യൂസ്ഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടവ
guide for purchasing a pre-owned vehicle
ഭയം വേണ്ട, ജാഗ്രത മതി
"Cooked-up story" എന്നൊരു പദപ്രയോഗമുണ്ട്. അതായത് യഥാർഥത്തിലില്ലാത്ത കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് കെട്ടിച്ചമച്ച് അവതരിപ്പിക്കുക എന്ന് പറയും. യൂസ്ഡ് വാഹന വിപണിയിൽ സാധാരണക്കാരൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഈ അയഥാർഥമായ വീമ്പിളക്കൽ കാര്യങ്ങളാണ്. വാങ്ങാൻ പോവുന്ന സെക്കൻ്റ് ഹാൻഡ് കാറിന്റെ / ബൈക്കിന്റെ യഥാർഥ അവസ്ഥ മറച്ചു വെച്ച് അങ്ങ് പൊലിപ്പിച്ചു വർണിക്കുന്നതിന് ചില ഉദാഹരണങ്ങൾ: " ഡോക്ടർ മാത്രം ഉപയോഗിച്ചതാ, വീട്, ആശുപത്രി, വീട്, ആശുപത്രി... ഓട്ടം തീരെ കുറവാ "
" ഇന്ന് വരെ തട്ടലും മുട്ടലും അപകടവും ഇല്ലാത്ത ക്ലീൻ വണ്ടിയാ, ലോകത്ത് ഒരിടത്തും ഇത്ര കുറഞ്ഞ വിലയ്ക്ക് കിട്ടില്ല" " പിടിച്ചാൽ പിടിച്ചടത്ത് നിൽക്കും" (നമ്മൾ മനസ്സിൽ " പിന്നെ പിടിച്ചടത്ത് നിൽക്കാതെ വണ്ടി ഒരു കിലോമീറ്റർ അപ്പറത്താണോ സാധാരണ നിൽക്കാറ്). തള്ളിമറിക്കലുകൾ എന്തുമായിക്കോട്ടേ, നോക്കി വാങ്ങാൻ കഴിവുള്ളവരാണ് നിങ്ങളെങ്കിൽ കാര്യമായ പണികൾ കിട്ടാത്ത, സ്പെയർ പാർട്സ് കിട്ടുമെന്ന് ഉറപ്പുള്ള, പിന്നീട് കൊടുത്താലും റീസെയിൽ വാല്യു മതിപ്പുള്ള നല്ല അസ്സല് യൂസ്ഡ് വാഹനങ്ങൾ ഇന്ന് ഒരു പാട് കിട്ടും. നമുക്ക് ചുറ്റുമുള്ളത് എല്ലാം കണ്ണടച്ച് വിശ്വസിക്കരുതെന്ന് മാത്രം. അതേ പോലെ പഴയ വാഹനങ്ങളൊന്നും കൊള്ളില്ല, പുതിയത് മതി എന്ന രീതിയിൽ ഉപദേശിക്കുന്ന ആളുകളെ തമാശക്ക് പറയാറുള്ളതാണ് "യൂസ്ഡ് കാർ വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം, യൂസ്ഡ് കാർ ആണോ എന്ന് ഉറപ്പുവരുത്തണം, ചിലർ പുതിയ കാർ തന്ന് നമ്മളെ പറ്റിക്കും". അപ്പോ കാര്യം ഇത്രേയുള്ളൂ. നോക്കിയും കണ്ടും പരിശോധിച്ചും ഉറപ്പുവരുത്തിയും എടുത്താൽ നല്ല യൂസ്ഡ് വാഹനം സ്വന്തമാക്കാനാകും. പുതിയ വാഹനം വാങ്ങാൻ വളരെ എളുപ്പമാണ്. നേരെ ഷോറൂമിൽ ചെന്ന് കാര്യങ്ങൾ സംസാരിച്ച് പണമടച്ചാൽ സ്റ്റോക്ക് ഉള്ള മോഡലാണെങ്കിൽ അതിവേഗം (ടെമ്പററി രജിസ്ട്രേഷൻ മതിയെങ്കിൽ) ഡെലിവറി കിട്ടും. എന്നാൽ യൂസ്ഡ് വാഹനങ്ങൾ എടുക്കും മുമ്പ് മോഡൽ വിലയടക്കം താരതമ്യം ചെയ്യണം, നിരവധി പരിശോധനകൾ നടത്തണം, വില പേശലുകൾ വേണ്ടി വരും... എന്നാലും പൂർണമായി മനസ്സിനിണങ്ങിയ രൂപവും നിറവും കണ്ടീഷനും ഉള്ളത് കിട്ടാൻ ഏറെ ക്ഷമയും കാത്തിരിപ്പും യാത്രകളും മറ്റും വേണ്ടിവരും എന്നത് യാഥാർഥ്യമാണ്. പുതിയ വാഹനത്തിൻ്റെ വിലയും അതിൽ ഫിറ്റ് ചെയ്യേണ്ട അക്സസറീസും ഒക്കെയായി താരതമ്യം ചെയ്താൽ, ക്ഷമയോടെ കാത്തിരുന്നാലും മികച്ച യൂസ്ഡ് വണ്ടി ഒത്തുകിട്ടിയാൽ മെച്ചമാണെന്ന് മാത്രമാണ് പറഞ്ഞു വന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ :
കാര്‍ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചും ഏകദേശ ധാരണയുണ്ടായിരിക്കണം. വാഹനത്തിൻ്റെ മോഡൽ വില ഓരോ വർഷം കഴിയുന്തോറും കുറഞ്ഞ് വരും. അധികം കിലോമീറ്റർ ഓടാത്ത, മറ്റ് തകരാറുകൾ ഇല്ലാത്ത, രേഖകൾ കൃത്യമായ കാലാവധി അവശേഷിക്കുന്ന, കാഴ്ചയിൽ നീറ്റായ ചില പ്രത്യേക ബ്രാൻഡിൻ്റെ വേരിയൻ്റുകൾക്ക് വാഹന വിപണിയിൽ റീ സെയിൽ വാല്യു കൂടുതലുണ്ടാകുമെന്ന കാര്യം ഓർമയിലുണ്ടായിരിക്കണം.
നിരവധി ഉടമസ്ഥരിലൂടെ കടന്നുവന്ന കാറുകള്‍ക്ക് മൂല്യം കുറയും. അതിനാല്‍ കാറിന്റെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം.മുന്‍കാല ഉടമസ്ഥന്‍ കാറിനെ എങ്ങനെ പരിപാലിച്ചു എന്നത് സൂക്ഷമ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കും.വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്‍റെ സ്‍പീഡോ മീറ്റര്‍ വിശദമായി പരിശോധിക്കുക. സ്‍പീഡോ മീറ്ററിലെ കൃത്രിമത്വം കണ്ടുപിടിക്കാന്‍ ഒരു മെക്കാനിക്കിനെക്കൂടി ഒപ്പം കൂട്ടുക.
സെന്‍ട്രല്‍ ലോക്ക്, പുഷ് സ്റ്റാര്‍ട്ട് ബട്ടന്‍, അലോയ് വീല്‍സ്, പാര്‍ക്കിങ്ങ് സെന്‍സേഴ്‍സ്, ഫോഗ് ലാമ്പ്‍സ്, ലൈറ്റുകൾ, ഡി.ആര്‍.എല്‍.എസ് (Daytime Running Lights) , വൈപ്പര്‍, പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.വാഹനത്തിന്‍റെ അകം, പുറം അവസ്ഥകള്‍ വിശദമായി പരിശോധിക്കുക. വാഹനത്തിന്‍റെ വെളിച്ചം എത്താത്ത ഇടങ്ങളില്‍ പോലും പരിശോധിക്കുക എന്നത് സാധാരണക്കാരനായ ഒരാൾക്ക് സാധിക്കണമെന്നില്ല. അതിനാൽ വിദഗ്ധനായ ഒരു മെക്കാനിക്കിൻ്റെ സഹായം തേടുന്നത് ഉപകാരപ്പെടും.
കാറിന്‍റെ പിന്‍ഭാഗത്ത് വലതുവശത്തായാണ് വാഹന വേരിയന്‍റ് രേഖപ്പെടുത്തിയിരിക്കുക. ഇത് പ്രത്യേകം രേഖപ്പെടുത്താതെയും വാഹനങ്ങൾ നിർമാതാക്കൾ ഇറക്കുന്നതിനാൽ ഇതില്‍ കൃത്രിമത്വം കാണിച്ചിട്ടില്ലെന്ന് ആർസി ബുക്ക് കൂടി പരിശോധിച്ച് ഉറപ്പു വരുത്തുക. ഫാന്‍ ബെല്‍റ്റില്‍ പൊട്ടലുകളില്ലെന്നു ഉറപ്പുവരുത്തുകബ്രേക്ക് ഫ്ലൂയിഡ്, റേഡിയേറ്റര്‍ കൂളന്‍റ്, എൻജിന്‍ ഓയില്‍ ഉള്‍പ്പെടെ എല്ലാ ഓയിലുകളും പരിശോധിക്കുക. നിശ്ചിത അളവില്‍ ഓയിലുകളോടെ തന്നെയാണ് വാഹനം ഓടിയിരുന്നതെന്ന് ഉറപ്പാക്കുക. ഓയില്‍ ടാങ്കുകളില്‍ ചെളിയുള്‍പ്പെടെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ വാഹനത്തിന്‍റെ ആയുസ്സും കുറയും. കൂടാതെ ലീക്കേജുകളും പരിശോധിക്കുക.ടയറുകളില്‍ അവ നിര്‍മിച്ച വര്‍ഷവും ബാച്ച് നമ്പറും രേഖപ്പെടുത്തിയിരിക്കും. അത് നിര്‍ബന്ധമായും പരിശോധിച്ചാൽ കാലപ്പഴക്കം ഉള്ളതാണോ എന്നറിയാം.മെറ്റാലിക്ക് നിറങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുകവാഹനത്തിന്‍റെ സര്‍വിസ് ഹിസ്റ്ററി വിശദമായി പരിശോധിക്കുക. ഷോറൂമിന് പുറത്തുള്ള ലോക്കൽ വർക് ഷോപ്പിലാണ് സർവിസ് ചെയ്യിപ്പിക്കുന്നതെങ്കിൽ ഓൺലൈൻ ചെക്കിങ്ങിൽ ഹിസ്റ്ററി കിട്ടില്ല. കൃത്യമായി സർവിസ് എവിടെയെങ്കിലും ചെയ്തിട്ടുണ്ട് എന്നതിൻ്റെ തെളിവായി ബില്ലുകൾ ഉൾപ്പടെ പരിശോധനക്ക് വിധേയമാക്കുക.ഡ്രൈവര്‍ സീറ്റിലിരുന്ന ശേഷം അവിടെയുള്ള എല്ലാ സാങ്കേതികവിദ്യകളും പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക. സ്റ്റിയറിങ്ങ് വീല്‍, എ.സി, മ്യൂസിക്ക് സിസ്റ്റം, ഹോണ്‍, ലൈറ്റ്സ് തുടങ്ങിയവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിലാണ് സീറ്റുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനങ്ങള്‍ സുഗമമാണോ എന്ന് പരിശോധിക്കുക.തുടർന്ന് ഒന്നോ രണ്ടോ കിലോമീറ്റർ ടെസ്റ്റ് റണ്‍ നടത്തിയ ശേഷം തെറ്റില്ലെന്ന് തോന്നിയാൽ മാത്രം യൂസ്‍ഡ് കാറുകള്‍ സ്വന്തമാക്കുന്നതാണ് ഭാവിയിൽ പോക്കറ്റ് കീറാതിരിക്കാൻ നല്ലത്.

യൂസ്ഡ് ടൂവീലർ വാങ്ങും മുമ്പ് പരിശോധിക്കേണ്ടത്:
1. ആർ.സി ബുക്ക് (Registration Certificate): 2024 അവസാനം മുതലുള്ള വാഹനങ്ങൾക്ക് പ്രിൻ്റഡ് കാർഡ് അല്ല ഡിജിറ്റൽ ആർ.സിയാണ് ഉണ്ടാവുക. അക്ഷയ ഉൾപ്പെടെയുള്ള സേവന കേന്ദ്രങ്ങളിൽ നിന്ന് നമുക്ക് ആവശ്യമെങ്കിൽ ഈ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാമെന്ന് മാത്രം.ഇത് പരിശോധിച്ച് ഉടമയുടെ പേര്, വാഹന നമ്പർ, എൻജിൻ നമ്പർ, ചാസിസ് നമ്പർ ശരിയാണോ എന്ന് പരിശോധിക്കണം. ആർ.സിയിലെ എൻജിൻ നമ്പറും ചാസിസ് നമ്പറും വാഹനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകളും ഒത്തുനോക്കി ഒന്നു തന്നെയല്ലേ എന്നുറപ്പ് വരുത്തണം.ബാങ്ക് ഹൈപ്പോതിക്കേഷനുണ്ടെങ്കിൽ അത് ക്ലിയർ ചെയ്തിട്ടുണ്ടോ എന്നും ഫിനാൻസ് ബാധ്യതകളുള്ള വാഹനമാണോ എന്നും നോക്കണം.
2. ഇൻഷുറൻസ്:
വാലിഡായ ഇൻഷുറൻസ് പോളിസി ഉണ്ടോ? കാലാവധി തീരാറായോ?തേർഡ് പാർട്ടി പോളിസി മാത്രമാണോ, അതോ ഫുൾ കവർ ബി ടു ബി പോളിസി ആണോ? എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക. കാലാവധി ദിവസങ്ങൾക്കകമോ തൊട്ടടുത്ത മാസങ്ങളിലോ തീരുന്നതാണെന്ന് ബോധ്യപ്പെട്ടാൽ വാഹന വില പേശാവുന്നതോ അല്ലെങ്കിൽ പുതിയ പോളിസി എടുത്തു തരണമെന്നോ ഡിമാൻഡ് ചെയ്യാവുന്നതാണ്.
3. പുക പരിശോധന സർട്ടിഫിക്കറ്റ് (PUC): കാലഹരണപ്പെട്ടതല്ലെന്ന് ഉറപ്പാക്കുക. വളരെ പഴയ ചില ഇരുചക്ര വാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെടുന്നുണ്ട്. അത്തരം പ്രശ്നങ്ങൾ ഉള്ള വാഹനമാണോ എന്ന് മെക്കാനിക്കിൻ്റെ സഹായത്തോടെ പരിശോധിപ്പിക്കുന്നത് ഭാവിയിലെ തലവേദന ഇല്ലാതാക്കാൻ ഉപകരിക്കുമെന്നത് പറയേണ്ടതില്ലല്ലോ. മെക്കാനിക്കൊന്നും ലഭ്യമല്ലാത്ത സാഹചര്യമാണെങ്കിൽ ജസ്റ്റ് ഒന്ന് നിങ്ങൾ തന്നെ എൻജിൻ റെയ്സ് ചെയ്ത് ഒരു വൈറ്റ് പേപ്പർ സൈലൻസർ കുഴലിന് പുറകിൽ വെച്ച് നോക്കി പുക അടയാളം അതിവേഗം പടരുന്നുണ്ടോ എന്നെങ്കിലും നോക്കുന്നത് നന്നായിരിക്കും.
4. മെക്കാനിക്കൽ പരിശോധന: വിശ്വസ്തനായ മെക്കാനിക്കിനെ കൂട്ടിക്കൊണ്ടുപോയി പരിശോധന നടത്തുന്നത് നല്ലതാണ്. എല്ലായ്പ്പപ്പൊഴും സാധ്യമാകണമെന്നില്ല. എൻജിൻ നില, ക്ലച്ച്, ഗിയർ, ബ്രേക്ക്, ടയറുകൾ, ലൈറ്റുകൾ, ഇലക്ട്രിക്കൽ വിഭാഗം എന്നിവ പരിശോധിക്കുക. സ്കൂട്ടറാണെങ്കിൽ സീറ്റ് പൊക്കി താഴ്ത്തി കൃത്യമായി അടയുന്നുണ്ടോ എന്നൊക്കെ നോക്കണം. സെൽഫ് സ്റ്റാർട്ട് മാത്രം പരീക്ഷിച്ച് നോക്കാതെ സ്കൂട്ടർ മെയിൻസ്റ്റാൻഡിലിട്ട് കിക്കർ കൂടി അടിച്ച് നോക്കുക. ഓടിക്കുമ്പോൾ സൈഡിലേക്ക് വലിവോ പിടിത്തമോ ഉണ്ടെങ്കിൽ ഹാൻഡിൽ ബാർ, കോൺസെറ്റ് ഭാഗങ്ങൾ പരിശോധനക്ക് വിധേയമാക്കുക. മറ്റൊരു പ്രധാന കാര്യം സ്കൂട്ടറിൻ്റെ വേരിയൻ്റ് ഒറ്റനോട്ടത്തിൽ മനസ്സിലാകണമെന്നില്ല. സാധാരണ ഗതിയിൽ 125 സിസി സ്കൂട്ടറുകൾക്കാണ് ഡിസ്ക് ബ്രേക്ക്, ഡിജിറ്റൽ മീറ്റർ ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുള്ളത്. 110 സിസി സ്കൂട്ടറുകളിൽ ഡ്രം ബ്രേക്ക്, അനലോഗ് മീറ്റർ എന്നിവയാകും ഉണ്ടാവുക. ബേസ് മോഡൽ കാണിച്ച് ടോപ് എൻഡ് വേരിയൻ്റ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാനും വില കൂട്ടിയിട്ട് കബളിപ്പിക്കാനും സാധ്യത കൂടുതൽ ഉള്ളതിനാൽ സ്കൂട്ടറുകൾ വാങ്ങും മുമ്പ് ഗ്രാഹ്യമുള്ള ഒരാളോട് വിശദമായി നോക്കാൻ ആവശ്യപ്പെടണം.
5. ഓഡോ മീറ്ററിന്റെ കൃത്യത:
മീറ്റർ ഡിജിറ്റലായാൽ സെൻസർ തകരാർ ആക്കിയും അനലോഗ് ആണെങ്കിൽ കേബിൾ അഴിച്ചിട്ടും കേട് വരുത്തിയും കൃത്യത നശിപ്പിക്കാൻ കഴിയും. (ഫേക്ക് കി.മീ. ആണോയെന്ന് വാഹനം കണ്ടാൽ ഏകദേശം മനസ്സിലാക്കാൻ കഴിവുള്ള വിദഗ്ധർ എല്ലായിടത്തുമുണ്ടാകും. അതു പ്രയോജനപ്പെടുത്തുക).
6. ടെസ്റ്റ് റൈഡ് എടുക്കുക:
റൈഡ് ചെയ്ത് നോക്കുക. പുറകിൽ ആളെയിരുത്തിയും അല്ലാതെയും ഓടിക്കുക. സ്റ്റെബിലിറ്റി, ഏതെങ്കിലും വശത്തേക്ക് വെട്ടൽ, അസ്വാഭാവിക ശബ്ദം ഇവ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.
7. ഫൈനുണ്ടാകുമോ?:
മോട്ടോർ വാഹനവകുപ്പ്/ പൊലീസ് ഫൈൻ ഉണ്ടോ എന്ന് Parivahan website മുഖേന പരിശോധിക്കാം. വാഹന നമ്പർ ലിങ്കിൽ പറഞ്ഞപ്രകാരം അടിച്ചു കൊടുത്താൽ മതിയാകും. എന്നാൽ വാഹനത്തിൻ്റെ നിലവിലെ ഉടമ തന്നെ പേര് മാറിത്തരുമെങ്കിൽ നമ്മൾ ടെൻഷനടിക്കേണ്ടതില്ല. സകല ഫൈനുകളും ക്ലിയർ ചെയ്താൽ മാത്രമേ നിലവിലെ നിയമപ്രകാരം പേര് മാറ്റൽ പ്രക്രിയ സാധുവാകൂ.

സ്പെയർ കീ, ടൂൾസ് തുടങ്ങിയവ ചോദിച്ചു വാങ്ങാൻ മറക്കരുത്. തീരെ പഴയ വാഹനങ്ങൾക്കൊന്നും അഡീഷനൽ താക്കോൽ കിട്ടാറില്ല. കളഞ്ഞു പോയി, മറ്റേയാൾ വിറ്റപ്പോഴും തന്നിരുന്നില്ല തുടങ്ങിയ ന്യായങ്ങളാകും നിലവിലെ ഉടമ നിരത്തുക. അത്തരം സാഹചര്യങ്ങളിൽ നമ്മൾ തന്നെ ഒരു ഡ്യൂപ്ലിക്കേറ്റ് കീ ആഫ്റ്റർ മാർക്കറ്റിൽ നിന്ന് വാങ്ങി വെയ്ക്കുകയേ നിവൃത്തിയുള്ളൂ. വാഹനം എൻജിൻ കണ്ടീഷനാണെങ്കിൽ, നമ്മൾ ഉദ്ദേശിച്ച വില ഭാഗം ഒത്തുവരുന്നതാണെങ്കിൽ തീരെ ചെറിയ സ്ക്രാച്ചുകൾ, തകരാറുകൾ തുടങ്ങിയവ പരിഗണിക്കാതെ വാങ്ങുക. കാരണം എല്ലാം തികഞ്ഞ യൂസ്ഡ് വാഹനം ഒരിക്കലും കിട്ടാൻ പോകുന്നില്ല. ഒരു പാട് മാസങ്ങൾ ചിലപ്പോൾ കാത്തിരിക്കേണ്ടിയും വരാം നമ്മൾ ഉദ്ദേശിച്ച യാതൊരു തകരാറും ഇല്ലാത്ത വാഹനം കണ്ടുകിട്ടാൻ. അപ്പോഴാകട്ടെ വില നിലവാരം നാം പ്രതീക്ഷിച്ചതിലും കൂടുതലാകാനും മതി. അങ്ങനെയൊക്കെ നോക്കിയിരുന്നാൽ യൂസ്ഡ് വാഹനം വാങ്ങുക പ്രയാസകരമായിരിക്കും.അല്ലെങ്കിൽ പിന്നെ രണ്ടും കൽപിച്ച് പുതിയ വാഹനം വാങ്ങേണ്ടി വരും എന്നത് ഓർമയിലിരിക്കട്ടെ.
OLX പോലെ നിരവധി ഓൺലൈൻ വാഹന വിപണിയും സജീവമാണ്. യാതൊരു പരിചയവും പരസ്പരം ഇല്ലെങ്കിലും വാഹനം വിൽക്കുകയോ വാങ്ങിക്കുകയോ ചെയ്യാൻ ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി കഴിയും. വിലകൾ താരതമ്യം ചെയ്യാനും നമുക്ക് യോജിച്ചവ ഷോർട്ട് ലിസ്റ്റ് ചെയ്ത് അതിൽ നിന്ന് മികച്ചത് കണ്ടെത്താനുമൊക്കെ ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപകരിക്കും. വാഹനം നേരിട്ട് കണ്ട് ബോധ്യപ്പെട്ട് പരിശോധിച്ച് രേഖകൾ ഉൾപ്പെടെ കൃത്യമാണെന്ന് ഉറപ്പാക്കാതെ വാട്സ്ആപ്പിൽ അയച്ചു കിട്ടിയ വാഹനത്തിൻ്റെ ഫോട്ടോ മാത്രം കണ്ട് പണം അയച്ചു കൊടുക്കാൻ പോവരുത്. നിരവധി തട്ടിപ്പുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ അരങ്ങേറുന്നതിനാൽ ജാഗ്രതയോടെ മാത്രമേ ഓരോ നീക്കവും നടത്താവൂ. അതേപോലെ വാങ്ങാൻ വരുന്നവൻ ഓടിച്ചു നോക്കാനെന്ന വ്യാജേന വാഹനവുമായി കടന്നുകളഞ്ഞത് സംബന്ധിച്ച് എത്ര വാർത്തകൾ ഇതിനകം റിപോർട്ട് ചെയ്തിട്ടുണ്ട് എന്നതും ഓർമയിലുണ്ടാവണം. വാഹനം വാങ്ങാനോ വിൽക്കാനോ ഓൺലൈൻ പ്ലാറ്റ്ഫോമിനെയാണ് ആശ്രയിക്കുന്നതെങ്കിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പറയാൻ വേണ്ടി മാത്രമാണ്, അല്ലാതെ ഭയപ്പെടുത്തിയതല്ല.