കിഫ്ബിയിൽ വൻ ക്രമക്കേടെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്; 13,103 കോടി രൂപയുടെ അധിക ചെലവെന്ന് . വി ഡി സതീശൻ

ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട്, മസാല ബോണ്ടിൽ 181.73 കോടിയുടെ നഷ്ടം; അനുമതിയില്ലാതെ 498 നിയമനങ്ങൾ — അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

Oct 15, 2026 - 19:41
Updated: 1 day ago
0
കിഫ്ബിയിൽ വൻ ക്രമക്കേടെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്; 13,103 കോടി രൂപയുടെ അധിക ചെലവെന്ന് . വി ഡി സതീശൻ

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) വ്യാപകമായ ക്രമക്കേടുകളും സാമ്പത്തിക വീഴ്ചകളും കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഗുരുതരമായ നിരീക്ഷണങ്ങളുണ്ടെന്നും സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങൾ മറികടന്ന് വലിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിച്ചുകൊണ്ട് കിഫ്ബി സ്വതന്ത്ര സംവിധാനമായി പ്രവർത്തിച്ചെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ ധനവകുപ്പിന് ഫലപ്രദമായ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും സർക്കാർ അനുവദിച്ച തുകയുടെ ഭൂരിഭാഗവും വായ്പ തിരിച്ചടവിനായി വിനിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കലിൽ ഗുരുതരമായ ചോദ്യങ്ങൾ

കിഫ്ബി വഴി ഭൂമി ഏറ്റെടുക്കുന്നതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായാണ് വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലും പാലക്കാടുമായി കിൻഫ്ര വഴി വ്യവസായ ആവശ്യങ്ങൾക്കായി 5,366 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അംഗീകാരം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനും മറ്റുമായി ആകെ 50 ഏക്കർ മാത്രമാണ് ഉപയോഗിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ബാക്കി ഭൂമി എന്തിനാണ് ഏറ്റെടുത്തതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ 3,829 ഏക്കർ ഭൂമിക്ക് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ടെന്നും യഥാർഥ വിലയുടെ അഞ്ചിരട്ടി വരെ തുക ഭൂമിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരിൽ മാത്രം ആയിരം ഏക്കർ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകളും തീരുമാനങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മസാല ബോണ്ടിൽ 181.73 കോടിയുടെ നഷ്ടമെന്ന് കണ്ടെത്തൽ

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ 181.73 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൺസൾട്ടൻസികൾക്ക് പണം നൽകിയതിലും ക്രമക്കേടുകളുണ്ടായതായി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയുടെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇരട്ട പദവികൾ വഹിച്ചിരുന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയങ്ങളിലുൾപ്പെടെ കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.

203.72 കോടി രൂപ പരസ്യത്തിന്; കണക്കുകളിൽ പൊരുത്തക്കേടെന്ന് ആരോപണം

കിഫ്ബി പരസ്യങ്ങൾക്കായി 203.72 കോടി രൂപ ചെലവഴിച്ചെന്നാണ് റിപ്പോർട്ടിലെ കണക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് 21.16 കോടി രൂപ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്യച്ചെലവുകളുമായി ബന്ധപ്പെട്ട കണക്കുകളിലെ വ്യത്യാസം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. അനുമതിയില്ലാതെ 498 പേരെ നിയമിച്ചതായും അദ്ദേഹം ആരോപിച്ചു. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ, നിയമനങ്ങൾ, ഭരണപരമായ തീരുമാനങ്ങൾ എന്നിവയിൽ കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.

മൂന്ന് ജില്ലകളിൽ 41.6 ശതമാനം പദ്ധതികൾ

കിഫ്ബിയുടെ ആകെ പദ്ധതികളിൽ 41.6 ശതമാനവും മൂന്ന് ജില്ലകളിൽ മാത്രമായി കേന്ദ്രീകരിച്ചെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിലെ മറ്റൊരു നിരീക്ഷണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ കണ്ണൂർ ജില്ലയുടെ വിഹിതം മാത്രം 52.9 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതികളുടെ ജില്ല തിരിച്ചുള്ള വിതരണത്തിൽ അസന്തുലിതാവസ്ഥയുണ്ടെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. കിഫ്ബിയുടെ പദ്ധതികൾ അനുവദിച്ചതിലും നടപ്പാക്കിയതിലും പ്രാദേശികമായ തുല്യത പാലിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന് സർക്കാർ; തുടർനടപടികൾ പരിശോധിക്കും

കിഫ്ബിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിൽ അന്വേഷണം നടത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണം ഏത് രീതിയിൽ നടത്തണമെന്നത് പരിശോധിച്ചശേഷം തീരുമാനിക്കും. വിദഗ്ധ സമിതി റിപ്പോർട്ടിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User