യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ

കവർച്ചാ നാടകം പൊളിച്ചത് വീട്ടിലെ രക്തക്കറ; കൊലപാതകത്തിൽ 13കാരനായ മകനും സഹായിച്ചെന്ന് പൊലീസ്

Sep 04, 2026 - 09:31
0
യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ

സേലം: തമിഴ്നാട്ടിലെ സേലം ഓമലൂരിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി കാറിനുള്ളിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഓമലൂർ സ്വദേശി വി. ഭൂപതി (45) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുജിത ശ്രീ (31), പ്രദേശവാസിയായ സന്തോഷ് രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂപതിയെ കൊലപ്പെടുത്താൻ 13കാരനായ മകനും സഹായിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഓമലൂർ–ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ചയാണ് ഭൂപതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർത്തിയിട്ടിരുന്ന കാറിനുള്ളിലായിരുന്നു മൃതദേഹം.

ഭർത്താവിനൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ മൂന്ന് പേർ കാർ തടഞ്ഞ് ആക്രമിച്ച് ഭൂപതിയെ കൊലപ്പെടുത്തിയെന്നാണ് സുജിത ആദ്യം പൊലീസിന് നൽകിയ മൊഴി. സംഘം തന്റെ 12 പവൻ സ്വർണാഭരണങ്ങളും കവർന്ന് രക്ഷപ്പെട്ടെന്നും ഇവർ പറഞ്ഞിരുന്നു.

എന്നാൽ മൊഴിയിൽ സംശയം തോന്നിയ പൊലീസ് അന്വേഷണം ശക്തമാക്കി. വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രക്തക്കറയാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഭൂപതിയുടെ സഹോദരിയും ബന്ധുക്കളും സുജിതയുടെ മൊഴിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

ഭൂപതിയും സുജിതയും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ സന്തോഷ് രാജുമായി സുജിതയ്ക്ക് അടുപ്പമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയത്.

സന്തോഷുമായുള്ള ബന്ധത്തെച്ചൊല്ലി തിങ്കളാഴ്ച രാത്രി ഭൂപതിയും സുജിതയും തമ്മിൽ തർക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്. തർക്കത്തിനിടെ സുജിത ഭൂപതിയെ തള്ളിയിട്ടു. തലയിടിച്ച് വീണ ഭൂപതിക്ക് ഗുരുതരമായി പരുക്കേറ്റ് ബോധരഹിതനായി.

തുടർന്ന് സുജിത സന്തോഷിനെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കൊലപാതകത്തിന് ശേഷം ഭൂപതിയുടെ മൃതദേഹം കാറിൽ കയറ്റി ആറ്റുകാർന്നൂരിലെത്തിച്ചു. തുടർന്ന് അജ്ഞാതർ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന തരത്തിൽ കവർച്ചാ നാടകം സൃഷ്ടിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ സുജിതയെയും സന്തോഷ് രാജിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ സുജിതയുടെ 13കാരനായ മകനും സഹായിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User