സിജെപി തിരംഗ മാർച്ച് ഇന്ന് ; കൊണാട് പ്ലേസ് അടച്ച് പൂട്ടി ഡൽഹി പോലീസ്
ജന്തർമന്തറിൽ ദേശീയപതാക ഉയർത്തിയ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം; മാർച്ച് തടയില്ലെന്ന് ഹൈക്കോടതി
ന്യൂഡൽഹി: ജന്തർമന്തറിൽ ദേശീയപതാക ഉയർത്തിയതിന് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ആഹ്വാനം ചെയ്ത തിരംഗ മാർച്ച് ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് കൊണാട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയപതാകയേന്തി 'ലെഹ്റാ ദോ തിരംഗ' എന്ന പേരിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡൽഹിയിലെത്താൻ കഴിയാത്തവർ സ്വന്തം പ്രദേശങ്ങളിൽ വെള്ളിയാഴ്ച വൈകീട്ട് തിരംഗ റാലികൾ സംഘടിപ്പിക്കണമെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു.
പ്രതിഷേധം തടയുന്നതിനുള്ള നടപടികളുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും സെൻട്രൽ പാർക്ക് അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി.) അറിയിച്ചു. സി.ജെ.പി.യുടെ പ്രതിഷേധം തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയിലും ഉറപ്പുനൽകി.
എന്നാൽ, തിരംഗ മാർച്ച് തടയണമെന്ന ആവശ്യം പരിഗണിച്ച കോടതി അതിന് വിസമ്മതിച്ചു. വ്യാപാരകേന്ദ്രമായ കൊണാട് പ്ലേസിൽ നവരാത്രി ഉത്സവകാലത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെ അധ്യക്ഷനായ ബെഞ്ച്.
പ്രതിഷേധം അനുവദിക്കരുതെന്ന ആവശ്യം ഉയർന്നപ്പോൾ, ജന്തർമന്തറിനെ പ്രതിഷേധകേന്ദ്രമല്ലാതാക്കിയ സാഹചര്യത്തിൽ മറ്റെന്താണ് പ്രതീക്ഷിക്കുന്നതെന്ന നിരീക്ഷണവും കോടതി നടത്തി.
ചെറിയ സംഘത്തിന് അനുമതി പരിഗണിക്കും
നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ കൊണാട് പ്ലേസിൽ വലിയ സംഘംചേരൽ അനുവദിക്കില്ലെന്നാണ് ഡൽഹി പോലീസിന്റെ നിലപാട്. എന്നാൽ, ഉചിതമായ സ്ഥലത്ത് ചെറിയൊരു സംഘത്തിന് ദേശീയപതാക വീശാനും ദേശീയഗാനം ആലപിക്കാനും അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചു.
ദേശീയപതാകയുമായി ബന്ധപ്പെട്ട ചട്ടങ്ങളും ദേശീയഗാനത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കണം. നിയമലംഘനം ഉണ്ടായാൽ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
ജന്തർമന്തറിൽ ദേശീയപതാക ഉയർത്തിയതുമായി ബന്ധപ്പെട്ട അറസ്റ്റുകളാണ് പുതിയ പ്രതിഷേധത്തിന് വഴിവെച്ചത്. ദേശീയപതാകയേന്തിയുള്ള തിരംഗ മാർച്ചിലൂടെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സി.ജെ.പി.യുടെ നീക്കം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)