ചോറിനു വെച്ച അരി പായസമാവും! ഓണം സ്പെഷൽ റേഷനരി കുക്കറിലിട്ടാൽ 'പണി' പാളും

Onam Ration: Warning for Kerala Cardholders; Ration Rice Cooking Instruction

ചോറിനു വെച്ച അരി പായസമാവും! ഓണം സ്പെഷൽ റേഷനരി കുക്കറിലിട്ടാൽ 'പണി' പാളും

തിരുവനന്തപുരം ∙ ഓണത്തോടനുബന്ധിച്ച് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സ്പെഷൽ അരി അടുക്കളയിൽ കുക്കറിലിട്ട് വേവിക്കാൻ നിൽക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഒറ്റപ്പുഴുക്ക് (സിംഗിൾ ബോയിൽഡ്) ഇനത്തിൽപ്പെട്ട ഈ അരി വളരെ പെട്ടെന്ന് വേവുന്നതായതിനാലാണിത്. പ്രഷർ കുക്കറിൽ വെച്ചാൽ ചോറിനു പകരം വെന്തു കുഴഞ്ഞ് പേസ്റ്റോ പായസമോ ആയി മാറുമെന്നാണ് മുന്നറിയിപ്പ്.

റേഷൻ വ്യാപാരികൾ വഴി കാർഡ് ഉടമകളിലേക്ക് ഈ നിർദ്ദേശം എത്തിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നീല, വെള്ള കാർഡുകാർക്ക് കിലോയ്ക്ക് 26 രൂപ നിരക്കിൽ 10 കിലോ വരെയും, പിങ്ക് കാർഡുകാർക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 3 കിലോ അധിക അരിയുമണ് ലഭിക്കുന്നത്. സാധാരണ നൽകുന്ന സമ്പുഷ്ടീകരിച്ച അരിയിൽ നിന്നും വ്യത്യസ്തമായാണ് ഈ ഓണം സ്പെഷൽ അരി എത്തിയിരിക്കുന്നത്.

ഓണം സ്പെഷൽ അരി കുഴയാതെ വേവിക്കാൻ 5 ടിപ്‌സ് 

  1. തുറന്ന പാത്രത്തിൽ വേവിക്കുക: പ്രഷർ കുക്കർ പൂർണ്ണമായും ഒഴിവാക്കി തുറന്ന വലിയ പാത്രത്തിൽ ധാരാളം വെള്ളമൊഴിച്ച് വേവിക്കുക.

  2. നാരങ്ങാനീര് ഒഴിക്കാം: അരി തിളച്ചുതുടങ്ങുമ്പോൾ നാലോ അഞ്ചോ തുള്ളി നാരങ്ങാനീര് ചേർത്താൽ ചോറ് ഒട്ടാതെയും കുഴഞ്ഞുപോകാതെയും പൂവ് പോലെ വേറിട്ടുനിൽക്കും.

  3. അല്പം വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്: തിളയ്ക്കുന്ന വെള്ളത്തിൽ അര സ്പൂൺ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ചാൽ ചോറിന് നല്ല മണവും മിനുസവും ലഭിക്കും, അരി തരിതരിയായി നിൽക്കുകയും ചെയ്യും.

  4. തീ കുറച്ചു വെക്കുക: അരി തിളച്ചു കഴിഞ്ഞാൽ തീ ഇടത്തരം (Medium) അളവിലേക്ക് കുറയ്ക്കുക. കടുത്ത തീയിൽ ഇട്ട് തിളപ്പിച്ചാൽ അരി പെട്ടെന്ന് ഉടഞ്ഞുപോകും.

  5. പാകം നോക്കി വാർത്തെടുക്കുക: അരി മുക്കാൽ വേവാകുമ്പോൾ തന്നെ വാർത്തെടുക്കാൻ ശ്രദ്ധിക്കുക. വാർത്തതിനു ശേഷം കുറച്ചു സമയം അടച്ചുവെച്ചാൽ ആവിയിൽ കിടന്ന് കൃത്യ പാകത്തിലാകും.