ആശുപത്രിയിലെ ചൂഷണങ്ങളിൽ നിന്ന് രക്ഷ നേടാം: വഴികളിതാ

Empower yourself with these 7 essential patient rights to ensure transparency, ethical treatment, and protection against medical exploitation in hospitals

ആശുപത്രിയിലെ ചൂഷണങ്ങളിൽ നിന്ന് രക്ഷ നേടാം: വഴികളിതാ

ആശുപത്രിയിലെ ചൂഷണങ്ങൾ ഇനി വേണ്ട; രോഗികളുടെ ഈ 7 'അവകാശായുധങ്ങൾ' അറിയാം!

ഏതൊരു കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തെ തകർക്കാൻ പലപ്പോഴും ഒരു ആശുപത്രി വാസം മതിയാകും. ചികിത്സാ ചെലവിനെക്കുറിച്ചുള്ള ആശങ്കയും, ബില്ലുകൾ അടയ്ക്കാൻ പ്രയാസപ്പെടുന്ന സാഹചര്യങ്ങളും മിക്കവർക്കും ഉണ്ടാകുന്ന ദുരനുഭവമാണ്. എന്നാൽ, ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ രോഗികൾക്ക് നിയമം ഉറപ്പുനൽകുന്ന ഏഴ് പ്രധാന അവകാശങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിൽ ഇത്തരം ചൂഷണങ്ങളിൽ നിന്ന് നമുക്ക് രക്ഷനേടാം.

ഓരോ രോഗിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അവകാശങ്ങൾ ഇവയാണ്:

1. സുതാര്യമായ ബില്ലിങ്

ആശുപത്രി ബില്ലിൽ തുക മാത്രം കണ്ടാൽ പോരാ. ഉപയോഗിച്ച ഓരോ മരുന്നിന്റെയും, ഓരോ പ്രൊസീജ്യറിന്റെയും, കൺസ്യൂമബിൾസ്  ഉൾപ്പെടെയുള്ളവയുടെ വിശദമായ കണക്ക് ലഭിക്കാൻ രോഗിക്ക് അവകാശമുണ്ട്. 'ലംസം' ബില്ലുകൾ നൽകുന്നത് നിയമവിരുദ്ധമാണ്. ഇൻഷുറൻസ് ഉള്ളവർക്ക് കവറേജിൽ ഉൾപ്പെടാത്തവ ഏതെന്ന് വ്യക്തമാക്കുന്ന പ്രത്യേക റിപ്പോർട്ടും ലഭിക്കണം.

2. ചികിത്സാ ചെലവ് മുൻകൂട്ടി അറിയുക

ചികിത്സ തുടങ്ങുന്നതിന് മുൻപ് തന്നെ ഏകദേശ ചെലവ് (Treatment Estimate) അറിയാനുള്ള പൂർണ്ണമായ അവകാശം രോഗിക്കോ കൂട്ടിരിപ്പുകാർക്കോ ഉണ്ട്. ഡിസ്ചാർജ് ചെയ്യുമ്പോൾ ഭീമമായ ബിൽ കണ്ട് അമ്പരക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. അടിയന്തര സാഹചര്യങ്ങളിൽ പോലും ഇതേക്കുറിച്ച് ബന്ധുക്കളെ ബോധ്യപ്പെടുത്തേണ്ടത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണ്.

3. മൃതദേഹമോ രോഗിയെയോ തടഞ്ഞുവെക്കാൻ പാടില്ല

ബില്ല് അടയ്ക്കാൻ വൈകി എന്ന കാരണത്താൽ ഡിസ്ചാർജ് ചെയ്ത രോഗിയെയോ, മരണപ്പെട്ട വ്യക്തിയുടെ മൃതദേഹമോ തടഞ്ഞുവെക്കാൻ ഒരു ആശുപത്രികൾക്കും അധികാരമില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. ബിൽ തുക ലഭിക്കാൻ ആശുപത്രികൾക്ക് നിയമപരമായ മറ്റ് മാർഗങ്ങൾ സ്വീകരിക്കാമെങ്കിലും, രോഗിയെ തടഞ്ഞുവെക്കുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകൾക്ക് വിരുദ്ധമാണ്.

4. എംആർപി നിരക്കിൽ കൂടുതൽ നൽകരുത്

മരുന്നുകൾക്കും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഇംപ്ലാന്റുകൾക്കും എംആർപി നിരക്കിൽ കൂടുതൽ തുക ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം അനുഭവമുണ്ടായാൽ കൃത്യമായ രേഖകളും ഫോട്ടോകളും സഹിതം ലീഗൽ മെട്രോളജി വകുപ്പിൽ പരാതി നൽകാം.

5. മെഡിക്കൽ രേഖകൾ അവകാശമാണ്

രോഗിയുടെ മെഡിക്കൽ റെക്കോർഡുകൾ ആശുപത്രിക്ക് തടഞ്ഞുവെക്കാൻ അവകാശമില്ല. ഡിസ്ചാർജ് സമ്മറി, ലാബ് റിപ്പോർട്ടുകൾ, ഡോക്ടറുടെ കുറിപ്പടി, ഓപ്പറേഷൻ നോട്ട്‌സ് എന്നിവ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ ആശുപത്രി അധികൃതർ കൈമാറണം. ഇത് രണ്ടാമതൊരു അഭിപ്രായം തേടാനോ (Second Opinion) ഇൻഷുറൻസ് ക്ലെയിമിനോ അത്യന്താപേക്ഷിതമാണ്.

6. സ്വകാര്യതയും മാന്യതയും ഉറപ്പാക്കണം

ചികിത്സ വേളയിൽ രോഗിയുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കപ്പെടണം. രോഗിയുടെ രോഗവിവരങ്ങളോ മെഡിക്കൽ രേഖകളോ അവരുടെ സമ്മതമില്ലാതെ മറ്റൊരാൾക്കോ മൂന്നാം കക്ഷിക്കോ നൽകാൻ ആശുപത്രികൾക്ക് അനുവാദമില്ല.

7. ചികിത്സയ്ക്കും സമ്മതം അനിവാര്യം

ഏതൊരു ശസ്ത്രക്രിയയ്ക്കും അല്ലെങ്കിൽ പ്രധാനപ്പെട്ട ചികിത്സാ നടപടിക്രമങ്ങൾക്കും മുൻപ് രോഗിയുടെയോ കൂട്ടിരിപ്പുകാരുടെയോ അറിവോടെയുള്ള സമ്മതം (Informed Consent) വാങ്ങണം. ചികിത്സയുടെ അപകടസാധ്യതകളെക്കുറിച്ച് ഡോക്ടർമാർ കൃത്യമായി വിവരിക്കാൻ ബാധ്യസ്ഥരാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്: ആരോഗ്യപരമായ അവകാശങ്ങളെക്കുറിച്ചുള്ള വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, ആശുപത്രികളിലെ ഗ്രീവൻസ് റിഡ്രസൽ സെല്ലുകൾ വഴിയോ, ഔദ്യോഗിക പരാതി പരിഹാര സംവിധാനങ്ങൾ വഴിയോ പ്രതികരിക്കാൻ മടിക്കരുത്.