‘10 ലക്ഷം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐക്കാർ കൊടികുത്തും’; കൈക്കൂലി ആവശ്യപ്പെട്ട സിപിഎം കൗൺസിലർ ഒളിക്യാമറയിൽ

പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെ കൊണ്ട് വസ്തുവിൽ കൊടികുത്തിക്കുമെന്ന് ഭീഷണി; ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്ത്

Oct 02, 2026 - 14:28
0
‘10 ലക്ഷം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐക്കാർ കൊടികുത്തും’; കൈക്കൂലി ആവശ്യപ്പെട്ട സിപിഎം കൗൺസിലർ ഒളിക്യാമറയിൽ

തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗൺസിലർ അജിൻ ഒളിക്യാമറയിൽ കുടുങ്ങി. പേയാട് സ്വദേശി സഞ്ജുവിന്റെ 19 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ടാണ് കൗൺസിലർ പണം ആവശ്യപ്പെട്ടതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

തൃക്കണ്ണാപുരം വാർഡിലെ എംഎൽഎ റോഡിനോട് ചേർന്നുള്ള 19 സെന്റ് ഭൂമി പ്ലോട്ടുകളാക്കി വിൽക്കുകയായിരുന്നു സഞ്ജു. ആദ്യ രണ്ട് പ്ലോട്ടുകൾ വിൽപ്പന നടത്തിയതിന് പിന്നാലെയാണ് കൗൺസിലർ ഇടപെട്ടതെന്നാണ് സഞ്ജുവിന്റെ ആരോപണം.

ഭൂമിയിൽ പുറമ്പോക്ക് ഉണ്ടെന്നും അത് ഒഴിവാക്കുന്നതിനും ഭൂമി തരംമാറ്റി വിൽക്കുന്നതിനും സഹായിക്കാമെന്നും പറഞ്ഞ് അജിൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. അടിയന്തരമായി മൂന്ന് ലക്ഷം രൂപ നൽകണമെന്നും അല്ലാത്തപക്ഷം ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് സ്ഥലത്ത് കൊടികുത്തിക്കുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തിയതായി സഞ്ജു പറയുന്നു.

ഭൂമി പ്ലോട്ടുകളാക്കി വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുകയിൽ ഒരു വിഹിതം തനിക്ക് നൽകണമെന്ന നിലപാടാണ് കൗൺസിലർ സ്വീകരിച്ചതെന്നും പരാതിയിൽ പറയുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ ഇടപെട്ടാൽ പ്രശ്നം കൂടുതൽ സങ്കീർണമാകുമെന്നും, താൻ ആവശ്യപ്പെട്ട തുക നൽകിയാൽ വിഷയം തനിക്കുള്ളിൽ ഒതുക്കാമെന്നും കൗൺസിലർ പറഞ്ഞതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്.

തർക്കത്തിന് മുതിർന്നാൽ പ്രശ്നം രൂക്ഷമാകുമെന്നും റോഡിന്റെ രേഖകളിലെ പുറമ്പോക്ക്, തോട്, ഓട തുടങ്ങിയവ ചൂണ്ടിക്കാട്ടി നിർമാണ പ്രവർത്തനങ്ങൾ തടയുമെന്നും കൗൺസിലർ മുന്നറിയിപ്പ് നൽകിയതായി ശബ്ദരേഖയിൽ വ്യക്തമാകുന്നു. പൊലീസ്, വില്ലേജ് ഓഫീസർ എന്നിവരെ വിളിച്ചുവരുത്തി റിപ്പോർട്ട് തയ്യാറാക്കി നിർമാണം തടയുമെന്നും നേരിട്ടെത്തി ധാരണയിലെത്തിയ ശേഷം മാത്രമേ പണി തുടരാവൂ എന്നും കൗൺസിലർ പറഞ്ഞതായി സഞ്ജു ആരോപിക്കുന്നു.

അതേസമയം, ഭൂമിയുടെ വിൽപ്പനയും പോക്കുവരവും വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷമാണ് നടന്നതെന്നാണ് ഭൂവുടമയുടെ വിശദീകരണം. ഭൂമിയിൽ പുറമ്പോക്കോ മറ്റ് നിയമപ്രശ്നങ്ങളോ ഉണ്ടായിരുന്നെങ്കിൽ കൈമാറ്റ നടപടികൾ പൂർത്തിയാകുമായിരുന്നില്ലെന്നും സഞ്ജു പറയുന്നു. നിയമപരമായ തടസങ്ങളില്ലാതിരുന്നിട്ടും കൃത്രിമ തടസങ്ങൾ ഉന്നയിച്ച് പണം ആവശ്യപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കൈക്കൂലി ആവശ്യപ്പെട്ടതായും ഭീഷണിപ്പെടുത്തിയതായും ആരോപിച്ച് സഞ്ജു തിരുവനന്തപുരം കോർപ്പറേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ കാര്യമായ നടപടിയുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബിജെപി ഭരിക്കുന്ന കോർപ്പറേഷന്റെ ഭാഗത്തുനിന്നുള്ള നടപടിയില്ലായ്മയും ചർച്ചയായിട്ടുണ്ട്.

വിഷയത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയതായും സഞ്ജു വ്യക്തമാക്കി. സംഭവത്തിൽ കൗൺസിലർ അജിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User