ഡിജിറ്റൽ രാവണദഹനവുമായി യൂത്ത് കോൺഗ്രസ്; ‘വെർച്വൽ രാവണനെ’ തിരഞ്ഞെടുത്ത് വോട്ട് ചെയ്യാം

പൊതുജനങ്ങൾക്ക് വെർച്വൽ രാവണനെ സൃഷ്ടിച്ച് ഓൺലൈനായി വോട്ട് ചെയ്യാം; ദേശീയ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയിലും പരിപാടി

Oct 20, 2026 - 19:00
0
ഡിജിറ്റൽ രാവണദഹനവുമായി യൂത്ത് കോൺഗ്രസ്; ‘വെർച്വൽ രാവണനെ’ തിരഞ്ഞെടുത്ത് വോട്ട് ചെയ്യാം

പത്തനംതിട്ട: രാഷ്ട്രീയത്തിലെ വാഗ്ദാനലംഘനങ്ങളും ജനവിരുദ്ധ നിലപാടുകളും ചർച്ചയാക്കി യൂത്ത് കോൺഗ്രസിന്റെ ഡിജിറ്റൽ ക്യാമ്പയിൻ. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ‘ഡിജിറ്റൽ രാവണദഹനം’ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയിലും പരിപാടി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

പരമ്പരാഗത രാവണദഹനത്തെ ഡിജിറ്റൽ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാഷ്ട്രീയത്തിലെ വിവിധ വീഴ്ചകളെയും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെയും പത്ത് തലകളുള്ള രാവണന്റെ പ്രതീകത്തിലൂടെ അവതരിപ്പിക്കുന്ന ക്യാമ്പയിനിൽ, തങ്ങൾ വിമർശിക്കുന്ന രാഷ്ട്രീയ മുഖങ്ങളെ തിരഞ്ഞെടുക്കാനും അഭിപ്രായം രേഖപ്പെടുത്താനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.

www.chalojantarmantar.com എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ക്യാമ്പയിനിൽ പങ്കുചേരാം. സ്വന്തം വെർച്വൽ രാവണനെ സൃഷ്ടിച്ച് വോട്ട് രേഖപ്പെടുത്താനും സാധിക്കും.

സാങ്കേതികവിദ്യയിലൂടെ രാഷ്ട്രീയ ഇടപെടലുകൾക്കും യുവജനപങ്കാളിത്തത്തിനും അവസരമൊരുക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് നഹാസ് പത്തനംതിട്ട പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ജനാധിപത്യപരമായ രാഷ്ട്രീയ സംവാദങ്ങൾ ശക്തിപ്പെടുത്താനും യുവജനങ്ങളെ സജീവമായി പങ്കെടുപ്പിക്കാനും ഇത്തരം പരിപാടികൾ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ആരിഫ് ഖാൻ എം.സി., വാർഡ് കൗൺസിലർ നജിം രാജൻ, ജിബിൻ ചിറക്കടവിൽ, ടിജോ സാമുവൽ, പ്രേം സാഗർ ഇരവിപേരൂർ, അംബരീഷ് തട്ട, സുഹൈൽ നജീബ്, അജ്മൽ അലി, കണ്ണൻ മാരി എന്നിവർ പങ്കെടുത്തു. ദേശീയ ക്യാമ്പയിന്റെ പ്രചാരണ സാമഗ്രികളും പോസ്റ്ററുകളും മൊബൈൽ ഫോണുകളിലൂടെ അവതരിപ്പിച്ചായിരുന്നു പരിപാടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User