രാവിലെ ഉറക്കമുണർന്ന ഉടൻ ഫോൺ നോക്കാറുണ്ടോ? അറിയാം അതിന്റെ ആരോഗ്യപ്രശ്നങ്ങൾ
രാവിലെ ഉറക്കമുണർന്നയുടൻ പലരും വെള്ളം കുടിക്കുകയോ പ്രാർഥിക്കുകയോ കുറച്ചുസമയം നടക്കുകയോ ചെയ്യാറുണ്ട്. ആരോഗ്യകരമായ ശീലങ്ങളാണിവ. എന്നാൽ, ചിലർ ഉറക്കമുണർന്ന ഉടൻ തന്നെ മൊബൈൽ ഫോൺ പരിശോധിക്കുന്ന ശീലവും പിന്തുടരുന്നു. വാർത്തകളോ സന്ദേശങ്ങളോ സോഷ്യൽ മീഡിയ അപ്ഡേറ്റുകളോ നോക്കാനാണ് മിക്കവരും ഫോൺ എടുക്കുന്നത്. എന്നാൽ, ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഒരു ശീലമാണ്.
ഉറക്കമുണർന്ന ഉടൻ ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ ഫോൺ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഈ സമയത്ത് നമ്മുടെ മസ്തിഷ്കം പൂർണമായി ഉണർന്നിട്ടുണ്ടാകില്ല. ഉറക്കത്തിനും പൂർണ ഉണർവിനും ഇടയിലുള്ള ഈ അവസ്ഥയെ 'Sleep Inertia' എന്നാണ് വിളിക്കുന്നത്. ഈ ഘട്ടത്തിൽ മസ്തിഷ്കം പതുക്കെ ഉണരാൻ സമയം ആവശ്യമാണ്. എന്നാൽ, ഫോൺ തുറന്ന് ഒരേസമയം ധാരാളം വിവരങ്ങൾ സ്വീകരിക്കുമ്പോൾ മസ്തിഷ്കത്തിന് അനാവശ്യ ഉത്തേജനം ലഭിക്കും. ഇത് പതിവായാൽ ചിലരിൽ സമ്മർദബോധവും ശ്രദ്ധച്ചിതറലും വർധിക്കാൻ കാരണമാകാമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ശീലം ഒഴിവാക്കാൻ ചില ലളിതമായ മാർഗങ്ങളുണ്ട്. രാത്രി ഉറങ്ങാൻ പോകുമ്പോൾ ഫോൺ കിടക്കയ്ക്കരികിൽ വയ്ക്കാതെ മറ്റൊരു സ്ഥലത്ത് സൂക്ഷിക്കുന്നത് സഹായകരമാണ്. അലാറം ആവശ്യമായവർ പ്രത്യേക അലാറം ക്ലോക്കോ ടൈംപീസോ ഉപയോഗിക്കുന്നതും നല്ലതാണ്.

രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ ഉപയോഗിക്കുന്നതിന് പകരം 10 മുതൽ 15 മിനിറ്റ് വരെ യോഗ ചെയ്യുക, നടക്കുക, ധ്യാനിക്കുക, അല്ലെങ്കിൽ ശാന്തമായി ദിവസം ആരംഭിക്കുക തുടങ്ങിയ ശീലങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ ഗുണകരമാണ്. ഇത്തരത്തിലുള്ള ആരോഗ്യകരമായ പ്രഭാത ദിനചര്യ മാനസിക ഉന്മേഷവും ഏകാഗ്രതയും വർധിപ്പിക്കാനും ദിവസം കൂടുതൽ ഊർജസ്വലമായി ആരംഭിക്കാനും സഹായിക്കും.