയാള സിനിമയിലും സംഗീതരംഗത്തും സജീവമായിരുന്ന റിനിൽ ഗൗതം ‘ജനപ്രിയൻ’, ‘വാദ്ധ്യാർ’, ‘പിഗ്മാൻ’, ‘സാൻഡ് സിറ്റി’, ‘കാന്താരി’, ‘വേലുക്കാക്ക’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്.സിനിമകൾക്ക് പുറമെ ജെയ് ഹോ റേഡിയോ, കുടുംബശ്രീയുടെ റേഡിയോ ശ്രീ, ബാലാവകാശ കമ്മീഷന്റെ റേഡിയോ നെല്ലിക്ക തുടങ്ങിയവയുടെ ശീർഷക ഗാനങ്ങൾക്കും അദ്ദേഹം സംഗീതം നൽകി. സൗണ്ട് പാർക്ക് അക്കാദമിയിലെ വിദ്യാർഥികൾക്ക് സംഗീതാധ്യാപകനായും പ്രവർത്തിച്ചിരുന്നു.
ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു റിനിൽ ഗൗതം. സംഗീത സംവിധാനത്തിന് പുറമെ തിരക്കഥാരചനയിലും അഭിനയരംഗത്തും അദ്ദേഹം സജീവമായിരുന്നു. നിലവിൽ ചിത്രീകരണം പൂർത്തിയായ, പ്രശസ്ത സംവിധായകൻ ലാൽ ജോസ് അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥാകൃത്തായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളുടെ തിരക്കഥകളും റിനിൽ ഗൗതം രചിച്ചിട്ടുണ്ട്. ബെന്നി പി. തോമസ് സംവിധാനം ചെയ്യുന്ന ‘റൂഹ’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും റിനിൽ ഗൗതം അവതരിപ്പിക്കുന്നുണ്ട്.
റിനിൽ ഗൗതത്തിന്റെ അടുത്ത സുഹൃത്തും കെപിസിസി സെക്രട്ടറിയുമായ ബാലകൃഷ്ണൻ പെരിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു. താൻ ചെയ്ത നിരവധി വർക്കുകൾക്ക് റിനിൽ സംഗീതം ഒരുക്കിയിരുന്നതായി അദ്ദേഹം അനുസ്മരിച്ചു.
വയനാട് പൊഴുതന സ്വദേശികളായ സുകുമാരൻ-ദേവകി ദമ്പതികളുടെ മകനാണ് അന്തരിച്ച റിനിൽ ഗൗതം.
സംഗീത സംവിധാനത്തിനൊപ്പം അഭിനയരംഗത്തും സാന്നിധ്യമറിയിച്ച റിനിൽ ഗൗതത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സംഗീത-സിനിമാ രംഗത്തിന് തീരാനഷ്ടമായി.
നാളെ രാവിലെ 10 മണിക്ക് സൗത്ത് എരൂരിലെ അയ്യങ്കാളി മെമ്മോറിയൽ ഓഡിറ്റോറിയത്തിലാണ് പൊതുദർശനം നടക്കുക. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്കാരം നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)