നിയമന വിവാദം: അപൂർവ്വമായി ചില പിഴവുകൾ ഉണ്ടായേക്കാം, തിരുത്താൻ തയ്യാറെന്ന് പിഎസ്സി
Kerala PSC issues clarification on recruitment controversy, stating that rare errors will be rectified and upholding its transparency
തിരുവനന്തപുരം: നിയമന വിവാദത്തിൽ വിശദീകരണവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ. ആയിരക്കണക്കിന് തസ്തികകളിലേക്ക് നിയമന പ്രക്രിയകൾ നടക്കുമ്പോൾ അത്യപൂർവമായി ചില പിഴവുകൾ ഉണ്ടായേക്കാം. എന്നാൽ വീഴ്ചകൾ കണ്ടെത്തിയാൽ അവ തിരുത്താൻ കമ്മീഷൻ എപ്പോഴും തയാറാണെന്നും പിഎസ്സി സെക്രട്ടറി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.പിഎസ്സി ചെയർമാനെതിരെ ഉയർന്ന വിമർശനങ്ങളും കമ്മീഷൻ തള്ളി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണ്. പിഎസ്സിയുടെ മഹത്തായ പാരമ്പര്യത്തിനും വിശ്വസ്തതയ്ക്കും നേരിയ പോറൽ പോലും ഏൽക്കാതിരിക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്.
ഇത്തരം ചെറിയ പിഴവുകളെ പർവതീകരിച്ച് കാണിക്കുന്ന രീതിയിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും സെക്രട്ടറി അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ രഹസ്യാത്മകത സൂക്ഷിക്കേണ്ടതിനാൽ എല്ലാ ആരോപണങ്ങൾക്കും പരസ്യമായി മറുപടി നൽകുന്നതിൽ കമ്മീഷന് പരിമിതികളുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു